പെരുമഴ തുടരുന്നു; അഞ്ച് മരണം
text_fieldsകനത്ത മഴയിൽ വെള്ളം കയറിയ കോഴിക്കോട്-പറയഞ്ചേരി റോഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തനാശം വിതച്ചും ജീവനെടുത്തും പെരുമഴ തുടരുന്നു. വിവിധ അപകടങ്ങളിൽ അഞ്ചുപേർ മരിച്ചു. കൊല്ലം പട്ടാഴിയിൽ മരച്ചില്ല ഒടിഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു. പട്ടാഴി മയിലാടുംപാറ പാറമൂട്ടിൽ ബൈജു വർഗീസാണ് (51) മരിച്ചത്.
കാറ്റിൽ വീടിന് മുറ്റത്തെ ഒടിഞ്ഞുതൂങ്ങിയ മരം മുറിച്ചുമാറ്റുന്നതിനിടെ, മരക്കൊമ്പ് ദേഹത്ത് വീഴുകയായിരുന്നു. ആലപ്പുഴ ബീച്ചിൽ ശക്തമായ കാറ്റിൽ താൽക്കാലിക കട തകർന്ന് പെൺകുട്ടി മരിച്ചു. പള്ളാതുരുത്തി സ്വദേശി നിത്യ (18) യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ആദർശിന് (24) സാരമായി പരിക്കേറ്റു.
കാറ്റും മഴയുമുണ്ടായപ്പോൾ മഴകൊള്ളാതിരിക്കാൻ കടയുടെ അരികിൽ നിന്നതായിരുന്നു. കൊല്ലം തങ്കശ്ശേരിയിൽ കടലിൽ കുളിക്കുന്നതിനിടെ, കാണാതായ മുദാകര സ്വദേശി ലാഗേഷിന്റെ മൃതദേഹം കണ്ടെത്തി.
എറണാകുളത്ത് കൂത്താട്ടുകുളം പാലക്കുഴയിൽ പൊട്ടിവീണ വൈദ്യുതി കമ്പി മാറ്റാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് വയോധികനും മൂവാറ്റുപുഴയിൽ ഒഴുക്കിൽപെട്ട് യുവാവും മരിച്ചു.
നടപ്പുവഴിയിൽ പൊട്ടി വീണ വൈദ്യുതി കമ്പി മാറ്റിവെക്കാൻ ശ്രമിക്കുന്നതിനിടെ പാലക്കുഴ കിഴക്കേക്കര വീട്ടിൽ വെള്ളാനി (80) ആണ് മരിച്ചത്. വീടിന് മുന്നിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്നാണ് ഷോക്കേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൂവാറ്റുപുഴയിൽ പുഴയോരത്തെ പറമ്പിൽ കെട്ടിയിരുന്ന പശുവിനെ അഴിക്കാൻ പോയ പെരുമ്പല്ലൂർ കുറ്റിയറ ജോബിൻ ജോസഫ് (38) ആണ് ഒഴുക്കിൽപെട്ട് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ മൂവാറ്റുപുഴയാറ്റിൽ ഒഴുക്കിൽപ്പെട്ട പെരുമ്പല്ലൂർ കുറ്റിയറ ജോബിൻ ജോസഫിന്റെ (38) മൃതദേഹം തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ പിറവത്തിനടുത്ത പാഴൂരിൽ മണപുറത്താണ് അടിഞ്ഞത്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്തിറങ്ങിയ അതിതീവ്രമഴയുടെ ആഘാതത്തിൽ ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കാസർകോട്ജില്ലകൾ ഓറഞ്ച് അലർട്ടിലും മറ്റ് ജില്ലകൾ യെല്ലോ അലർട്ടിലുമാണ്.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, പത്തനംതിട്ടയിലെ മണിമല, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. ഈ നദികളുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും നദികളിൽ ഇറങ്ങാനോ നദി മുറിച്ചുകടക്കാനോ പാടില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
തകർന്നത് 897 വീടുകൾ; തീരപ്രദേശത്ത് റെഡ് അലർട്ട്
കഴിഞ്ഞ 72 മണിക്കൂറിലെ ശക്തമായ മഴയിൽ 29 വീടുകൾ പൂർണമായും 868 വീടുകൾ ഭാഗികമായും തകർന്നതായി റവന്യൂ വകുപ്പ് അറിയിച്ചു. പല ഭാഗങ്ങളിലും അധികൃതർക്ക് എത്തിപ്പെടാൻ കഴിയാത്തതിനാൽ നാശനഷ്ടങ്ങളുടെ എണ്ണം വരും ദിവസങ്ങളിൽ ഉയരും.
കടലാക്രമണത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതിനാൽ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാറാത്തവാഡക്കു മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്നുണ്ട്. ഇന്ന് വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനുള്ള വിലക്ക് തുടരുകയാണ്.
ദുരിതം, നഷ്ടം
മലപ്പുറം ജില്ലയിൽ തിങ്കളാഴ്ച പെയ്ത കനത്ത മഴയിൽ വിവിധ ഇടങ്ങളിൽ നാശനഷ്ടമുണ്ടായി. പൊന്നാനി ബിയ്യം പുഴമ്പ്രത്ത് വീടിന് മുകളിൽ മരം വീണ് വീടിന് കേടുപാട് സംഭവിച്ചു. ഏറനാട് താലൂക്കിലെ നിരവധി വില്ലേജുകളിൽ മരം വീണ് വീടുകൾ ഭാഗികമായി തകർന്നു.
കാസർകോട് ഇന്നലെ പരക്കെ ശക്തമായ മഴ ലഭിച്ചു. നദികളിൽ ജലനിരപ്പ് ഉയർന്നു. ചിലയിടങ്ങളിലുണ്ടായ ശക്തമായ കാറ്റിൽ കൃഷി നശിച്ചു.
കണ്ണൂരിൽ ശക്തമായ കാറ്റിലും മഴയിലും 81 വീടുകൾ ഭാഗികമായി തകർന്നു. ആകെ തകർന്ന വീടുകൾ 144 ആയി. ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. മലയോരത്ത് വൈദ്യുതി നിലച്ചു. കുപ്പം ദേശീയപാതയിൽ ഇന്നലെയും മണ്ണിടിച്ചിലുണ്ടായി. എളയാവൂർ മുണ്ടയാട്ട് വീശിയടിച്ച കാറ്റിൽ പത്തിലധികം വീടുകൾ തകർന്നു.
എടക്കാടിനും കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനും ഇടയിൽ മരം പാളത്തിലേക്ക് വീണു. തിങ്കളാഴ്ച രാവിലെ കാസർകോട് ഭാഗത്തേക്കുള്ള മലബാർ എക്സ്പ്രസ് കടന്നുപോയ ഉടനെയായിരുന്നു സംഭവം. ഒരു മണിക്കൂറിനകം ഗതാഗതം പുനഃസ്ഥാപിച്ചു.
കനത്ത മഴയിൽ പാലക്കാട് ജില്ലയിൽ 27 വീടുകള്‍ക്കു കൂടി നാശനഷ്ടം. 24 വീടുകള്‍ ഭാഗികമായും മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വയനാട്ടിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

