കനത്ത മഴയിൽ സംസ്ഥാനത്ത് നാല് മരണം
text_fieldsമിർഷാദ്, അഭിലാഷ്, ഷോൺ ആറോൺ ക്രാസ്റ്റ, ബാബു
സംസ്ഥാനത്ത് ശനിയാഴ്ച പെയ്ത കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. നാലു പേർ മരിച്ചു. വടക്കൻ കേരളത്തിലാണ് മഴ തിമിർത്തു പെയ്തത്. കോഴിക്കോട് രണ്ടും കാസർകോടും വയനാട്ടിലും ഒരാൾ വീതവുമാണ് മരിച്ചത്.
കോഴിക്കോട് ചെറുവണ്ണൂർ കൊളത്തറ അറക്കൽ പാടം അമ്മോത്ത് വീട്ടിൽ മുസാഫിറിന്റെ മകൻ മുഹമ്മദ് മിർഷാദ് (13) കുളത്തിൽ വീണ് മരിച്ചു. മദ്റസയിൽനിന്ന് വീട്ടിലേക്ക് പോകുമ്പോൾ സൈക്കിൾ നിയന്ത്രണം വിട്ട് വലിയ പറമ്പ് കുളത്തിൽ വീഴുകയായിരുന്നു. എടച്ചേരി ആലിശ്ശേരി അമ്പലക്കുളത്തിൽ വീണ് മീത്തലെ മാമ്പയിൽ അഭിലാഷ് (40) മരിച്ചു. പായലും ചളിയും നിറഞ്ഞ കുളത്തിൽ രാവിലെ 10 മണിയോടെ കാണാതാവുകയായിരുന്നു. മലയോര മേഖലയിൽ കനത്ത മഴ തുടരുന്ന കാസർകോട് ജില്ലയിൽ മഞ്ചേശ്വരത്ത് ശക്തമായ കാറ്റിൽ തെങ്ങ് വീണ് വിദ്യാർഥി മരിച്ചു. 'ഡൈജിവേൾഡ്' കന്നട ഓൺലൈൻ റിപ്പോർട്ടർ ചേവാർ കൊന്തളക്കാട്ടെ സ്റ്റീഫൻ ക്രാസ്റ്റയുടെ മകൻ ഷോൺ ആറോൺ ക്രാസ്റ്റ(13)യാണ് മരിച്ചത്. ശനിയാഴ്ച ഉച്ച രണ്ടു മണിയോടെ വീട്ടുപറമ്പിലാണ് അപകടം.
വയനാട്ടിൽ കാലവർഷം ശക്തമായി തുടരുന്നതിനിടെ അമ്പലവയൽ പഞ്ചായത്തിലെ തോമാട്ടുചാൽ നെടുമുള്ളിയില്‍ വീടിന്റെ സംരക്ഷണഭിത്തി നിർമാണത്തിനിടെ മണ്‍തിട്ടയിടിഞ്ഞ് തൊഴിലാളി മരിച്ചു. സുൽത്താൻ ബത്തേരി കോളിയാടി നായ്ക്കംപാടി കോളനിയിലെ ബാബു (37) ആണ് മരിച്ചത്. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.
മഴയിൽ നിരവധി വീടുകൾ തകർന്നു. കൃഷിയിടങ്ങളിലും കനത്ത നാശം സംഭവിച്ചു. മലയോര മേഖലകളിൽ പലയിടത്തും ചുരമിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു. പുഴകൾ കരകവിഞ്ഞൊഴുകി. ഡാമുകളിലും ജലനിരപ്പ് ഉയർന്നു.
കോഴിക്കോട് ജില്ലയിൽ കാലവർഷത്തിലെ ഏറ്റവും കനത്ത മഴയാണ് ശനിയാഴ്ച പെയ്തത്. കക്കയം ഡാമിൽനിന്ന് വെള്ളം ഒഴുക്കിവിടുന്നത് തുടരുകയാണ്. കനത്ത മഴയെത്തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ വിമാനം തിരിച്ചുവിട്ടു. ജിദ്ദയിൽനിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കൊച്ചി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്.
വയനാട് ജില്ലയിൽ അണക്കെട്ടുകളുടെ ജലനിരപ്പ് വർധിച്ചു. ജില്ലയില്‍ ഇതുവരെ അഞ്ച് വീടുകള്‍ പൂര്‍ണമായും 107 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആകെ 190.03 ഹെക്ടര്‍ കൃഷി നാശം സംഭവിച്ചതായാണ് കണക്ക്. 16ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി 218 കുടുംബങ്ങളിലെ 890 പേരാണ് കഴിയുന്നത്. കാലവർഷക്കെടുതിയിൽ കണ്ണൂർ ജില്ലയിൽ വ്യാപക നാശം. ശനിയാഴ്ച 18 വീടുകൾകൂടി ഭാഗികമായി തകർന്നു. മലയോരത്ത് വെള്ളക്കെട്ടിൽ മിക്ക കൃഷിയിടങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
പാലക്കാട് ജില്ലയില്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നതിനാൽ അട്ടപ്പാടി ചുരം വഴി ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി ജില്ല കലക്ടര്‍ അറിയിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 59.954 ശതമാനമായി ഉയർന്നു. ജൂലൈ ഒന്ന് മുതൽ ശനിയാഴ്ചവരെ മാത്രം 25.06 അടി ജലം ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

