കണിച്ചാർ പഞ്ചായത്തിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടൽ
text_fieldsകേളകം: കണിച്ചാർ പഞ്ചായത്തിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടൽ. കൃഷിയിടങ്ങൾ നശിച്ചു. മൂന്നാഴ്ച മുമ്പ് ഉരുൾപൊട്ടൽ പരമ്പരകളുണ്ടായ ഏലപ്പീടികക്ക് സമീപം 29ാം മൈൽ വനത്തിലും വെള്ളറ, സെമിനാരിവില്ല എന്നിവിടങ്ങളിലുമുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് താഴ്വാരങ്ങൾ വെള്ളത്തിലായി. നിടുംപൊയിൽ -മാനന്തവാടി ചുരം റോഡില്‍ മലവെള്ളപ്പാച്ചിലിനെ തുടർന്ന് മണിക്കൂറുകൾ ഗതാഗതതടസ്സമുണ്ടായി.
29ാം മൈലിലെ പ്രദീഷ് കുരുവിളാനിക്കൽ എന്നയാളുടെ സ്ഥലത്താണ് ഉരുൾ പൊട്ടലുണ്ടായത്. തുടർന്ന് നെടുംപുറംചാൽ പ്രദേശങ്ങളിലെ തോടുകളും പുഴകളും കവിഞ്ഞ് വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. മലവെള്ളപ്പാച്ചിലിൽ പ്രദേശത്തെ കൃഷിയിടങ്ങൾ നശിച്ചിട്ടുണ്ട്. 29ാം മൈൽ ഏലപ്പീടിക റോഡിൽ ഉരുൾപൊട്ടലിന് പിന്നാലെയുണ്ടായ മലവെള്ളപ്പാച്ചിലിൽ ഗതാഗത തടസ്സമുണ്ടായെങ്കിലും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
കാഞ്ഞിരപ്പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്നത് പുഴയോരത്തുള്ളവരിൽ ഭീതിപടർത്തി. നിടുംപൊയിൽ -മാനന്തവാടി ചുരം റോഡിൽ ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉരുൾപൊട്ടി പൂളക്കുറ്റി, വെള്ളറ ഭാഗത്തുനിന്ന് താഴ്വാരത്തേക്ക് മലവെള്ളം കയറി നിരവധി വീടുകൾ ചളിക്കളമായി. വെള്ളറ ഭാഗത്ത് കുടുങ്ങിയവരെ ഫയർഫോഴ്സ് സംഘം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. നിടുംപൊയിൽ ചുരത്തില്‍ ശനിയാഴ്ചയും മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഉണ്ടായിരുന്നു. ഈമാസം മൂന്നാം തവണയാണ് മേഖലയിൽ ഉരുൾപൊട്ടലുണ്ടാകുന്നത്. ആഗസ്റ്റ് ആദ്യമുണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിക്കുകയും നിരവധി വീടുകൾ തകരുകയും കോടികളുടെ കൃഷിനാശവുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

