You are here

പത്തനംതിട്ട ജില്ലയിൽ നൂറിലേറെ കുടുംബങ്ങൾ ഒറ്റപ്പെട്ടു; രക്ഷാപ്രവർത്തനത്തിന് സൈന്യവും

  • ഒറ്റപ്പെട്ട് കഴിയുന്നവർ നേവിയുടെ സഹായത്തിനായി വിളിക്കേണ്ട നമ്പര്‍: 8281292702

22:11 PM
15/08/2018

പത്തനംതിട്ട: മഴക്കെടുതിയിൽ പത്തനംതിട്ട ജില്ലയിൽ സ്ഥിതി അതീവ ഗുരുതരം. വീടുകളിൽ വെള്ളം കയറിയതിനാൽ 100 ലേറെ കുടുംബങ്ങൾ  വിവിധ സ്ഥലങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. സഹായം അഭ്യർഥിച്ചുള്ള അറിയിപ്പുകൾ സോഷ്യൽ മീഡിയകളിൽ വൻതോതിലാണ് എത്തുന്നത്. ഹെലികോപ്ടർ ഉപയോഗിച്ച് പരമാവധി ആളുകളെ രക്ഷപെടുത്താൻ ശ്രമം നടക്കുന്നുണ്ടെങ്കിലും എല്ലായിടത്തും രക്ഷാപ്രവർത്തകർ എത്തിയിട്ടില്ല. പമ്പ അച്ചൻകോവിൽ നദികളുടെ തീരത്തുള്ളവരാണ് ദുരിതത്തിൽ പെട്ടിരിക്കുന്നത്. ജില്ലയിലെ പ്രധാനപ്പെട്ട നാലു ഡാമുകൾ തുറന്നതിനാൽ പമ്പയിൽ ആറു മീറ്ററിലേറെയാണ് ജലനിരപ്പുയർന്നത്. ഇതാണ് സ്ഥിതി ആകെ ഗുരുതരമാക്കിയത്. കോന്നി ചിറ്റാർ എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുമുണ്ടായി. രണ്ടു പേ​െര കാണാതായി ഇതിൽ ഒരാളുടെ മൃതദേഹo കണ്ടെത്തി .

റാന്നിയിൽ ഒറ്റപ്പെട്ടവരെ രക്ഷപെടുത്തുന്നതിന് വ്യോമസേന നടപടി തുടങ്ങി. രാത്രിയായതിനാൽ താഴെ സഹായം കാത്ത് നിൽക്കുന്നവരെ കണ്ടെത്താൻ സേനക്ക് സാധിക്കില്ല. അതിനാൽ വീടിന്‍റെ ടെറസിന് മുകളിൽ കയറി ചെറിയ ടോർച്ച് തെളിയിച്ച് നിൽക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. 

കോഴിപ്പാലത്തുള്ള വനിത ഹോസ്റ്റലിൽ കുടുങ്ങിയ 40തോളം വരുന്ന ആറൻമുള എൻജിനീയറിങ് കോളജ് വിദ്യാർഥിനികളെ ഹെലികോപ്റ്റർ മാർഗം രക്ഷപ്പെടുത്തി. ഇവരെ തിരുവനന്തപുരത്ത് എത്തിച്ചു. റാന്നി ഇട്ടിയപ്പാറ സെന്‍റെ തോമസ് സ്കൂൾ പരിസരത്തു സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ സുരക്ഷിത സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്കൂൾ തുറന്നു കൊടുക്കാൻ മാനേജ്മെന്‍റിനോട് നിർദ്ദേശിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.  

ആറന്മുള എഴിക്കാട് കോളനി വെള്ളത്തിനടിയിലാണ്. 275 വീടുകളിൽ നിന്നായി ആയിരത്തോളം പേരെ മാറ്റിപാർപ്പിച്ചു. ചിറ്റാർ വലിയ കുളങ്ങരവാലി ഉരുൾ പൊട്ടലിൽ രണ്ട് പേരെ കാണാതായി. മണ്ണിൽ രമണി (55), ഭർത്താവ് രാജൻ (58) എന്നിവരെയാണ് കാണാതായത്. 

പത്തനംതിട്ട ജില്ലാ ഇടയൻമുളക്കും മലക്കരക്കും ഇടക്ക് പഴയപോസ്റ്റ് ജംങ്ഷനിൽ തോമസ് മാത്യു അടക്കം ആറു പേർ കുടുങ്ങി കിടക്കുന്നു. വീടിന്‍റെ തട്ടിനു മുകളിൽ ഇരിക്കുന്നവർക്ക് ഇതുവരെ ആരുടെയും സഹായം എത്തിയിട്ടില്ലെന്നാണ് വിവരം. രോഗികളായ മാതാപിതാക്കളും കുഞ്ഞുങ്ങളും ആണുള്ളത്. ഫോൺനമ്പർ 9495436971. സീതത്തോട് മുണ്ടൻപാറയിൽ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായവരിൽ ഒരാളെ രക്ഷപ്പെടുത്തി. മൂന്നു പേരു കൂടി മണ്ണിനടിയിൽ ഉണ്ടെന്ന് സംശയം. 

ആറൻമുളയിൽ ദേവസ്വം ബോർഡ് ചെയർമാന്‍റെ വീടിനു സമീപം അശ്വതി എസ്റ്റേറ്റ് എന്ന വീടിന്‍റെ മുകളിലെ നിലയിൽ ഒരു കുടുംബം കുടുങ്ങിയിട്ടുണ്ട്. മുകളിലെ നിലയിലേക്ക് വെള്ളം കയറുന്നുണ്ട്. കുടുങ്ങിപ്പോയ ഒരാളുടെ ഫോൺ 9072950016. കീകൊഴുർ ചക്കപ്പാലം ജംങ്നിൽ കുടുംബങ്ങളിലെ ആളുകൾ ഒറ്റപ്പെട്ടു കഴിയുന്നു. ആറന്മുള കോഴിപ്പാലം സമീപം തുരുപടികയിൽ കുട്ടികളടക്കം നിരവധി  പേർ കുടുങ്ങി കിടക്കുന്നു. ഫോൺ: 9048167699 -പുഷ്പ. 

കിടങ്ങന്നൂർ എഴിക്കാട് കോളനിയിലെ 400ഓളം കുടുബങ്ങളെ വല്ലന എസ്.എൻ.ഡി.പി എച്ച്.എസ്.എസ്,  പി.കെ.ആർ.എം എച്ച്.എസ്.എസ്, സെന്‍റ് മേരീസ് സ്കൂൾ, മണപ്പള്ളി എന്നിവിടങ്ങളിലേക്ക് മാറ്റി. മൂന്നുകല്ല് സെന്‍റ് തോമസ് എൽ.പി. സ്കൂൾ എന്നിവിടങ്ങളിൽ എത്തിച്ചിട്ടുണ്ട്. 

കോഴഞ്ചേരിയിൽ 38 സ്ഥലങ്ങളിൽ ആളുകൾ ഒറ്റപ്പെട്ടു കിടക്കുന്നു. ഇവിടെ രക്ഷാപ്രവത്തകർ എത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. അഗ്നിശമന സേനയുടെ രണ്ട് ബോട്ടുകൾ ചെറുകോലിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. രാത്രി രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സംവിധാനങ്ങൾ അടിയന്തരമായി ശേഖരിക്കാൻ വില്ലേജ് ഓഫീവർമാർക്ക് ജില്ലാ കലക്ടർ നിർദേശം നൽകി. 

ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തില്‍ സഹായം ആവശ്യമുള്ളവര്‍ കണ്‍ട്രോള്‍ റുമുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന് ഒരു മണിക്കൂറിനുള്ളില്‍ വന്‍ സന്നാഹം: ജില്ലാ കളക്ടര്‍
പ്രളയക്കെടുതിയില്‍ കുടുങ്ങിയിട്ടുള്ളവരെ രക്ഷപ്പെടുത്തുന്നതിന് ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള വന്‍ സന്നാഹം ഒരു മണിക്കൂറിനുള്ളില്‍ ജില്ലയില്‍ എത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ഇപ്പോള്‍ നാടന്‍ ബോട്ടുകള്‍ ഉള്‍പ്പെടെ 28 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുള്ളത്. പുതുതായി 23 ബോട്ടുകള്‍ കൂടി ജില്ലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തോമസ് ചാണ്ടി എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബോട്ടുകള്‍, പൊലീസിന്‍റെ ആറ് ബോട്ടുകള്‍, കോസ്റ്റ് ഗാര്‍ഡിന്‍റെ രണ്ട് ബോട്ടുകള്‍, നേവിയുടെ രണ്ട് ബോട്ടുകള്‍, കൊല്ലത്തു നിന്ന് രണ്ട് ബോട്ടുകള്‍, എന്‍.ഡി.ആർ.എഫിന്‍റെ ആറ് ബോട്ടുകള്‍, ഫയര്‍ഫോഴ്‌സിന്‍റെ ഒരു ബോട്ട്, എറണാകുളത്ത് നിന്ന് രണ്ട് ബോട്ട് എന്നിവയാണ് ഉടന്‍ എത്തുന്നത്. 

ഇതിനു പുറമേ ആര്‍മിയുടെ 69 സൈനികര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു വരുന്നു. നൂറനാട് ഐ.ടി.ബി.പിയില്‍ നിന്നും 37 സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ആസ്ഥാനത്തു നിന്നും റാന്നിയിലേക്ക് പുറപ്പെട്ടു. രണ്ട് ഹെലികോപ്ടറുകളാണ് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്. നദികളുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞതിനാല്‍ നീരൊഴുക്കില്‍ അല്‍പ്പം കുറവുണ്ടായിട്ടുണ്ട്. വീടുകളുടെ മുകളില്‍ കഴിയുന്നവര്‍ വെള്ളത്തില്‍ ഇറങ്ങരുത്. 23 ബോട്ടുകള്‍ കൂടി എത്തുന്നതോടെ എല്ലാവരെയും സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നതിനുള്ള തീവ്രശ്രമങ്ങളാണ് നടന്നുവരുന്നത്. ആര്‍മിയുടെയും നേവിയുടെയും ഫയര്‍ഫോഴ്‌സിന്‍റെയും ഐ.ടി.ബി.പിയുടെയും സേനാംഗങ്ങള്‍ ഇതിനായി വിവിധ സ്ഥലങ്ങളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഒറ്റപ്പെട്ടു കഴിയുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിൽ ഒറ്റപ്പെട്ട് കഴിയുന്നവർ നേവിയുടെ സഹായത്തിനായി വിളിക്കേണ്ട നമ്പര്‍: 8281292702. മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: 0468-2222515, 2322515 (Collectorate, Pathanamthitta), 8078808915, 8547610039 (Dy.Collector), 0468-2222505 (CA to District Collector) എന്നീ നമ്പരുകളിലും താലൂക്ക് ഓഫീസുകളിലെ നമ്പരുകളായ 0468-2222221, 9447712221 (കോഴഞ്ചേരി), 04734-224826, 9447034826 (അടൂര്‍), 0468-2240087, 8547618430 (കോന്നി), 0469-2682293, 9447014293 (മല്ലപ്പള്ളി), 04735-227442, 9447049214 (റാന്നി), 0469-2601303, 9447059203 (തിരുവല്ല) ബന്ധപ്പെടാം. 

Loading...
COMMENTS