സംസ്ഥാനത്ത് നാശംവിതച്ച് കനത്ത മഴയും മിന്നല്‍ ചുഴലിയും; വീടുകൾ നിലംപൊത്തി, വൈദ്യുതി തൂണുകൾ തകർന്നു
text_fieldsതിരുവനന്തപുരം: കനത്ത മഴയിലും ശക്തമായ കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പാലക്കാട്, കണ്ണൂർ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തത്.
കണ്ണൂർ പേരാവൂരിൽ ചുഴലിക്കാറ്റിൽ വീടിന് മുകളിൽ മരം വീണ് വയോധികൻ മരിച്ചു. കോളയാട് പെരുവ തെറ്റുമ്മലിലെ എനിയാടൻ ചന്ദ്രൻ (78) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയുണ്ടായ കനത്ത ചുഴലിക്കാറ്റിലാണ് അപകടം. ശക്തമായ കാറ്റിൽ മരം വീടിന് മുകളിൽ പതിക്കുകയായിരുന്നു.
നെന്മാറ, മണ്ണാർകാട്, ഒറ്റപ്പാലം ഭാഗങ്ങളിൽ രാവിലെയും കനത്ത മഴ തുടരുകയാണ്. മണ്ണാർകാട് തച്ചമ്പാറയിൽ വീടിന് മുകളിൽ മരം വീണു. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആറു പേർ താമസിച്ചിരുന്ന വീട്ടിലെ രണ്ടു പേർക്ക് നിസാര പരിക്കേറ്റു. 71 വയസുള്ള സ്ത്രീക്കും 21 വയസുള്ള യുവതിക്കുമാണ് പരിക്കേറ്റത്.
നെന്മാറ വിത്തനശ്ശേരിയിൽ വയോധികരുടെ വീട് കനത്ത മഴയിലും കാറ്റിലും തകർന്നു വീണു. ഇരുവരെയും സുരക്ഷിത കേന്ദ്രത്തിലേക്ക് ഗ്രാമപഞ്ചായത്ത് അധികൃതർ മാറ്റി. കൂടാതെ, ജില്ലയിലെ പല സ്ഥലങ്ങളിലും റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. മരം വീണ് തൂൺ ഒടിഞ്ഞു വൈദ്യുതി തടസപ്പെട്ടു.
അതിനിടെ, പറമ്പികുളം-ആലിയാർ ഡാമിൽ ജലനിരപ്പ് ഉയർന്നു. ഈ സാഹചര്യത്തിൽ അണക്കെട്ടിന്‍റെ കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.
കണ്ണൂരിൽ കനത്ത മഴയിലും കാറ്റിലും കണ്ണൂർ-കാസർകോട് ദേശീയപാതയിൽ കണ്ണൂർ സെൻട്രൽ ജയിലിന് മുമ്പിൽ തേക്ക് മരം വീണു. കാസർകോട് ഭാഗത്തേക്ക് പൂർണമായി ഗതാഗതം തടസപ്പെട്ടു. കണ്ണൂർ ഭാഗത്തേക്കുള്ള പാതയിൽ ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചു. ഒളിക്കലിൽ ശക്തമായ കാറ്റിൽ വൈദ്യുതി തൂൺ നിലംപൊത്തി.
കോട്ടയം മറ്റക്കരയിൽ വീടിന് മുകളിൽ മരവീണു. മണ്ണൂർപള്ളി സ്വദേശി അനൂപ ജോർജും രണ്ട് മക്കളുമാണ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. എന്നാൽ, ഒരു കുട്ടിയുടെ തലക്ക് ചെറിയ പരിക്കേറ്റു. അപകടസമയത്ത് ഇവർ മൂന്നു പേരുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മരം വീണതോടെ വീട് പൂർണമായി വാസയോഗ്യമല്ലാതായി.
പത്തനംതിട്ട റാന്നി താലൂക്കിലെ കനത്ത മഴയോടൊപ്പമുണ്ടായ മിന്നല്‍ ചുഴലികാറ്റില്‍ മലയോര മേഖലകടക്കം കനത്ത നാശമുണ്ടായി. മരങ്ങള്‍ കടപുഴകി വീണു വൈദ്യുതി വിതരണം പൂർണമായി താറുമാറായി.11 കെ.വി വൈദ്യുതി ലൈനുകളും തൂണുകളും വ്യാപകമായി തകര്‍ന്നു. ഗതാഗതം പലയിടത്തും മുടങ്ങി. മരം വീണ് നിരവധി വീടുകള്‍ക്കും നാശം സംഭവിച്ചു.
അങ്ങാടി മര്‍ത്തോമ്മ ജംങ്ഷനില്‍ എസ്.ബി.ഐയുടെ മുന്‍വശത്ത് തേക്കുമരം കടപുഴകി വീണു. സമീപത്തെ കടകള്‍ക്കും വാഹന ഷോറൂമിനും നാശനഷ്ടമുണ്ടായി. മുക്കട ഇടമണ്‍ റോഡില്‍ മരം വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്ന് ഗതാഗതം മുടങ്ങി. വെച്ചൂച്ചിറ നവോദയ സ്കൂള്‍ കോംമ്പൗണ്ടില്‍ നിന്ന മരങ്ങള്‍ പരുവ റോഡിലേക്ക് കടപുഴകി വീണ് വൈദ്യുതി ലൈന്‍ തകര്‍ന്നു. ഇവിടുത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലേക്കും മരം വീണു.
പെരുനാട്, അത്തിക്കയം, കണ്ണമ്പള്ളി, കരികുളം, വെച്ചൂച്ചിറ, കുന്നം, ഇടമണ്‍, ഇടമുറി, ചേത്തയ്ക്കല്‍, പഴവങ്ങാടി, ഐത്തല, ചെറുകുളഞ്ഞി, പെരുനാട്, ചെറുകോൽ, ഉതിമൂട് തുടങ്ങി വിവിധ ഇടങ്ങളില്‍ കാറ്റ് നാശംവിതച്ചു. അത്തിക്കയം-പെരുനാട് റോഡിലും അത്തിക്കയം-മടന്തമണ്‍ റോഡിലും മരംവീണ് വൈദ്യുതി തൂണ്‍ ഒടിഞ്ഞു ഗതാഗതം മുടങ്ങി. കൊച്ചുകുളം, കുടമുരട്ടി മേഖലയിലും കാറ്റ് വ്യാപക നാശം വിതച്ചു. ചെറുകുളഞ്ഞി ആറ്റുഭാഗം റോഡിൽ മുല്ലശ്ശേരി പടിയിൽ തേക്ക് മരം വീണ് വൈദ്യുതി തൂൺ ഒടിഞ്ഞു വീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

