കനത്ത മഴ: വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജാഗ്രത നിർദേശം പുറപ്പെടുവിച്ചു
text_fieldsകൊച്ചി: ജില്ലയിൽ അതിതീവ്രമായ മഴ മുന്നറിയിപ്പ് നിലവിൽവന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കലക്ടർ എൻ.എസ്.കെ. ഉമേഷ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലെയും കൺട്രോൾ റൂമുകളിൽ വാഹനം ഉൾപ്പെടെ ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിൽ നാല് പേർ അടങ്ങുന്ന സ്ക്വാഡ് രൂപീകരിക്കുന്നതിന് ബന്ധപ്പെട്ട തഹസിൽദാർമാർക്ക് കലക്ടർ നിർദേശം നൽകി.
ക്വാറി പ്രവർത്തനങ്ങൾ മഴ മാറിയതിനു ശേഷവും 24 മണിക്കൂർ വരെയുള്ള കാലയളവിൽ നിർത്തിവെക്കണം. മലയോര മേഖലകളിലെയും ജലാശയങ്ങളിലെയും വിനോദസഞ്ചാരം നിയന്ത്രിക്കുന്നതിന് വനം വകുപ്പും ഡി.ടി.പി.സിയും ആവശ്യമായ നടപടികൾ സ്വീകരിക്കണം. കരയിലെയും കടലിലെയും മത്സ്യബന്ധനം നിരോധിക്കണം.
ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും ആവശ്യമായ മുറക്ക് സജ്ജീകരിക്കുന്നതിന് ഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തി. ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിന് ആവശ്യമായ കെട്ടിടങ്ങൾ സജ്ജമാക്കണം. താലൂക്ക് തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ എന്നിവർ കെട്ടിടങ്ങളുടെ താക്കോൽ കൈവശം സൂക്ഷിക്കണം. ക്യാമ്പുകൾ കോവിഡ് നിബന്ധനകൾ പാലിച്ച് പ്രവർത്തിക്കണം.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ഭീഷണി എന്നിവയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകേണ്ടതും നിർബന്ധമായും മാറ്റിപ്പാർപ്പിക്കേണ്ടതുമാണ്. മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര വില്ലേജുകൾ, താഴ്ന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർ, കോളനിവാസികൾ, പുഴ പുറമ്പോക്ക്, കനാൽ പുറമ്പോക്ക്, ഹൗസിംഗ് കോളനികൾ, പിന്നാക്ക അവസ്ഥയിലുള്ള ജനങ്ങൾ എന്നിവരെ നിർബന്ധമായും ക്യാമ്പിലേക്ക് മാറ്റുന്നതിന് നടപടികൾ സ്വീകരിക്കണം.
സാമൂഹ്യ /പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും 24 മണിക്കൂർ പ്രവർത്തിക്കണം. എമർജൻസി ലൈഫ് സപ്പോർട്ട് നൽകാൻ ആരോഗ്യ പ്രവർത്തകരെയും സജ്ജരാക്കണം. താലൂക്ക് തലത്തിൽ ഓരോ എമർജൻസി മെഡിക്കൽ ടീമിനെയും തയാറാക്കണം. ഏഴു താലൂക്കുകളിലും 100 കിലോഗ്രാം അരി, 50 കിലോഗ്രാം പയർ, പത്ത് ലിറ്റർ എണ്ണ, 75 ലിറ്റർ മണ്ണെണ്ണ എന്നിവ ആവശ്യം വന്നാൽ ഉപയോഗിക്കുന്നതിനായി കരുതിവെക്കണം. സുരക്ഷിതമല്ലാത്ത മേൽക്കൂരയുള്ള വീടുകളിൽ താമസിക്കുന്നവരെ ക്യാമ്പിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു ജില്ലകൾ ഒടിഞ്ഞു വൈദ്യുതി തകരാറുകൾ സംഭവിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ഇത് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് വൈദ്യുതി വകുപ്പിന് നിർദേശം നൽകി. വൈദ്യുതി വകുപ്പിന് കീഴിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിപ്പിക്കണം.
പൊതുജനങ്ങൾ പരമാവധി വീടിനുള്ളിൽ തന്നെ കഴിയുവാനും പ്രളയ മേഖലയിലും മണ്ണിടിച്ചിൽ മേഖലയിലും താമസിക്കുന്നവർ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾ പുഴകളിലും തോടുകളിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തുകയും ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

