കനത്ത മഴ: ഇടുക്കിയിൽ ജാഗ്രത നിർദേശം
text_fieldsതൊടുപുഴ നഗരത്തിലുണ്ടായ വെള്ളക്കെട്ട്
തൊടുപുഴ: ഇടുക്കി ജില്ലയിൽ തിങ്കളാഴ്ച വൈകീട്ടോടെ മഴ കനത്തു. ചൊവ്വാഴ്ച റെഡ് അലർട്ടും തുടർന്നുള്ള തീയതികളിൽ വിവിധ അലെർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ വിവിധ നിയന്ത്രണങ്ങളും നിരോധനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ അതീതീവ്ര മഴക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാൽ മലയോരമേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതായി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ടോടെ ഉണ്ടായ കനത്ത മഴയിൽ തൊടുപുഴ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. ഉച്ചകഴിഞ്ഞ് മൂന്നോടെ തുടങ്ങിയ മഴയിലാണ് നഗരം പുഴയായത്.
ഇതോടെ ഗതാഗതം താറുമാറായി. പല ഭാഗത്തും വെള്ളം ഉയർന്നതോടെ വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാത്ത സ്ഥിതിയാണ് രൂപപ്പെട്ടത്. ഇരുചക്ര വാഹന യാത്രികരും ഓട്ടോറിക്ഷകളും കാറുകളും ഏറെ ബുദ്ധിമുട്ടി. കാരിക്കോട്- മങ്ങാട്ടുകവല റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
ഇവിടെ വെള്ളം റോഡിലൂടെ കുത്തിയൊലിച്ചത് മൂലം കാൽനടയാത്ര പോലും ദുസ്സഹമായി. നഗരത്തിൽ വിവിധ കടകളിലും വെള്ളം കയറി. കാഞ്ഞിരമറ്റം കവല, ടെലിഫോൺ എക്സ്ചേഞ്ച് ജങ്ഷൻ,മണക്കാട് റോഡ്, കെ.എസ്.ആർ.ടി.സി ജങ്ഷൻ, റോട്ടറി ജങ്ഷൻ, നഗരസഭ മാർക്കറ്റ് തുടങ്ങി ഒട്ടേറെ ഭാഗങ്ങളിൽ വെള്ളം ഉയർന്നു. വണ്ണപ്പുറം മുള്ളരിങ്ങാട് -പുളിക്കത്തൊട്ടി റോഡിൽ മുള്ളരിങ്ങാട് സാംസ്കാരിക നിലയത്തിന് സമീപം കലുങ്ക് തകർന്ന് ഗതാഗതം തടസ്സപ്പെട്ടു.
മലയോര മേഖലകളിൽ രാത്രി യാത്രനിരോധനം
മഴ മുന്നറിയിപ്പ് സാഹചര്യത്തിൽ ജില്ലയിലെ മലയോര മേഖലകളിലുള്ള രാത്രി യാത്ര ( വൈകീട്ട് ഏഴ് മുതൽ ആറുവരെ) ചൊവ്വാഴ്ച മുതൽ നിരോധിച്ചു. ജില്ലയിലെ എല്ലാവിധ ക്വാറി, ഖനന പ്രവർത്തനങ്ങളും, ഓഫ് റോഡ് ട്രക്കിങ്ങ് എന്നിവയും നിരോധിച്ചു.
ജില്ലയിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ എല്ലാ ടൂറിസം മേഖലകളിലും അതീവ ജാഗ്രത പാലിക്കണം. പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യം, പൊലീസ്, റവന്യൂ ദുരന്തനിവാരണം, തദ്ദേശസ്വയംഭരണം, ഫയർ ആൻഡ് റെസ്ക്യൂ, സിവിൽ സപ്ലൈസ്, കേരള വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവ ഉൾപ്പെടെയുള്ള അവശ്യ സർവിസുകളിലെ ജീവനക്കാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രം ഈ സമയത്ത് യാത്ര ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

