ചക്രവാതച്ചുഴി: കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യത
text_fieldsRepresentational Image
തിരുവനന്തപുരം: തമിഴ്നാടിനു മുകളിൽ കേരളത്തിന് സമീപമായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കു സാധ്യതയുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളത്തും മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പായിരുന്നു.
വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ 30-40 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് തയാറെടുപ്പ് നടത്തണം.
ശനിയാഴ്ചയോടെ തെക്കൻ അന്തമാൻ കടലിനു മുകളിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി ഞായറാഴ്ചയോടെ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്. നവംബർ 27 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും അന്തമാൻ കടലിനും മുകളിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

