രണ്ടുദിവസംകൂടി ഒറ്റപ്പെട്ട ശക്തമായ മഴ
text_fieldsതിരുവനന്തപുരം: വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദം തെക്കൻ ഝാർഖണ്ഡിനും അതിനോട് ചേർന്ന വടക്കൻ ഒഡിഷയുടെ ഉൾപ്രദേശങ്ങൾക്കും മുകളിലെത്തി. സമുദ്രനിരപ്പിലുള്ള തീരദേശ ന്യൂനമർദ പാത്തി തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരംവരെ വ്യാപിക്കുകയും ചെയ്തു.
ഇതിന്‍റെ ഫലമായി 10 വരെ കേരളം, മാഹി എന്നിവിടങ്ങളിൽ നേരിയ/ ഇടത്തരം മഴക്ക് സാധ്യത. എട്ടുവരെ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കാം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ചയും ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ബുധനാഴ്ചയും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ദക്ഷിണ ഗുജറാത്ത് മുതൽ കേരള തീരം വരെ നിലനിൽക്കുന്ന ന്യൂനമർദത്തിന്റെയും, ഒഡീഷ തീരത്ത് ശക്തിപ്രാപിച്ച തീവ്ര ന്യൂനമർദത്തിന്റെയും സ്വാധീനത്താൽ തമിഴ്‌നാട്ടിൽ അടുത്ത ഏതാനും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു.
തിരമാല ഉയരും
മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല ഫിഷിങ് ഹാർബർ മുതൽ രാമനാട്ടുകര വരെ), കണ്ണൂർ, കാസർകോട് (വളപട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളിൽ ചൊവ്വാഴ്ച രാത്രി 11.30 വരെ 3.0 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
കടലിൽ പോകരുത്
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ എട്ടുവരെയും കർണാടക തീരത്ത് 10 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

