Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല...

ശബരിമല സ്വർണക്കൊള്ളയിലെ അറസ്റ്റ്: പത്മകുമാറിന്റെ വീടിന് കനത്ത പൊലീസ് കാവൽ, വഴികളെല്ലാം അടച്ചു

text_fields
bookmark_border
ശബരിമല സ്വർണക്കൊള്ളയിലെ അറസ്റ്റ്: പത്മകുമാറിന്റെ വീടിന് കനത്ത പൊലീസ് കാവൽ, വഴികളെല്ലാം അടച്ചു
cancel

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റും സി.പി.എം പത്തനംതിട്ട ജില്ല കമ്മിറ്റി അംഗവുമായ എ. പത്മകുമാറിന്റെ വീടിന് കനത്ത സുരക്ഷയേർപ്പെടുത്തി. ആന്മുളയിലെ വീടിന്‍റെ പരിസരത്ത് പൊലീസ് കാവൽ ശക്തമാക്കി. വീട്ടിലേക്കുള്ള വഴികളെല്ലാം ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് അടച്ചു. പ്രതിഷേധം കണക്കിലെടുത്താണ് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.

കേസിൽ പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) പത്മകുമാറിന്‍റെ അറസ്റ്റ് ​രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ പത്മകുമാര്‍ പത്തനംതിട്ടയിലെ വീട്ടിൽനിന്ന് എസ്‌.ഐ.ടിക്ക് മുന്നില്‍ ചോദ്യംചെയ്യലിനായി ഹാജരായിരുന്നു. തുടർന്ന് തലസ്ഥാനത്തെ രഹസ്യ കേന്ദ്രത്തിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ നടന്നു. ശേഷമായിരുന്നു അറസ്റ്റ്.

മുരാരി ബാബു മുതല്‍ എന്‍. വാസു വരെ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നേരത്തേ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിനെതിരായിരുന്നു. പത്മകുമാര്‍ പറഞ്ഞിട്ടാണ് സ്വര്‍ണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നാണ് ഇവരുടെ മൊഴികളിലുള്ളതെന്നും സൂചനയുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ എക്സിക്യുട്ടീവ് ഓഫിസര്‍ ഡി. സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസു തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശചെയ്തത് പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം.

പത്മകുമാറിന്റെ അറസ്റ്റിൽ സി.പി.എം പ്രതിരോധത്തിലല്ലെല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കുറ്റക്കാരായ ആരെയും സംരക്ഷിക്കില്ലെന്നും സ്വർണക്കൊള്ളയിൽ സി.പി.എമ്മിന് പങ്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ‘പത്മകുമാർ കുറ്റക്കാരനാണോ എന്ന് പറയേണ്ടത് കോടതിയാണ്. കേസ് കോടതിയുടെ മുന്നിൽ വരട്ടെ. ഒരാളേയും പാർട്ടി സംരക്ഷിക്കുകയില്ല. അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം ഒരാളെയും ശിക്ഷിക്കാൻ കഴിയില്ല. ഒരാൾ അറസ്റ്റ് ചെയ്തു എന്ന് വെച്ച് ഉടനെ കുറ്റവാളിയാണെന്ന് തീരുമാനിക്കാൻ കഴിയില്ല. അറസ്റ്റ് ചെയ്താൽ അതിന്റെ അർഥം അയാൾ കുറ്റാരോപിതനാണ് എന്ന് മാത്രമാണ്. കുറ്റം തെളിയിക്കണം. കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ രീതിയിലുള്ള എല്ലാ പരിതസ്ഥിതിയും കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഒരുക്കിയിട്ടുണ്ട്. ആരെ വേണമെങ്കിലും അവർക്ക് അറസ്റ്റ് ചെയ്യാം, ചോദ്യം ചെയ്യാം, നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാം’ -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലക്കൊള്ളയില്‍ സി.പി.എം പങ്ക് വ്യക്തം -സണ്ണി ജോസഫ്​

തിരുവനന്തപുരം: ശബരിമല സ്വർണക്കടത്തിൽ ഇനിയും പല ഉന്നതര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ സണ്ണി ​ജോസഫ്​ എം.എൽ.എ. പാര്‍ട്ടി നേതാക്കളും നോമിനികളുമായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാർ അറസ്റ്റിലാകുമ്പോഴും തങ്ങളുടെ കൈകള്‍ ശുദ്ധമാണെന്നും പാര്‍ട്ടിക്ക് ഇതില്‍ ബന്ധമില്ലെന്നുമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. പത്മകുമാറിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം നിര്‍ബന്ധിതമായതാണ്. ഈ കേസില്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ പ്രതികളാണെന്ന് ഹൈക്കോടതി ആവര്‍ത്തിച്ചിട്ട് പറഞ്ഞിട്ടും പ്രതികളെ സംരക്ഷിക്കാനുള്ള ഭരണ സംവിധാനങ്ങളുടെ വ്യഗ്രത പ്രകടമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

ജയിലിലേക്ക്​ സി.പി.എം നേതാക്കളുടെ ഘോഷയാത്ര -വി.ഡി. സതീശൻ

കൊച്ചി: ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ജയിലിലേക്ക് ഘോഷയാത്ര നടത്തുകയാണെന്നും സി.പി.എം നേതാവ്​ പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. കേരളത്തിലെ ജനങ്ങള്‍ സി.പി.എം നേതൃത്വത്തിലുള്ള ഇടതുജനാധിപത്യ മുന്നണിക്ക് നല്‍കിയ അധികാരം ഉപയോഗിച്ചാണ് പവിത്രവും പരിപാവനവുമായ ശബരിമല ക്ഷേത്രം കൊള്ളയടിച്ചതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എന്‍. വാസുവിന് പിന്നാലെയാണ് പത്മകുമാറും ജയിലിലേക്ക് പോകുന്നത്. മുന്‍ ദേവസ്വം മന്ത്രിയെയാണ് എസ്.ഐ.ടി ഇനി ചോദ്യംചെയ്യേണ്ടത്. കടകംപള്ളി സുരേന്ദ്രനും കൊള്ളയില്‍ പങ്കുണ്ടെന്നാണ് പ്രതിപക്ഷം വിശ്വസിക്കുന്നത് -സതീശൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A PadmakumarSabarimalaSabarimala Gold Missing Row
News Summary - Heavy police guard at A Padmakumar's house after his arrest
Next Story