ഉരുകിയൊലിച്ച് കേരളം; ഉഷ്ണതരംഗത്തിൽ ആശങ്കയേറുന്നു: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു
text_fieldsതിരുവന്തപുരം : ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട് നിലവിലുള്ള സാഹചര്യം വിലയിരുത്തുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. ശനിയാഴ്ച രാവിലെ 11 മണിക്കാണ് ഓൺലൈനായി യോഗം ചേരുക. ബന്ധപ്പെട്ട മന്ത്രിമാരും ചീഫ് സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
കൊല്ലും ചൂടിൽ കേരളം വെന്തുരുകുമ്പോൾ, സൂര്യാതപമേൽക്കുന്നവരുടെ എണ്ണം നാൾക്കുനാൾ ഏറി വരികയാണ്. മലപ്പുറം ജില്ലയിൽ വിവിധയിടങ്ങളിലായി രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്കാണ് സൂര്യാതപമേറ്റത്. കൊണ്ടോട്ടിയിലെ കരിപ്പൂർ കുമ്മിണിപറമ്പ് സ്വദേശിക്കും വളാഞ്ചേരി സ്വദേശികളായ കുട്ടികൾക്കുമാണ് സൂര്യാതപമേറ്റത്. വളാഞ്ചേരി പൈങ്കണ്ണൂർ നിരപ്പിൽ തെങ്ങുംതോട്ടത്തിൽ പ്രമോദ്-ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസുള്ള ആൺകുട്ടികൾക്കാണ് പൊള്ളലേറ്റത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച വീടിന് ചേർന്നുള്ള പറമ്പിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. വിദേശത്തായിരുന്ന കുടുംബം ഏതാനും ദിവസം മുൻപാണ് നാട്ടിലെത്തിയത്. നാട്ടിലെ കഠിനമായ വെയിൽ നേരിട്ട് ശരീരത്തിൽ തട്ടിയതാണ് പൊള്ളലിന് കാരണമായത്. മൂന്ന് വയസുകാരന്റെ കൈകൾക്കും നെഞ്ചിനും പുറംഭാഗത്തുമാണ് പൊള്ളലേറ്റത്. അഞ്ചു വയസുകാരന്റെ കൈകൾക്കും പൊള്ളലുണ്ട്. കുട്ടികളെ വളാഞ്ചേരി വൈക്കത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിപ്പൂർ കുമ്മിണിപറമ്പ് മേലെ മംഗലത്ത് സ്വദേശി അഖിലിന് ആശാരി ജോലിക്കിടെ ഇന്നലെയാണ് വയറിൽ സൂര്യാതപമേറ്റത്. വയറിൽ കുമിളകൾ വന്ന നിലയിലാണ് പാടുകൾ. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ കണ്ണൂർ ചക്കരക്കൽപള്ളിപ്പൊയിലിൽ സൂര്യാതപമേറ്റ് പള്ളിപ്പൊയിൽ സ്വദേശി എം വി സനൽ കുമാർ മരണപ്പെട്ടിരുന്നു. കിണർ നിർമ്മാണ തൊഴിലാളിയായ സനൽ കുമാർ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇതിനിടെ, കോഴിക്കോട് നാദാപുരത്ത് അങ്കണവാടി അധ്യാപികക്കും സൂര്യാതപമേറ്റു. വളയം ചെറുമോത്തെ അനിലയുടെ വലതുകൈക്കാണ് പൊള്ളലേറ്റത്. അങ്കണവാടിയിൽ ജോലിചെയ്തുകൊണ്ടിരിക്കേയാണ് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് ചികിത്സ തേടിയതോടെ ഡോക്ടറാണ് സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

