ചൂട്: 10 ജില്ലകളിൽ യെല്ലോ അലർട്ട്
text_fieldsതിരുവനന്തപുരം: ചൂട് ശക്തമായതിനെ തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശൂർ, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ സാധാരണ അനുഭവപ്പെടുന്നതിനെക്കാൾ രണ്ടുമുതൽ നാല് ഡിഗ്രിവരെ ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്.
പാലക്കാട്, കൊല്ലം ജില്ലകളിൽ ചൂട് 39 ഡിഗ്രി കഴിഞ്ഞു. ചൊവ്വാഴ്ച പാലക്കാട് രേഖപ്പെടുത്തിയത് 39.1 ഡിഗ്രിയാണ്. മറ്റ് ജില്ലകളിലും ചൂട് 38 ഡിഗ്രിയോട് അടുത്തു. അതേസമയം 21 മുതൽ പല ജില്ലകളിലും നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം:
- ഉച്ചസമയത്ത് നേരിട്ട് വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കണം. പ്രത്യേകിച്ച് രാവിലെ 11 നും ഉച്ചക്ക് 3നുമിടയ്ക്ക്.
- ദാഹമില്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കുക. ചെറിയ അളവിൽ വെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കുന്നതാണ് നല്ലത്.
- ചർമരോഗങ്ങൾ ഒഴിവാക്കാൻ മോയ്സചറൈസറുകളും സൺസ്‌ക്രീനും ഉപയോഗിക്കാം. നേരിട്ട് വെയിൽ കൊള്ളുന്നവരും ദീർഘനേരം ഇരുചക്രവാഹനമോടിക്കുന്നവരും മുഖത്തും കൈകളിലും സൺസ്‌ക്രീൻ ഉപയോഗിക്കണം. എസ്‌പിഎഫ് 30 ഉള്ള സൺസ്‌ക്രീൻ വാങ്ങാൻ ശ്രദ്ധിക്കുക.
- വേനൽക്കാലത്ത് വെള്ളയോ ഇളംനിറത്തിലോ ഉള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്. തൊപ്പിയും കുടയും സൺഗ്ലാസുകളും എപ്പോഴും കൈയിൽ കരുതാം.
- ഉച്ചസമയത്തെ വ്യായാമം ഒഴിവാക്കണം. അതിരാവിലെയോ വൈകിട്ടോ വ്യായാമത്തിനുവേണ്ടി സമയം കണ്ടെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

