ചൂടിന് തെല്ലാശ്വാസം, ഏപ്രിലിൽ വേനൽ മഴ കൂടും
text_fieldsതിരുവനന്തപുരം: ചുട്ടുപൊള്ളുന്ന ചൂടിന് താൽക്കാലികാശ്വാസമായി ഏപ്രിലിൽ സംസ്ഥാനത്ത് കൂടുതൽ വേനൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാപ്രവചനം. പകൽ താപനില പൊതുവെ സാധാരണയെക്കാൾ കുറയും. ഏപ്രില്‍ മാസത്തില്‍ സാധാരണ ലഭിക്കേണ്ട ശരാശരി മഴയുടെ അളവ് 105.1 മില്ലിമീറ്ററാണ്. പത്തനംതിട്ട ജില്ലയിലാണ് മാർച്ചിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് 69.6 മി.മീറ്റർ ശരാശരി മഴ പ്രതീക്ഷിച്ചിടത്ത് ലഭിച്ച് 124.4 മി.മീറ്ററാണ്. സംസ്ഥാനത്ത് ഏപ്രില്‍ അഞ്ച് വരെ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ട്. ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍, ഈ സമയത്ത് പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കണം. ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം. തുണികള്‍ എടുക്കാന്‍ ടെറസിലോ മുറ്റത്തോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. കുട്ടികളെ ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 10 വരെ തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കാന്‍ അനുവദിക്കരുതെന്നും അധികൃതർ അറിയിച്ചു.

