വെന്തുരുകി കേരളം; ചൂട് ഇനിയും ഉയരും
text_fieldsതിരുവനന്തപുരം: കനത്ത ചൂടിൽ വെന്തുരുകി കേരളം. പല ജില്ലകളിലും 35 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട്. അതേസമയം, ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് ജില്ലയിൽ താപനില വീണ്ടും 40 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നിട്ടുണ്ട്. കണ്ണൂർ ഒഴികെയുള്ള ഭൂരിഭാഗം ജില്ലകളിലും ശരാശരിയെക്കാൾ ഉയർന്ന ചൂടാണ് അനുഭവപ്പെടുന്നത്.
കൊല്ലത്ത് 38 , തിരുവനന്തപുരത്ത് 36, മറ്റ് ജില്ലകളിൽ 37 ഡിഗ്രി വരെയും ചൂട് ഉയരാൻ സാധ്യതയുണ്ട്. അന്തരീക്ഷത്തിലെ ഈർപ്പവും അൾട്രാവയലറ്റ് കിരണങ്ങളുടെ തീവ്രതയും വർധിക്കുന്നതിനാൽ പകൽ 10 മണി മുതൽ മൂന്ന് മണി വരെ നേരിട്ട് വെയിൽ ഏൽക്കരുതെന്ന് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം നൽകി.
രാവിലെ ഒരുമണി മുതൽ മൂന്ന് വരെ ചൂട് ഏൽക്കരുത്, ആ സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുക, ദാഹം തോന്നുന്നില്ലെങ്കിലും വെള്ളം കുടിക്കുക എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ കാലാവസ്ഥാ വകുപ്പും നൽകുന്നു.ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിപ്പിനെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അതേസമയം, കേരളത്തിൽ ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡുകളിൽ എത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയിലെ കണക്കനുസരിച്ച് വൈദ്യുതി ആവശ്യകത 5,933 മെഗാവാട്ടായി വർധിച്ചു. പ്രതിദിന ഉപഭോഗം 11.23 കോടി യൂണിറ്റിലെത്തിയത് ഈ ഏപ്രിലിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
കനത്ത ചൂടിൽ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
-ശരീരം തണുപ്പിക്കുക, ധാരാളം വെള്ളം കുടിക്കുക, ദാഹം തോന്നിയില്ലെങ്കിൽ പോലും ഇടക്കിടെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇളനീർ എന്നിവ ഉത്തമമാണ്
-ജലാംശം കൂടുതലുള്ള തണ്ണിമത്തൻ, കക്കരി, ഓറഞ്ച് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
-ചായ, കാപ്പി, മദ്യം, അമിത മധുരമുള്ള പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. ഇവ ശരീരത്തിൽനിന്ന് ജലം വേഗത്തിൽ നഷ്ടപ്പെടാൻ കാരണമാകും.
-നേരിട്ടുള്ള വെയിൽ ഏൽക്കുന്നത് ഒഴിവാക്കാൻ രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്ന് വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.
-അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക.
-വെയിലത്ത് ജോലി ചെയ്യുന്നവർ കൃത്യമായ ഇടവേളകളിൽ തണലത്തേക്ക് മാറി വിശ്രമിക്കുകയും വെള്ളം കുടിക്കുകയും വേണം.
-വീടിനുള്ളിലാണെങ്കിൽ ജനലുകളും വാതിലുകളും തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കുക
-ദിവസവും രണ്ടോ അതിലധികമോ തവണ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ശരീരതാപം കുറക്കാൻ സഹായിക്കും.
-കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, രോഗികൾ എന്നിവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. അവവരുമായി വെയിലത്ത് യാത്ര ചെയ്യുകയോ വാഹനങ്ങൾക്കുള്ളിൽ തനിച്ചാക്കി പോവുകയോ ചെയ്യരുത്.
- അമിതമായ ക്ഷീണം, തലകറക്കം, തലവേദന, പേശീവലിവ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തണലത്തേക്ക് മാറുകയും ചികിത്സ തേടുകയും ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

