ഹൃദയാഘാതം; ആംബുലൻസുകളിൽ എ.ഇ.ഡി നിർബന്ധമാക്കാൻ ശിപാർശ
text_fieldsകാസർകോട്: സംസ്ഥാനത്ത് എല്ലാ ആംബുലൻസുകളിലും ജീവൻ രക്ഷ ഉപകരണമായ എ.ഇ.ഡി സ്ഥാപിക്കണമെന്ന് അഗ്നിരക്ഷാസേന ആഭ്യന്തരവകുപ്പ് സെക്രട്ടറിയോട് ശിപാർശ ചെയ്തു. ഹൃദയാഘാതം സംഭവിക്കുന്നവർക്ക് ജീവൻ രക്ഷാ ഉപകരണമാണ് എ.ഇ.ഡി എന്ന ആർട്ടിഫിഷ്യൽ എക്സ്റ്റേണൽ ഡെഫിബ്രില്ലേറ്റർ. ആഘാതം സംഭവിക്കുന്ന ആളുടെ നെഞ്ചിന്റെ മുകൾ ഭാഗത്തും ഹൃദയഭാഗത്തും വളരെ കൃത്യമായി സ്ഥാപിച്ച് ഹൃദയത്തിന്റെ പ്രവർത്തനം മനസ്സിലാക്കി ഷോക്ക് നൽകണമോ അല്ലെങ്കിൽ സി.പി.ആർ നൽകിയാൽ മതിയോ എന്ന് തീരുമാനമെടുക്കാൻ എ.ഇ.ഡി വഴി സാധിക്കും.
കിറ്റ് രൂപത്തിൽ ലഭിക്കുന്ന എ.ഇ.ഡി വാഹനങ്ങളിൽ പ്രത്യേകമായി സ്ഥാപിക്കാതെതന്നെ ഉപയോഗിക്കുവാൻ സാധിക്കുമെന്നതാണ് പ്രത്യേകത. 2022 ൽ നടത്തിയ ഒരു പഠനത്തിൽ എ.ഇ.ഡി സ്ഥാപിച്ചാൽ അപകടത്തിൽപെട്ടയാളെ രക്ഷിക്കാൻ 70 ശതമാനം സാധ്യതയുണ്ട് എന്ന് കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് പ്രതിവർഷം 63,000 പേർ ഹൃദയസ്തംഭനം കാരണം അത്യാസന്ന നിലയിലേക്ക് മാറുന്നുവെന്ന് ഇതേ പഠനത്തിൽ പറയുന്നു.
ഇതിന്റെ ചുവടുപിടിച്ച് ചെറുവത്തൂർ സ്വദേശിയും വിവരാവകാശ പ്രവർത്തകനുമായ ശിൽപരാജ് 2023ൽ സർക്കാറിന് നിവേദനം നൽകി. ഈ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അഗ്നിരക്ഷാസേന പഠനം നടത്തി. പഠനപ്രകാരം ആംബുലൻസുകളിൽ എ.ഇ.ഡി സ്ഥാപിക്കാമെന്നാണ് റിപ്പോർട്ട്. 1.5 ലക്ഷം രൂപയാണ് എ.ഇ.ഡിയുടെ ശരാശരി വില. ഉപകരണത്തിലെ പാഡിന് എകദേശം 3000 രൂപ. ചാർജ് ചെയ്യാനുള്ള ബാറ്ററിക്ക് 2000 രൂപയും ചെലവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

