ആരോഗ്യ സർവകലാശാല അന്വേഷണ സമിതി രൂപവത്കരിച്ചു
text_fieldsമുളങ്കുന്നത്തുകാവ് (തൃശൂർ): കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥിയും തിരുവനന്തപുരം ആനമങ്ങാട് സ്വദേശിയുമായ ആർ.എൽ. നിതിൻ രാജിന്റെ (23) മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ സർവകലാശാല അടിയന്തര അന്വേഷണം നടത്തുന്നതിനായി സമിതി രൂപവത്കരിച്ചു. സംഭവത്തിന് ഇടയായ കാരണങ്ങൾ, കോളജ് തലത്തിൽ ഉണ്ടായ പ്രശ്നങ്ങൾ, അക്കാദമിക്/ഭരണപരമായ വിഷയങ്ങൾ എന്നിവ ഉൾപ്പെടെ സമഗ്ര അന്വേഷണമാണ് സമിതിയുടെ ലക്ഷ്യം. ഗവേണിങ് കൗൺസിൽ അംഗം ഡോ. അജിത് നീലകണ്ഠൻ ചെയർമാനായ സമിതിയുടെ കൺവീനർ സ്റ്റുഡന്റ് അഫയേഴ്സ് ഡീൻ ഡോ. ആശിഷ് ആണ്. ഡോ. ഹരികുമാരൻ നായർ-ഡീൻ (മെഡിസിൻ), ഡോ. എൽബി പീറ്റർ-ഡീൻ (ഡെന്റൽ) എന്നിവരാണ് അംഗങ്ങൾ. പ്രാഥമിക റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ നിർദേശിച്ചു. സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും സർവകലാശാല അറിയിച്ചു.
ആരോപണങ്ങളുമായി വിദ്യാർഥികളും
കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിൽ ഡെന്റൽ കോളജ് വകുപ്പ് മേധാവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ. ക്ലാസിൽവെച്ച് നിതിനെതിരെ വകുപ്പ് മേധാവി നിരന്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു. പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുമെന്നും പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിച്ചും ഇന്റേണൽ മാർക്ക് കുറച്ചും പ്രതികാരം തീര്‍ക്കുമെന്നും വിദ്യാർഥികൾ പ്രതികരിച്ചു. നിതിൻ രാജിന്റെ ശബ്ദസന്ദേശം ശരിവെക്കുന്നതാണ് സഹപാഠികളായ വിദ്യാർഥികളുടെ പ്രതികരണം. ഡോക്ടറാകുക എന്നതായിരുന്നു നിതിന്റെ സ്വപ്നം. അതിനുവേണ്ടി കഠിനമായി പരിശ്രമിച്ചിരുന്നെന്നും നിതിൻ ആത്മഹത്യ ചെയ്യില്ലെന്നും കൂട്ടുകാർ പറഞ്ഞു.
സിറ്റി പൊലീസ് കമീഷണർ അന്വേഷിക്കണം -മനുഷ്യാവകാശ കമീഷൻ
കണ്ണൂർ: നിതിൻ രാജിന്റെ ആത്മഹത്യയിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ കണ്ണൂർ സിറ്റി പൊലീസ് മേധാവി അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശിച്ചു. നിതിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന മാധ്യമവാർത്തകളുടെയും കുടുംബം ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് കമീഷന്റെ ഇടപെടൽ.
നാണക്കേടാൽ തലകുനിക്കുന്നു -വി.ഡി. സതീശൻ
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിൽ മരിച്ച വിദ്യാർഥി നിതിൻ രാജിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എത്തി. ‘‘കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി വേണം. ഇത് കേരളത്തിന് വലിയ നാണക്കേടാണ്. നാണക്കേട് കാരണം തലകുനിച്ച് നിൽക്കുന്നു. ഇത്തരക്കാർ അധ്യാപകരാണോ’’- സതീശൻ ചോദിച്ചു. പൂക്കോട് കോളജിൽ റാഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർഥിന്റെ വിഷയം ഉണ്ടായപ്പോൾതന്നെ കർശന നടപടി എടുക്കണമായിരുന്നു. അന്ന് അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലായിരുന്നു- പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
പ്രത്യേക സംഘം അന്വേഷിക്കണം -കെ.സി വേണുഗോപാല്‍
തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാർഥി ആര്.എല്‍ നിതിന്‍ രാജിന്റെ മരണത്തിലെ ദുരൂഹത കണ്ടെത്താന്‍ സമഗ്ര അന്വേഷണം നടത്തണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കണമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

