Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉപകരണം വയറ്റിൽ...

ഉപകരണം വയറ്റിൽ ഇരുന്നാൽ പ്രശ്നമില്ലെന്ന് ഒരുകാരണവശാലും പറയാൻ പാടില്ലാത്തത്; പരാതി പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി

text_fields
bookmark_border
veena george
cancel

തിരുവനന്തപുരം: ഡോ. ലളിതാംബികക്കെതിരെ ആരോഗ്യ മന്ത്രി വീണ ജോർജ്. ഉപകരണം വയറ്റിൽ ഇരുന്നാൽ പ്രശ്നമില്ലെന്ന് ഒരുകാരണവശാലും പറയാൻ പാടില്ലാത്തതാണെന്ന് മന്ത്രി പറഞ്ഞു.

വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു. വയറ്റിൽ ഉപകരണം കുടുങ്ങി അഞ്ചല്ല, അമ്പതു വർഷം ജീവിച്ചാലും ഒന്നും സംഭവിക്കില്ലെന്ന് ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പരാതിയിൽ വിശദമായ അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു.

വളരെ വേദന ഉണ്ടാക്കുന്ന സംഭവമാണ്. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണ്. പ്രാഥമിക അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. റിപ്പോർട്ട് ജില്ല മെഡിക്കൽ ഓഫിസർക്ക് ലഭിച്ചിട്ടുണ്ട്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിദഗ്ധ അന്വേഷണത്തിന് സമിതിയെ നിയോഗിക്കാൻ മെഡിക്കൽ ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് തന്നെ അന്വേഷണം ആരംഭിക്കും. എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. പരാതി പൊലീസിന് കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ പറയുന്ന വ്യക്തികളുടെ അനുഭവത്തിൽ ഇതുപോലൊരു പ്രശ്നം ഉണ്ടായാൽ ഇവർ സമ്മതിക്കുമോ? ഇവിടെ എന്തായിരിക്കും സ്ഥിതി. പ്രശ്നത്തെ ഇത്തരത്തിൽ നിസ്സാരവത്കരിക്കാനാകില്ല. അത് ചെയ്യുന്ന ജോലിയോടും പ്രവൃത്തിയോടുമുള്ള അനാദരവും ഉത്തരവാദിത്തമില്ലാത്ത സമീപനവുമാണ്. സർവിസിൽ ഉള്ളവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യും. ഉഷാ ജോസഫിന്റെ മകനുമായി സംസാരിച്ചിരുന്നു. പലതവണ വീട്ടിൽ പോയി ഡോക്ടറെ കണ്ടതായി ബന്ധുക്കൾ പറയുന്നു. ഈ വിഷയങ്ങളിലെല്ലാം അന്വേഷണം നടത്തും. നോൺ പ്രാക്ടീസിങ് അലവൻസ് വാങ്ങുന്ന ഡോക്ടർമാർ വീട്ടിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ടോ എന്ന കാര്യവും പണം നൽകിയെന്ന ആരോപണവും അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോൾ അനുസരിച്ച് സ്ക്രബ് നഴ്സും ഡോക്ടറും ഒരുപോലെ ഉത്തരവാദപ്പെട്ടവരാണ്. സ്ക്രബ് നഴ്സ് ഇല്ലാതെ മെഡിക്കൽ കോളജുകളിൽ ശസ്ത്രക്രിയ നടക്കില്ലെന്നും ശസ്ത്രക്രിയ ഉപകരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്തേണ്ടത് ഇവരുടെ സംയുക്ത ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു. പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫ് (59) ആണ് ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ തീരാദുരിതം അനുഭവിക്കുന്നത്‌. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി 2021 മെയ് 10നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ നടന്നത്. അതിനുശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. വിവിധ ഡോക്ടര്‍മാരുടെ അടുത്ത് ചികിത്സ തേടിയെങ്കിലും രോഗം ഭേദമാകുകയോ കാരണം കണ്ടെത്താനോ കഴിഞ്ഞില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിലുള്ള യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ചത്. അവിടെനിന്ന് എക്സ്റേ ഉള്‍പ്പെടെയുള്ള പരിശോധനകൾ കുറിച്ച് നല്‍കി. തുടര്‍ന്നാണ് വയറിനുള്ളില്‍ ഉപകരണം കുടുങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്‌. 2021ൽ ലളിതാംബിക ഡോക്ടറെയാണ് കാണിച്ചിരുന്നത് എന്നാണ് ശസ്ത്രക്രിയക്ക് വിധേയയായ ഉഷ ജോസഫ് പറയുന്നത്.

ഉഷയെ തുടർചികിത്സക്കായി വെള്ളിയാഴ്ച രാവിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ എം.പി ഇടപെട്ടാണ് അവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഉഷക്ക് ശസ്ത്രക്രിയ നടത്തിയത് താനല്ലെന്നും റെക്കോഡ് ബുക്ക് പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും ഡോ. ലളിതാംബിക പറഞ്ഞു. രോഗിക്ക് ഇതിനു മുമ്പും ശസ്ത്രക്രിയകൾ നടന്നിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം പഴയ ശസ്ത്രക്രിയയാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഡോക്ടർ പറയുന്നു. ഇരുപത് വർഷം മുമ്പ് വെച്ചതാണോ അതോ ഈ അടുത്ത കാലത്ത് വെച്ചതാണോ എന്ന് തെളിയിക്കാൻ ശാസ്ത്രീയ പരിശോധനകൾ വേണ്ടിവരും. എന്നാൽ വണ്ടാനത്തെ ശസ്ത്രക്രിയയ്ക്കിടെ പഴയ പാടുകളോ മറ്റോ ഉള്ളിൽ കണ്ടിരുന്നില്ലെന്നാണ് വിവരം. വയറ്റിൽ ഉപകരണം കുടുങ്ങി അഞ്ചല്ല, അമ്പതു വർഷം ജീവിച്ചാലും ഒന്നും സംഭവിക്കില്ലെന്നും ഡോക്ടർ പറഞ്ഞു.

ഉഷയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ലെന്നും മസ്‌കിറ്റോയെന്ന വളരെ ചെറിയ സാധനമാണെന്നും ലളിതാംബിക പറഞ്ഞു. 'എക്‌സറേയിൽ കാണുന്ന മാഗ്നിഫൈഡ് വ്യൂ ആണ്. ശസ്ത്രക്രിയയ്ക്ക് ശേഷം വയറ്റിനുള്ളിൽ ഉപകരണങ്ങൾ അവശേഷിക്കാൻ പാടില്ല എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഇത് എങ്ങനെ സംഭവിച്ചു എന്നതിലാണ് വ്യക്തത വേണ്ടത്. ഇതിന്‍റെ വീഴ്ച ഒരാളുടെ മാത്രം തലയിൽ കെട്ടിവെക്കരുത്. സ്റ്റത്തിന്‍റെ വീഴ്ചയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും ഡോ. ലളിതാംബിക മാധ്യമങ്ങളോട് പ്രതികരിച്ചു.

ഓപ്പറേഷൻ തിയറ്ററുകളിൽ ഉപകരണങ്ങളുടെ എണ്ണം രേഖപ്പെടുത്താൻ ബോർഡ് വച്ച് എഴുതുന്ന രീതി നിലവിലില്ല. ഇതിനായി പ്രത്യേകം സ്റ്റാഫുകൾ ഇല്ല എന്നതാണ് പോരായ്മ. സ്റ്റാഫ് എഴുതിക്കഴിഞ്ഞാൽ ഡോക്ടർക്ക് അത് പരിശോധിച്ച് ഉറപ്പുവരുത്താൻ സാധിക്കും. അത്തരമൊരു സംവിധാനം സർക്കാർ ആശുപത്രികളിൽ കൊണ്ടുവരുന്നത് നന്നായിരിക്കുമെന്നും തന്റെ 38 വർഷത്തെ സർവീസിനിടയിൽ സർക്കാർ ആശുപത്രികളിൽ ഈ രീതി കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Veena GeorgeHealth Ministertreatment error
News Summary - Health Minister says complaint will be handed over to police
Next Story