Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘എന്റെ പോരാട്ട...

‘എന്റെ പോരാട്ട യാത്രക്ക് ശുഭപര്യവസാനം; മുൻ സർക്കാരിന്റെ അവഗണന വിസ്മരിപ്പിക്കുന്നതാണ് പുതിയ സർക്കാരിന്റെ കരുതൽ’ -ഹർഷിന

text_fields
bookmark_border
‘എന്റെ പോരാട്ട യാത്രക്ക് ശുഭപര്യവസാനം; മുൻ സർക്കാരിന്റെ അവഗണന വിസ്മരിപ്പിക്കുന്നതാണ് പുതിയ സർക്കാരിന്റെ കരുതൽ’ -ഹർഷിന
cancel

കോഴിക്കോട്: നീണ്ട നാല് വർഷം കണ്ണീരോടെയും വേദനയോടെയും നടത്തിയ പോരാട്ട യാത്രയ്ക്ക് ഒടുവിൽ ശുഭപര്യവസാനമായതായി കെ.​കെ. ഹർഷിന. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതമനുഭവിച്ച ഇവർക്ക് തുടർചികിത്സയും ജോലിയും ഉറപ്പുനൽകിയ സർക്കാർ നടപടിയിൽ പ്രതികരിക്കുകയായിരുന്നു ഹർഷിന.

‘തെരുവിൽ കിടന്ന് സമരം ചെയ്തപ്പോൾ എന്നെ അവഗണിച്ചു തള്ളിയവർക്കുള്ള ശക്തമായ മറുപടി കൂടിയാണ് ഈ വിജയം. വലിയ പ്രതീക്ഷകളോടെയാണ് ഞങ്ങൾ പുതിയ സർക്കാരിനെ സമീപിച്ചത്. ആ പ്രതീക്ഷകൾ ഒട്ടും ചോർന്നുപോകാതെ വളരെയധികം സ്നേഹത്തോടെയും ആർദ്രതയോടെയുമാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും തിരുവനന്തപുരത്ത് ഞങ്ങളെ സ്വീകരിച്ചത്. മുൻ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത അവഗണനകളും വേദനകളും വിസ്മരിപ്പിക്കുന്നതായിരുന്നു പുതിയ സർക്കാരിന്റെ ഈ കരുതൽ. ​എനിക്കുണ്ടായ മുഴുവൻ നഷ്ടങ്ങൾക്കും എല്ലാ തരത്തിലുള്ള നഷ്ടപരിഹാരവും ഉറപ്പുനൽകിയതിനൊപ്പം, മുഖ്യമന്ത്രി എന്റെ മുഴുവൻ ചികിത്സാച്ചെലവും വ്യക്തിപരമായി ഏറ്റെടുക്കുമെന്നും അറിയിച്ചു’ -ഹർഷിന ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി.ഡി. സതീശനുമായും ആരോഗ്യ മന്ത്രി കെ. മുരളീധരനുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് ജോലി നിയമന ഉത്തരവും നഷ്ടപരിഹാരവും നൽകുമെന്ന് അറിയിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ആശുപത്രി വികസന സമിതിക്ക് കീഴിൽ ഒ.എ ആയിട്ടായിരിക്കും നിയമനം. മതിയായ നഷ്ടപരിഹാരം മുഖ്യമന്ത്രി ഉറപ്പുനൽകി. ഹർഷിനയുടെ തകർന്നുവീഴാറായ വീട് പുതുക്കിപ്പണിയുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കാനും സമരസമിതിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായും സമരസമിതി അറിയിച്ചു. മുൻ സർക്കാർ രണ്ടുലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും, തുടർചികിത്സയ്ക്കായി വന്ന ഭീമമായ ചെലവ് കണക്കിലെടുത്ത് ഹർഷിന അത് സ്വീകരിച്ചിരുന്നില്ല.

2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) കുടുങ്ങിയത്. ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ കടുത്ത അസ്വസ്ഥതകളെത്തുടർന്ന് നടത്തിയ പരിശോധനയിൽ 2022 സെപ്റ്റംബർ 17ന് മറ്റൊരു ശസ്ത്രക്രിയയിലൂടെയാണ് ഈ കത്രിക പുറത്തെടുത്തത്. മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ അവ്യക്തതകൾ നിലനിന്നെങ്കിലും, ശാസ്ത്രീയ പരിശോധനകളിലൂടെ കത്രിക മെഡിക്കൽ കോളജിൽ നിന്നാണ് വയറ്റിൽ കുടുങ്ങിയതെന്ന് പൊലീസ് സ്ഥിരീകരിച്ചത് കേസിൽ നിർണായകമായി. രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതിചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എന്നാൽ കേസ് വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സർക്കാർ ഹർഷിനക്കൊപ്പമാണ് എന്ന് മുൻ ആരോഗ്യമന്ത്രി നിരന്തരം ആവർത്തിച്ചിരുന്നെങ്കിലും ഹർഷിനയുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ചിരുന്നില്ല. ആരോഗ്യ മന്ത്രിക്കെതിരെ ആറൻമുളയിൽ ഹർഷിന പ്രചാരണം നടത്തുകയും ചെയ്തിരുന്നു.

കുറിപ്പിന്റെ പൂർണരൂപം:

അൽഹംദുലില്ലാഹ്

നീതിയുടെ പുലരി

അവഗണനയുടെ നാളുകളിൽ നിന്ന് പുതിയൊരു തുടക്കത്തിലേക്ക്...

​പ്രിയപ്പെട്ടവരെ,

അതിയായ സന്തോഷത്തോടെയും മനസ്സ് നിറഞ്ഞ സമാധാനത്തോടെയും ഒരു വലിയ കാര്യം നിങ്ങളുമായി പങ്കുവെക്കുകയാണ്. നീണ്ട നാല് വർഷക്കാലം കണ്ണീരോടും വേദനയോടും ഞാൻ നടത്തിയ പോരാട്ട യാത്രയ്ക്ക് ഒടുവിൽ ഒരു ശുഭപര്യവസാനമായിരിക്കുന്നു. ​തെരുവിൽ കിടന്ന് സമരം ചെയ്തപ്പോൾ എന്നെ അവഗണിച്ചു തള്ളിയവർക്കുള്ള ശക്തമായ മറുപടി കൂടിയാണ് ഈ വിജയം!

വലിയ പ്രതീക്ഷകളോടെയാണ് ഞങ്ങൾ പുതിയ സർക്കാരിനെ സമീപിച്ചത്. ആ പ്രതീക്ഷകൾ ഒട്ടും ചോർന്നുപോകാതെ വളരെയധികം സ്നേഹത്തോടെയും ആർദ്രതയോടെയുമാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും തിരുവനന്തപുരത്ത് ഞങ്ങളെ സ്വീകരിച്ചത്. മുൻ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത അവഗണനകളും വേദനകളും വിസ്മരിപ്പിക്കുന്നതായിരുന്നു പുതിയ സർക്കാരിന്റെ ഈ കരുതൽ. ​എനിക്കുണ്ടായ മുഴുവൻ നഷ്ടങ്ങൾക്കും എല്ലാ തരത്തിലുള്ള നഷ്ടപരിഹാരവും ഉറപ്പുനൽകിയതിനൊപ്പം, ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്റെ മുഴുവൻ ചികിത്സാച്ചെലവും വ്യക്തിപരമായി ഏറ്റെടുക്കുമെന്നും അറിയിച്ചു.

അതോടൊപ്പം, ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി എനിക്ക് ജോലി നൽകിക്കൊണ്ടുള്ള ഉത്തരവും കൈമാറി. കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ എച്ച്.ഡി.എസിന്റെ കീഴിൽ ഓഫീസ് അറ്റൻഡന്റ് (ഒ.എ) ആയി ഇന്ന് തന്നെ ജോലിയിൽ പ്രവേശിക്കാനാണ് ഉത്തരവ് ലഭിച്ചിരിക്കുന്നത്. ഇന്ന് മുതൽ ഞാൻ ഒരു സർക്കാർ ജീവനക്കാരിയായി പുതിയൊരു ജീവിതം ആരംഭിക്കുകയാണ്.

ഈ സന്തോഷം വാക്കുകളാൽ പറഞ്ഞറിയിക്കാൻ എനിക്ക് കഴിയില്ല. ​ഇതൊരു വ്യക്തിപരമായ വിജയം മാത്രമല്ല, നീതിക്ക് വേണ്ടി പോരാടുന്ന ഏതൊരാൾക്കും പ്രത്യാശ നൽകുന്ന ഒരു വലിയ നേട്ടമാണ്. കനൽവഴികളിൽ ഉടനീളം എന്നെ താങ്ങിനിർത്തിയ ഒരുപാടധികം മനുഷ്യരുണ്ട്. അവരെ നന്ദിയോടെ സ്മരിക്കാതെ ഈ നിമിഷം പൂർണ്ണമാകില്ല.

​എന്റെ സമരയാത്രയിൽ ഒരു ജേഷ്ഠനെപ്പോലെ, കരുത്തായി കൂടെ നിന്ന സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണയ്ക്ക് എന്റെ പ്രത്യേകമായ നന്ദിയും കടപ്പാടും എന്നും.

കൺവീനർ മുസ്തഫ പാലാഴി, ട്രഷറർ അബ്ദുലത്തീഫ്ക്ക, സമരസമിതിയിലെ മറ്റ് പ്രിയപ്പെട്ട അംഗങ്ങൾ എന്നിവരുടെ ത്യാഗം എടുത്തുപറയേണ്ടതാണ്. രാഷ്ട്രീയ ഭേദമന്യേ എന്നെ പിന്തുണച്ച വിവിധ സംഘടനകൾക്കും, അവരുടെ പ്രാർത്ഥനകൾക്കും നന്മയുള്ള മനുഷ്യർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

​പ്രത്യേകം ഓർക്കേണ്ടത് എന്റെ ഈ പോരാട്ടത്തെ ജനങ്ങളിലെത്തിക്കാൻ, കഴിഞ്ഞ നാല് വർഷക്കാലം ഒപ്പം നിന്ന പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെയാണ്. നിങ്ങളുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ ഈ ശബ്ദം ഇത്രത്തോളം ഉച്ചത്തിൽ കേൾക്കപ്പെടില്ലായിരുന്നു. ​വേദനകളുടെ കാലം കഴിഞ്ഞു, ഇനി പുതിയൊരു തുടക്കമാണ്. കൂടെ നിന്ന എല്ലാവർക്കും, പ്രാർത്ഥിച്ചവർക്കും ഒരിക്കൽക്കൂടി ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു. ഭാവിയെ പ്രത്യാശയോടെയും നിറഞ്ഞ പുഞ്ചിരിയോടെയും നേരിടാൻ എനിക്കിനി സാധിക്കും. ഇൻശാ അള്ളാഹ് ! ഏതൊരു പ്രയാസത്തിനും ഒരു എളുപ്പമുണ്ടല്ലോ........ അൽഹംദുലില്ലാഹ്. ​എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും ഇനിയും കൂടെയുണ്ടാകണം.

​സ്നേഹത്തോടെ,

ഹർഷിന കെ.കെ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K MuraleedharanVeena Georgemedical negligenceharshinaSurgical error
News Summary - Health Minister Promises Job to Harshina, Victim of Alleged Surgical Error in Kozhikode
Next Story