ചാർട്ടേഡ് വിമാന യാത്രികരുടെ കോവിഡ് ടെസ്റ്റ് സുരക്ഷ മുൻനിർത്തി -മന്ത്രി
text_fieldsതിരുവനന്തപുരം: യാത്രക്കാരുടെ സുരക്ഷിതത്വം മുൻനിർത്തിയാണ് ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർ കോവിഡ് പരിശോധന നടത്തണമെന്ന് പറഞ്ഞതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
യാത്രക്കാരുടെ സുരക്ഷിതത്വം മുൻനിർത്തിയാണ് ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർ കോവിഡ് പരിശോധന നടത്തണമെന്ന് പറഞ്ഞത്. കാരണം, പോസറ്റീവ് ആയ ആളുകൾ ഒരു വിമാനത്തിൽ ഉണ്ടാകുമ്പോൾ അതിനകത്തെ ഭൂരിപക്ഷം നെഗറ്റീവ് ആയ ആളുകൾക്ക് രോഗം വരാൻ സാധ്യത കൂടുന്നു എന്നതിനാലാണ്. അതാണ് പരിശോധിച്ച ശേഷം വരുന്നതാണ് ഉചിതം എന്ന് പറഞ്ഞത്. ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി വീഡിയോ കോൺഫറൻസിന് ശേഷമേ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകൂ എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. സർക്കാർ പറഞ്ഞത് തികച്ചും യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയുള്ള കാര്യങ്ങളാണ് -മന്ത്രി വിശദീകരിച്ചു.
ഗർഭിണികൾ, കോവിഡ് അല്ലാത്ത അസുഖം മൂലം ബുദ്ധിമുട്ടുന്നവർ, ജോലിയില്ലാതെ ഒറ്റപ്പെട്ടവർ തുടങ്ങി വിദേശത്തുള്ളവർക്ക് തിരിച്ചുവരാൻ മുൻഗണന വെച്ചിരുന്നു. ഗർഭിണികളടക്കം ഉള്ള വിമാനത്തിൽ കോവിഡ് പോസറ്റീവ് ആയ ആളുകളെയും കൊണ്ടുവരാമെന്ന് തീരുമാനിച്ചാൽ അത് വലിയ ബുദ്ധിമുട്ടിലേക്ക് നീങ്ങും.
ഇന്ന് വരെ സാമൂഹ്യ വ്യാപനം തടഞ്ഞു നിർത്താനായി. പക്ഷേ, സാമൂഹ്യ വ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പു പറയാനാകില്ല. ആളുകൾ കേരളത്തിലേക്ക് വരേണ്ട എന്ന് ഒരിക്കലും പറയില്ല. പക്ഷേ രോഗം ബാധിച്ച ആളുകളുടെ എണ്ണം വർധിക്കുമ്പോൾ സാമൂഹ്യ വ്യാപനത്തിന്‍റെ സാധ്യതയുണ്ട് -ആരോഗ്യ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
