1,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ
text_fieldsതിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടയിൽ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. കോഴിക്കോട് കോർപ്പറേഷനിലെ കാരപ്പറമ്പ് ഹെൽത്ത് ഇൻസ്പെക്ടറായ ഷാജിയെയാണ് 1,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇന്ന് വിജിലൻസ് കൈയോടെ പിടികൂടിയത്.
മലപ്പുറം ജില്ലയിലെ മുറ്റിച്ചിറ സ്വദേശിയായ പരാതിക്കാരൻ കോഴിക്കോട് ജില്ലയിലെ ഈസ്റ്റ് ഹില്ലിൽ പലവ്യജ്ഞന കട തുടങ്ങുന്നതിനുള്ള ലൈസൻസിനായി ഒരു മാസം മുമ്പ് കോഴിക്കോട് കോർപ്പറേഷനിൽ അപേക്ഷ കൊടുത്തിരുന്നു. അപേക്ഷ നൽകിയ സമയം ലൈസൻസ് ശരിയാക്കുന്നതിന് കൈക്കൂലി തരണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ഷാജി പറഞ്ഞിരുന്നു.
നവംബർ 22ന് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് കോഴിക്കോട് കോർപ്പറേഷൻ ഓഫീസിൽ അടച്ചു. തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ ഷാജി പരാതിക്കാരനെ ഫോണിൽ വിളിച്ച് ലൈസൻസ് ശരിയാക്കുന്നതിന് 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ തന്റെ കൈയിൽ ഇത്രയും കൈക്കൂലി നൽകാനില്ലായെന്നും, സാമ്പത്തിക ബുദ്ധിമുട്ടാണെന്നും അറിയിച്ചതിനെ തുടർന്ന് കൈക്കൂലി തുക 1,500 രൂപയായി കുറച്ചുനൽകുകയും ചെയ്തു.
തിങ്കളാഴ്ച വൈകീട്ട് ലൈസൻസ് കിട്ടുന്നതിനായി ഹെൽത്ത് ഇൻസ്പെക്ടറെ വീണ്ടും ഫോണിൽ ബന്ധപ്പെട്ടപ്പോൾ 1,500 രൂപയുമായി ഇന്ന് ഓഫീസിൽ വരാൻ ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ ഈ വിവരം വിജിലൻസ് കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഇ.സുനിൽകുമാറിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ഇന്ന് ഉച്ച്ക്ക് ഒന്നോടെ പരാതിക്കാരനിൽ നിന്നും 1,500 രൂപ കൈക്കൂലി വാങ്ങവെ കൈയോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

