ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്
text_fieldsകണ്ണൂർ: കുഴഞ്ഞുവീണ് മരിച്ച ഹെൽത്ത് ഇൻസ്പെക്ടർ ആർ. ദീപലേഖയുടെ (52) പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. പക്ഷാഘാതമാണ് മരണത്തിനു കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തിങ്കളാഴ്ച ചൊക്ലി പഞ്ചായത്തിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിനിടെയാണ് ഹെൽത്ത് ഇൻസ്പെക്ടറായ ദീപലേഖ കുഴഞ്ഞുവീണത്. സമീപക്കാലത്ത് ലഭിച്ച സ്ഥലംമാറ്റ ഉത്തരവുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകൾ ഒപ്പമുള്ളവർ പങ്കുവെക്കുന്നതിനിടെ ദീപലേഖ കുഴഞ്ഞുവീഴുകയായിരുന്നു.
സ്ഥലം മാറ്റത്തിൽ ഉദ്യോഗസ്ഥ മാനസിക സംഘർഷത്തിലായിരുന്നെന്ന് സഹപ്രവർത്തകർ പറയുന്നു. മാനസിക സംഘർഷം പക്ഷാഘാതത്തിന് കാരണമാകാമെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് സ്വദേശമായ കോഴിക്കോട്ടേക്ക് എത്തിക്കും. നാലു മാസം മുമ്പാണ് ദീപ ഹെൽത്ത് ഇൻസ്പെക്ടറായി ചൊക്ലിയിൽ ചുമതല ഏറ്റെടുത്തത്. രണ്ട് മാസം മുമ്പ് സംഭവിച്ച ഒരു അപകടത്തിൽ ദീപലേഖക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ, ആരോഗ്യസ്ഥിതി മനസ്സിലാക്കാതെ വീണ്ടും സ്ഥലം മാറ്റത്തിനുള്ള അറിയിപ്പ് വന്നതിൽ ദീപ മാനസികമായി ബുദ്ധിമുട്ടിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു.
മട്ടന്നൂർ നഗരസഭയിലേക്കാണ് ദീപയെ ആദ്യം സ്ഥലംമാറ്റിയത്. ഇതിനിടെ മട്ടന്നൂരിലേക്കുള്ള സ്ഥലംമാറ്റം തിരുത്തി പിണറായി ഗ്രാമപഞ്ചായത്തിലേക്ക് മാറ്റി പുതിയ സ്ഥലംമാറ്റ ഉത്തരവ് നൽകിയിരുന്നു. കോഴിക്കോട് വടകര മേപ്പയിൽ 'ശ്രീസ്ഥ'യിൽ താമസിച്ചിരുന്ന ദീപലേഖ നാടക പ്രവർത്തകനും പാനൂർ താലൂക്ക് ആശുപത്രി റിട്ട. ഹെൽത്ത് സൂപ്പർവൈസറുമായ സുരേഷ്ബാബു ശ്രീസ്ഥയുടെ ഭാര്യയാണ്. ദീപലേഖ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ സർവിസ് സംഘടനകൾ ഇന്ന് പ്രതിഷേധിച്ചു. കണ്ണൂർ ജില്ലയിലെ സർക്കാർ ആശുപത്രികളിലും എൻ.ജി.ഒ യൂണിയൻ ഒരു മണിക്കൂർ ഡ്യൂട്ടി ബഹിഷ്കരിച്ചാണ് പ്രതിഷേധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

