
ആരോഗ്യവിവരങ്ങൾ ഡിജിറ്റലാകുന്നു, 'ഹെൽത്ത് െഎ.ഡി'ക്ക് നടപടി തുടങ്ങി
text_fieldsതിരുവനന്തപുരം: വ്യക്തിയുടെ ആരോഗ്യസംബന്ധമായ മുഴുവൻ വിവരങ്ങളും രേഖകളും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നത് ലക്ഷ്യമിടുന്ന ദേശീയ ഡിജിറ്റൽ ആരോഗ്യ ദൗത്യത്തിന് നടപടികൾ തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ചികിത്സ തേടുന്നവരുടെ ആരോഗ്യ സംബന്ധമായ വിവരങ്ങൾ പിന്നീടുള്ള റഫറൻസിനായി ഡിജിറ്റലായി സൂക്ഷിക്കുന്ന ആശുപത്രി മാതൃകയുടെ വിപുലമായ സംവിധാനമാണ് ആധാറിന് സമാനമായ പുതിയ ആരോഗ്യ തിരിച്ചറിയൽ (ഹെൽത്ത് െഎ.ഡി) സംവിധാനം.
നടത്തിയ ആരോഗ്യ പരിശോധനകൾ, കണ്ടെത്തിയ രോഗങ്ങൾ, ഏത് ഡോക്ടർ- എപ്പോൾ- എന്ത് മരുന്ന് നൽകി എന്നിവയടങ്ങുന്ന വ്യക്തിഗത ആരോഗ്യവിവരങ്ങൾക്കുപുറമെ ആരോഗ്യ സംവിധാനങ്ങളുടെയും ചികിത്സാ കേന്ദ്രങ്ങളുടെയും വിവരങ്ങളടങ്ങിയ രജിസ്ട്രി, ഡിജി-ഡോക്ടർ, ഇ-ഫാര്‍മസി എന്നിവ ഒറ്റ പ്ലാറ്റ്ഫോമിൽ ഏകോപിപ്പിക്കലാണ് സംവിധാനത്തിെൻറ ലക്ഷ്യം.
ഡോക്ടറുടെ ഡിജിറ്റൽ സേവനം, ചികിത്സക്കും മറ്റുമുള്ള പണം നിക്ഷേപിക്കൽ, ചികിത്സ നടപടി ലളിതമാക്കൽ തുടങ്ങി നിലവിലുള്ള എല്ലാ ആരോഗ്യ സംവിധാനങ്ങളും ഒറ്റ കാർഡിലേക്ക് സമന്വയിപ്പിക്കും. ഡോക്ടർമാർ, ആശുപത്രികള്‍ എന്നിവക്കു പുറമെ ഇൻഷുറൻസ് കമ്പനികളും പദ്ധതിയുടെ ഭാഗമാകും. മൊബൈൽ ആപ് വഴിയാണ് സംവിധാനം പ്രവർത്തിക്കുന്നത്. 14 അക്ക നമ്പറാണ് ഹെൽത്ത് െഎ.ഡിയായി നൽകുക. വ്യക്തിയുടെ അനുമതി വാങ്ങിയ ശേഷം െഎ.ഡിയിലെ വിവരങ്ങൾ ദേശീയ ആരോഗ്യ ഡിജിറ്റൽ മിഷെൻറ സെർവറിലേക്ക് മാറ്റുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. ഇൗ വിവരങ്ങൾ ആശുപത്രികൾക്കും ഡോക്ടർമാർക്കും കൈമാറാനും സംവിധാനമുണ്ടാകും.
ദേശീയ ഹെല്‍ത്ത് അതോറിറ്റിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. പരീക്ഷണാടിസ്ഥാനത്തില്‍ ആറു കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ഇതിനകം പദ്ധതി നടപ്പാക്കി. അതേസമയം, പൗരെൻറ ആരോഗ്യവിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച ഗുരുതര ചോദ്യങ്ങളും ഇതിനകം ഉയരുന്നുണ്ട്. ഹെൽത്ത് െഎ.ഡി യാഥാർഥ്യമാകുന്നതോടെ എല്ലാ പൗരന്മാരുടെയും ആരോഗ്യ വിവരങ്ങൾ സംബന്ധിച്ച ഡേറ്റബേസ് സർക്കാറിനും ബന്ധപ്പെട്ട ഏജൻസികൾക്കും ലഭിക്കും. ഇവ ദുരുപയോഗം ചെയ്യുമോ എന്നതാണ് ആശങ്ക. ഇൗ വിവരങ്ങൾ മരുന്ന് കമ്പനികൾക്ക് ഏറെ പ്രാധാന്യമുള്ളതിനാൽ വിശേഷിച്ചും. ഹെൽത്ത് െഎ.ഡി ആധാറുമായി ബന്ധിപ്പിക്കുമെന്നും വിവരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
