ഓമശ്ശേരി: കോവിഡ് ബാധ സംശയിച്ചവരെ മെഡിക്കൽ കോളജിൽ എത്തിക്കുന്നതിന് ആരോഗ്യ വകുപ്പ് ജീവനക്കാർ തയാറാകാത്തതുമൂലം സഹകരിച്ച വാർഡ് അംഗം ക്വാറൻറീനിലായി. ഓമശ്ശേരി പഞ്ചായത്ത് ഒമ്പതാം വാർഡ് അംഗം സുഹ്റാബി നെച്ചൂളിക്കാണ് ഈ ദുരനുഭവമുണ്ടായത്. ഇവിടത്തെ ഒരു വീട്ടിലെ മൂന്നു കുട്ടികൾക്ക് കോവിഡ് രോഗബാധയെന്ന് സംശയം ഉണ്ടായി.
ഇവരെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനു പി.എച്ച്.സിയുമായി ബന്ധപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ സഹകരിച്ചില്ലത്രെ. തുടർന്ന് വാർഡ് അംഗംതന്നെ രംഗത്തിറങ്ങി ആംബുലൻസ് വിളിച്ചു ആർ.ആർ.ടിമാരെ കൂട്ടി കുട്ടികളെ മെഡിക്കൽ കോളജിൽ എത്തിക്കുന്നതിന് സംവിധാനമൊരുക്കുകയായിരുന്നു. പരിശോധനയിൽ കുട്ടികൾക്കു കോവിഡ് പോസിറ്റിവ് ആയതിനാൽ മെംബർ ക്വാറൻറീനിൽ പോകേണ്ടിയും വന്നു.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർതന്നെ മെംബറോട് ക്വാറൻറീൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന് വാർഡിലെ പ്രതിരോധകാര്യങ്ങൾ ശ്രദ്ധിക്കുന്നതിനു മെംബർക്ക് കഴിയാത്ത അവസ്ഥയിലാണിപ്പോൾ.