Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരോഗ്യവകുപ്പ്...

ആരോഗ്യവകുപ്പ് ഉത്തരവിറക്കി; തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളജിന് കെ. കരുണാകരന്റെ പേര്

text_fields
bookmark_border
K. Karunakaran
cancel
camera_alt

കെ. കരുണാകരൻ 

തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളജിന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ പേര് നൽകും. നേരത്തെ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ജെ.പി. നദ്ദയുമായി സംസ്ഥാന ആരോഗ്യമന്ത്രി കെ. മുരളീധരൻ നടത്തിയ പ്രത്യേക ഓൺലൈൻ യോഗത്തിലാണ് തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളജ് എന്ന ആവശ്യം ഉന്നയിച്ചത്. തുടർന്ന് എത്രയുംവേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അധ്യയന വർഷംതന്നെ വിദ്യാർഥി പ്രവേശനത്തിനുള്ള അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ ആവശ്യപ്പെട്ടിരുന്നു.

തുടർന്ന്, എസൻഷ്യൽറ്റി സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് ഓഫ് അണ്ടർ ടേക്കിങ് എന്നിവ ലഭ്യമാക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കുമ്പോൾ സ്ഥാപനത്തിന് പേര് നൽകണം. അതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം മെഡിക്കൽ കോളജിന് കെ. കരുണാകരന്റെ പേര് നൽകി ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്. ജനറൽ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവ യോജിപ്പിച്ച് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വി.എസ്. ശിവകുമാർ ആരോഗ്യമന്ത്രിയായിരിക്കെയാണ് തിരുവനന്തപുരത്ത് മെഡിക്കൽ കോളജ് ആരംഭിച്ചത്.

നിലവിലുള്ള തിരുവനന്തപുരം ജനറൽ ആശുപത്രിയെ 100 എം.ബി.ബി.എസ് സീറ്റുകളുള്ള അത്യാധുനിക മെഡിക്കൽ കോളജായി ഉയർത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളും ജീവനക്കാരും നിലവിൽ സജ്ജമാണ്. അതിനാൽ പുതിയ മെഡിക്കൽ കോളജിന്റെ വികസന പ്രവർത്തനങ്ങൾക്കായി, മുമ്പ് നിശ്ചയിച്ചിട്ടുള്ള 150 കോടി രൂപയുടെ കേന്ദ്രസഹായം ഉടൻ അനുവദിക്കണമെന്നും മുരളീധരൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

മെഡിക്കൽ കോളജ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, രാജ്യത്തുടനീളം പുതുതായി 10,000 മെഡിക്കൽ സീറ്റുകൾ സജ്ജമാക്കാൻ 15,000 കോടി രൂപ കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി നദ്ദ വ്യക്തമാക്കി. കേരളത്തിന് ആവശ്യമായ അനുമതി സമയബന്ധിതമായി ലഭ്യമാക്കുമെന്നും ഉറപ്പുനൽകി.

കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസിനായി സംസ്ഥാനത്ത് അനുയോജ്യമായ 10 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര സംഘം സാധ്യതാപഠനം നടത്തി ഇതിനുള്ള അനുമതി ലഭ്യമാക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. എയിംസ് ന്യായമായ ആവശ്യമാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി, ഭരണപരമായ നടപടികൾ പൂർത്തിയാക്കി അത് യാഥാർഥ്യമാക്കുമെന്ന് അറിയിച്ചു.

പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം ഇടുക്കി, മഞ്ചേരി, വയനാട് മെഡിക്കൽ കോളജുകളിൽ പുതിയ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കുകൾ സ്ഥാപിക്കുന്നതിനും ഹരിപ്പാടും കൽപ്പറ്റയിലും പുതിയ സൂപ്പർ സ്പെഷാലിറ്റി ആശുപത്രികൾ യാഥാർഥ്യമാക്കുന്നതിനും കേന്ദ്രസഹായം തേടിയിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും അത്യാധുനിക ട്രോമ കെയർ, ബേൺസ് യൂനിറ്റുകൾ എന്നിവ സ്ഥാപിക്കുന്നതിനും വയനാട്, ഇടുക്കി, കാസർകോട് മെഡിക്കൽ കോളജുകളുടെ വികസനത്തിനും തുക അനുവദിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K KarunakaranK MuraleedharanHealth Departmentmedical collegeLatest News
News Summary - Health Department issues order Thiruvananthapuram's second medical college named after K. Karunakaran
Next Story