ഞെരുക്കം കടുക്കും; ജി.എസ്.ടി പ്രഹരത്തിന് പിന്നാലെ ക്ഷേമബാധ്യതയും
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രഖ്യാപിച്ച ക്ഷേമാനുകൂല്യങ്ങൾ സംസ്ഥാനത്തിന്റെ ഞെരുങ്ങുന്ന ധനസ്ഥിതിക്ക് അധികബാധ്യതയാകുന്നു. 10,000 കോടി രൂപയുടെ ബാധ്യത വരുന്ന ക്ഷേമപ്രഖ്യാപനങ്ങളാണ് നടപ്പാക്കേണ്ടത്. ജി.എസ്.ടി പരിഷ്കാരത്തോടെ പ്രതിവർഷം 10,000 കോടിയുടെ വരുമാന നഷ്ടം ഉണ്ടാകുമെന്നതിന് പുറമേയാണിത്.
വരവും ചെലവും തമ്മിലെ അന്തരം സംബന്ധിച്ച അക്കൗണ്ടന്റ് ജനറലിന്റെ കണക്കുകൾ പുറത്തുവരുമ്പോഴാണ് ധനസ്ഥിതിക്ക് മേലുളള അധികബാധ്യതയുടെ പ്രഹരം വ്യക്തമാവുക. സംസ്ഥാനത്തിന്റെ വരവും ചെലവും തമ്മിലെ വ്യത്യാസം ഒരു വർഷത്തെ ഇടവേളക്കിടെ 28,976 കോടിയിൽ നിന്ന് 39,023 കോടിയായി ഉയർന്നുവെന്നാണ് എ.ജിയുടെ കണക്ക്.
തനത് വരുമാനം വർധിപ്പിച്ച് അധിക ചെലവുകൾക്ക് വഴി കണ്ടെത്താം എന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ. അല്ലാത്തപക്ഷം, കടമെടുപ്പിനെ ആശ്രയിക്കേണ്ടി വരും. ജി.എസ്.ടി പരിഷ്കാരം വഴിയുള്ള വരുമാനഷ്ടം സംസ്ഥാനത്തിന്റെ ക്ഷേമപ്രവർത്തനങ്ങളെയും കാരുണ്യ അടക്കമുള്ള ഇൻഷുറൻസ് സംരംഭങ്ങളെയും ബാധിക്കുമെന്നാണ് ധനവകുപ്പ് വ്യക്തമാക്കിയിരുന്നത്. പിന്നാലെയാണ് ക്ഷേമാനുകൂല്യങ്ങളുടെ അധികഭാരവും.
ക്ഷേമപെൻഷൻ വർധനക്ക് പുറമേ മറ്റ് ആനുകൂല്യങ്ങൾ കൂടിയാകുമ്പോൾ ഒരു മാസത്തെ അധിക ചെലവ് 700 കോടി രൂപയാകും. സ്ത്രീസുരക്ഷ പെൻഷൻ പുതുതായി ഏർപ്പെടുത്തിയതോടെ മാസം അധിക ബാധ്യത 317 കോടിയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഇതിനുള്ള അപേക്ഷ ഫോം സ്വീകരിക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ‘കണക്ട് ടു വർക്ക്’ പദ്ധതിയിലൂടെ മാസം 50 കോടി രൂപയാണ് അധിക ബാധ്യത.
കഴിഞ്ഞ ബജറ്റ് പ്രകാരം ഒരു മാസത്തെ ശരാശരി ചെലവ് 21,500 കോടി രൂപയാണ്. പുതിയ പ്രഖ്യാപനത്തോടെ ശരാശരി മാസ ചെലവ് 22,200 കോടി രൂപയായി ഉയർന്നേക്കും. ക്ഷേമ പെൻഷൻ 400 രൂപ കൂട്ടിയതോടെ ഒരു വർഷം അധികമായി കണ്ടെത്തേണ്ടത് 3000 കോടി രൂപയാണ്. ഫലത്തിൽ ക്ഷേമപെൻഷൻ മാത്രം ആകെ 13000 കോടി രൂപ ചെലവ് വരും.
പുതിയ ക്ഷേമപാക്കേജിലൂടെ സംസ്ഥാനത്തിന് അധിക ചെലവായി വരുന്ന 10,000 കോടി രൂപ എന്നത് 2025-26 വർഷത്തേക്ക് പ്രതീക്ഷിക്കുന്ന മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്റെ ഏകദേശം 0.7 ശതമാനത്തിന് തുല്യമാണ്. 2025-26ൽ ധനക്കമ്മി കുറക്കാനാണ് സർക്കാർ ആലോചിച്ചിരുന്നത്. പ്രഖ്യാപിച്ച ക്ഷേമാനുകൂല്യങ്ങൾക്ക് വായ്പയിലൂടെ പണം സമാഹരിക്കേണ്ടി വരുന്ന സാഹചര്യം സംസ്ഥാനത്തിന്റെ കടം-ജി.എസ്.ഡി.പി അനുപാതത്തെയും ബാധിക്കാം. സാധാരണ ഇത്തരം ക്ഷേമപ്രഖ്യാപനങ്ങൾ ബജറ്റിലാണ് നടക്കാറുള്ളത്.
സർക്കാറുകളെ സംബന്ധിച്ച് ആ സാമ്പത്തിക വർഷത്തിൽ എപ്പോഴെങ്കിലും നടപ്പാക്കിയാൽ മതി എന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങളുടെ ആനുകൂല്യം. എന്നാൽ, സാധ്യമാകും വേഗത്തിൽ നടപ്പാക്കപ്പെടും എന്നതാണ് തീയതി നിശ്ചയിച്ചുള്ള ആനുകൂല്യ പ്രഖ്യാപനങ്ങളുടെ പ്രത്യേകത. സ്വാഭാവികമായും ഇതിനായി ചെലവഴിക്കേണ്ട പണവും അത്രയും വേഗത്തിൽ കണ്ടെത്തേണ്ടിയും വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

