പ്രഥമാധ്യാപക സ്ഥലംമാറ്റം: പൊതുവിദ്യാഭ്യാസ വകുപ്പ് നിയമോപദേശം തേടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പ്രൈമറി പ്രഥമാധ്യാപകരുടെ സ്ഥലംമാറ്റ വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി. ഒരുകൂട്ടം അധ്യാപകരുടെ പരാതിയിൽ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ജില്ലതല സ്ഥലംമാറ്റ നടപടികൾ സ്റ്റേ ചെയ്തതിനെ തുടർന്നാണിത്. അന്തർജില്ല സ്ഥലംമാറ്റ നടപടികൾ പൂർത്തിയായ ശേഷമേ ജില്ലക്കകത്തെ സ്ഥലം മാറ്റങ്ങൾ നടത്താവൂ എന്നാണ് മേയ് 29ന് ട്രിബ്യൂണൽ ഉത്തരവിട്ടത്. പ്രൈമറി പ്രഥമാധ്യാപകർ അന്തർജില്ല സ്ഥലംമാറ്റ നടപടികളുടെ ഭാഗമല്ലാത്തതിനാൽ കോടതിയലക്ഷ്യ നടപടികളുണ്ടാകാതെ സ്ഥലം മാറ്റം നൽകാനാണ് ഡയറക്ടറേറ്റിന്റെ ശ്രമം.
കേരള ഗവൺമെന്റ് പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.ജി.പി.എസ്.എച്ച്.എ) നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. നേരത്തെ, സെൻസസ് ഡ്യൂട്ടിയുടെ പേരിൽ അധ്യാപകരുടെ ഓൺലൈൻ സ്ഥലംമാറ്റ നടപടികൾ നിർത്തിവെച്ചിരുന്നു. ഹെഡ്മാസ്റ്റർമാർ സെൻസസ് ജോലിയുടെ ഭാഗമല്ലെന്ന് ചൂണ്ടിക്കാണിച്ച് സംഘടന സർക്കാറിനെ സമീപിച്ചെങ്കിലും ട്രൈബ്യൂണൽ ഉത്തരവ് വീണ്ടും തടസ്സമായി.
പ്രൈമറി സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാർക്ക് സെൻസസ് ചുമതലയോ അന്തർജില്ല സ്ഥലംമാറ്റമോ ഇല്ലെങ്കിലും ഇതിന്റെ പേരിൽ സ്ഥലംമാറ്റവും നിയമനവും തടസ്സപ്പെടുന്നു. സ്കൂൾ തുറന്നതിനാൽ വിദ്യാർഥികളുടെ പ്രവേശനം, തസ്തിക നിർണയം തുടങ്ങിയവ ഉൾപ്പെടെ അക്കാദമിക്, അഡ്മിനിസ്ട്രേറ്റിവ് പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ ഓരോ സ്കൂളിലും ഹെഡ്മാസ്റ്റർമാർ അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് പ്രൈമറി സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാരുടെ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, നിയമനം എന്നിവ നടത്താൻ കഴിയുമോ എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിയമോപദേശം തേടിയത്.
സ്ഥലംമാറ്റം ലഭിച്ചാലും സെൻസസ് ജോലി ചെയ്യാമെന്നിരിക്കെ, അതിന്റെ പേരിൽ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ നടപടി പുനഃപരിശോധിക്കണമെന്ന് കെ.ജി.പി.എസ്.എച്ച്.എ ആവശ്യപ്പെട്ടു. അധ്യാപകർക്ക് കൂട്ടത്തോടെ സെൻസസ് ചുമതല വന്നത് ജൂലൈയിൽ സ്കൂളുകളിൽ കനത്ത പ്രതിസന്ധി സൃഷ്ടിക്കും. അധ്യാപകരെ മാത്രം ഇതിനായി തെരഞ്ഞെടുത്തത് പ്രതിഷേധാർഹമാണെന്നും പകരം ദിവസവേതനക്കാരെ നിയമിക്കാൻ അടിയന്തര ഉത്തരവിറക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

