വാട്ട്സപ്പിൽ സി.ഇ.ഒ അയച്ച മെസ്സേജ് വിശ്വസിച്ച് പണം അയച്ചു; ഒടുവിൽ ജീവനക്കാരൻ ഞെട്ടി! എന്താണ് 'ബോസ് സ്കാം'?
text_fieldsതിരുവനന്തപുരം: പ്രമുഖ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ഉന്നത ഉദ്യോഗസ്ഥരെയും ധനകാര്യ വിഭാഗം ജീവനക്കാരെയും ലക്ഷ്യമിട്ട് "ബോസ് സ്‌കാം" അഥവാ 'CEO Impersonation Fraud' എന്ന പേരിൽ പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നതായി അധികൃതർ. ആർ.ബി.ഐ. അല്ലെങ്കിൽ ഔദ്യോഗിക അഡിറ്റ് ടീമുകളുടെ പേരിൽ വ്യാജ അടിയന്തര സന്ദേശങ്ങൾ അയച്ച് ജീവനക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചാണ് തട്ടിപ്പിന്റെ തുടക്കം.
തട്ടിപ്പ് രീതി ഇങ്ങനെ:
- മാൽവെയർ ആക്രമണം: സിപ് (ZIP) ഫയലുകളിലൂടെ കമ്പ്യൂട്ടറുകളിലേക്ക് മാൽവെയർ കടത്തിവിട്ട് സ്ഥാപനത്തിലെ സിസ്റ്റങ്ങളുടെ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കുന്നു.
- വ്യാജ പ്രൊഫൈലുകൾ: ഉന്നത ഉദ്യോഗസ്ഥരുടെ വ്യാജ പ്രൊഫൈലുകൾ നിർമ്മിക്കുകയോ അവരുടെ യഥാർത്ഥ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയോ ചെയ്യുന്നു.
- വാട്സാപ്പ് വെബ് ദുരുപയോഗം: കമ്പ്യൂട്ടറിന്റെ നിയന്ത്രണം ലഭിക്കുന്നതോടെ ജീവനക്കാരുടെ വാട്സാപ്പ് വെബ് (WhatsApp Web) സംവിധാനം ഉപയോഗിച്ച് സി.ഇ.ഒമാരുടെ പേരിൽ വ്യാജ സന്ദേശങ്ങൾ അയയ്ക്കുന്നു.
- പണം തട്ടൽ: അടിയന്തര ആവശ്യത്തിനെന്ന വ്യാജേന കമ്പനി അക്കൗണ്ടുകളിൽ നിന്നും വലിയ തുകകൾ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകി പണം തട്ടിയെടുക്കുന്നു.
ജീവനക്കാർ പാലിക്കേണ്ട മുൻകരുതലുകൾ:
- ഓർക്കുക: ഒരു അടിയന്തര സന്ദേശത്തിന് മുന്നിലും പരിഭ്രാന്തരാകാതിരിക്കുക. സാമ്പത്തിക ഇടപാടുകൾക്ക് മുൻപ് കൃത്യമായ പരിശോധന ഉറപ്പാക്കുക.
- വാട്സ്ആപ്പ് അല്ലെങ്കിൽ ഇ-മെയിൽ സന്ദേശങ്ങൾ മാത്രം വിശ്വസിച്ച് യാതൊരുവിധ പണമിടപാടുകളും നടത്തരുത്.
- വലിയ തുകകൾ കൈമാറുന്നതിന് മുൻപ് ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ ഫോണിൽ നേരിട്ട് വിളിച്ച് സന്ദേശത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്തുക.
- അപരിചിതരിൽ നിന്ന് ഇ-മെയിൽ വഴിയോ അല്ലാതെയോ ലഭിക്കുന്ന ZIP, EXE, DLL ഫയലുകൾ യാതൊരു കാരണവശാലും തുറക്കരുത്.
- സുരക്ഷ ഉറപ്പാക്കാനായി വ്യക്തിഗത/ഔദ്യോഗിക വാട്സ്ആപ്പിലെ 'Linked Devices' ഏതൊക്കെയാണെന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക. അപരിചിതമായ ഉപകരണങ്ങൾ കണ്ടാൽ ഉടൻ 'Log out' ചെയ്യുക.
- സ്ഥാപനങ്ങളിൽ സാമ്പത്തിക ഇടപാടുകൾക്കായി ഒന്നിലധികം പേരുടെ അനുമതി (Multi-level verification) ആവശ്യമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുക.
ഏതെങ്കിലും തരത്തിൽ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒട്ടും സമയം കളയാതെ ആദ്യത്തെ 'ഗോൾഡൻ അവറിനുള്ളിൽ' തന്നെ 1930 എന്ന ദേശീയ സൈബർ ഹെൽപ്പ് ലൈൻ നമ്പരിലോ, www.cybercrime.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സൈബർ വിംഗ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

