മകനെ രക്ഷിക്കാനെത്തി മരണത്തിലേക്ക് നീന്തി
text_fieldsകൊക്കയാർ പൂവഞ്ചിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം. ഏഴുവീടുകളാണ് ഇവിടെ മണ്ണിനടിയിലായത്
കൊക്കയാർ: ''പപ്പയും ഞാനും ഒരുമിച്ച് വീടിനകത്തേക്ക് േകറി. അകത്ത് കസേരയിൽ ഇരിക്കുേമ്പാഴേക്കും വലിയ ശബ്ദം കേട്ടു. പപ്പയുടെ തലയിലേക്ക് കല്ലുവീഴുന്നതു കണ്ടു. എെൻറ തലയിൽ എന്തോ വീണു. പിന്നെ ഒന്നും ഓർമയില്ല. കണ്ണുതുറക്കുേമ്പാൾ വെള്ളത്തിലായിരുന്നു''-ഭീതിദമായ ആ ഓർമയുടെ ഞെട്ടലിലായിരുന്നു കൊക്കയാറിൽ ഉരുൾപൊട്ടി മരിച്ച പൂവഞ്ചി ചിറയിൽ ഷാജിയുടെ മകൻ 11കാരൻ ജെബിൻ.
കല്ലിനടിയിൽപെട്ട് ചതഞ്ഞ കാലുമായി കൂട്ടിക്കൽ സി.എസ്.ഐ പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പിൽ ഷാജിയെ കാണാനില്ലെന്ന വാർത്ത അറിയാതെ പപ്പ വരുമെന്ന പ്രതീക്ഷയിലിരിക്കുകയായിരുന്നു ഇളയ മകൻ ജെബിൻ. ഐ.എൻ.ടി.യു.സി ചുമട്ടുതൊഴിലാളിയായ ഷാജി കൂട്ടിക്കൽ ചപ്പാത്തിനുസമീപത്തെ വെള്ളം കണ്ടുനിൽക്കുന്നതിനിടെയാണ് വീട്ടിലേക്ക് ഓടിയെത്തിയത്. ജെബിൻ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മുറ്റത്തു നിന്ന ജെബിനെയും കൂട്ടി ഷാജി അകത്തെത്തി. അകത്തുചെന്നപ്പോഴേക്കും വലിയ പൊട്ടിത്തെറിപോലെ ശബ്ദം കേട്ടു. ഇതിനുപിറകെ വീടിെൻറ ഷീറ്റും കല്ലും മറ്റും തലയിൽ വീണ് ബോധം പോയെന്ന് ജെബിൻ പറഞ്ഞു. ബോധം വരുേമ്പാൾ വെള്ളത്തിലാണ്. ശ്വാസംമുട്ടിയപ്പോൾ കാലു കുടഞ്ഞുനോക്കി. അനങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല. വെള്ളത്തിനുമുകളിലേക്കു വരാനും കഴിയുന്നില്ല. കൈയിട്ടടിച്ചപ്പോൾ പിടികിട്ടിയത് ചെറിയ കാപ്പിക്കമ്പിൽ. അതിൽ പിടിച്ച് ആഞ്ഞുകയറിയപ്പോഴാണ് താൻ നിമിഷങ്ങൾക്ക് മുമ്പിരുന്ന വീട് കാണാനില്ലെന്ന് അറിഞ്ഞത്. നിവർന്നുനിൽക്കുേമ്പാഴേക്കും അടുത്ത ഉരുൾപൊട്ടലുണ്ടായി. വീണ്ടും കല്ലും മരങ്ങളും വരുന്നതു കണ്ടപ്പോൾ കരയിലേക്ക് കയറി. സമീപത്തുള്ളവർ ഇട്ടുകൊടുത്ത കയറിൽ പിടിച്ചാണ് സുരക്ഷിത സ്ഥാനത്തെത്തിയത്. ഷാജി നീന്തി രക്ഷപ്പെട്ടുകാണുമെന്നാണ് ജെബിൻ കരുതിയത്.
ജെബിനും അമ്മ ആനിയുമാണ് ക്യാമ്പിലുള്ളത്. അപകടസമയത്ത് ഷാജിയുടെ മൂത്ത മകൻ ജെറിൻ എറണാകുളത്ത് ജോലി ആവശ്യാർഥം പോയിരുന്നു. ആനി എറണാകുളത്ത് സ്വകാര്യസ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്. ശനിയാഴ്ച രാവിലെ ഷാജി വിളിച്ച് പ്രദേശത്ത് നല്ല മഴയാണെന്ന് പറഞ്ഞിരുന്നു. തുടർന്നു വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഓഫായി. ആനി അയൽവാസികളെ പലരെയും വിളിച്ചെങ്കിലും ഷാജി എവിടെയാണെന്ന വിവരം ലഭിച്ചില്ല. ഞായറാഴ്ച രാവിെല കൊക്കയാറിൽ വന്നപ്പോൾ മാത്രമാണ് ഷാജിയെ കാണാനില്ലെന്ന വിവരം ആനി അറിഞ്ഞത്.