‘സവർക്കർ ചോദ്യത്തിൽ അധ്യാപകന്റെ സസ്പെൻഷന് എന്ത് നടപടിക്രമമാണ് പാലിച്ചത്?’ ഡോ. റാമിന്റെ അറസ്റ്റിൽ ഡിവൈ.എസ്.പിക്കെതിരെ നടപടി വൈകുന്നതിൽ ഹൈകോടതി
text_fieldsകേരള ഹൈകോടതി
കൊച്ചി: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആഭ്യന്തര വകുപ്പിനെ വിമർശിച്ച് ഹൈകോടതി. കേസിലെ മുഖ്യ പ്രതി ഡോ. എം.കെ റാമിനെ രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനെ ഇതുവരെ സസ്‌പെൻഡ് ചെയ്യാത്തത് ആഭ്യന്തര വകുപ്പിന്‍റെ ഗുരുതര വീഴ്ചയാണെന്ന് ജിസ്റ്റിസ് എ. ബദറുദ്ദീൻ വിമർശിച്ചു.
ഓപറേഷൻ തൂഫാനുമായി ബന്ധപ്പെട്ട നടപടികൾ മാറ്റി നിർത്തിയാൽ വകുപ്പിന്‍റെ മറ്റ് നടപടികളെല്ലാം പക്ഷപാതപരമാണെന്ന് കോടതി വിമർശിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി സുധീർ കല്ലനെതിരെ നടപടിയെടുത്ത് അറിയിക്കണമെന്ന് കോടതി നേരത്തെ നിർദേശിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്നായിരുന്നു വിമർശനം. ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. സസ്പെൻഷൻ സംബന്ധിച്ച നടപടിക്രമങ്ങൾ പാലിക്കേണ്ടതിനാലാണ് ഉദ്യോഗസ്ഥനെതിരായ തീരുമാനം വൈകുന്നതെന്നായിരുന്നു വിജിലൻസ് അഭിഭാഷകന്‍റെ വാദം.
സ്വാതന്ത്ര്യദിന ക്വിസിൽ സവർക്കറെ കുറിച്ച് ചോദ്യം എഴുതിയ അധ്യാപകനേയും തിരുവനന്തപുരം കോർപറേഷൻ വിഷയത്തിൽ കത്തയച്ച അണ്ടർ സെക്രട്ടറിയേയും സസ്പെൻഡ് ചെയ്യാൻ എന്ത് നടപടിക്രമമാണ് പാലിച്ചത്. എ.ഡി.ജി.പി അജിത്‌കുമാറിനേയും സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, ഈ കേസിൽ എന്താണ് ഇങ്ങനെ.
ഉയർന്ന ഉദ്യോഗസ്ഥർ പറഞ്ഞതുകൊണ്ടാണ് റാമിന്‍റെ അറസ്റ്റിൽ വീഴ്ച വരുത്തിയതെന്നറിയാം. ഡി.വൈ.എസ്.പിയെ സസ്പെൻഡ് ചെയ്താലുണ്ടാകാവുന്ന പ്രശ്നങ്ങളുമറിയാം. അതിനാലാണ് പുതിയ ന്യായങ്ങൾ പറയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് അന്വേഷണത്തിലെ വീഴ്ചകളടക്കം വ്യകതമാക്കി നിതിൻ രാജിന്‍റെ മാതാപിതാക്കൾ നൽകിയ ഉപഹരജി കോടതി ഉത്തരവിനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

