‘സസ്പെൻഷനല്ലേ ആദ്യം വേണ്ടത്?’ -ഡിവൈ.എസ്.പിയെ സസ്പെൻഡ് ചെയ്യാത്തതിൽ രൂക്ഷ വിമർശനവുമായി ഹൈകോടതി
text_fieldsകൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ഡോ. എം.കെ. റാമിന് രക്ഷപ്പെടാനാവും വിധം അറസ്റ്റിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തതിൽ ഹൈകോടതിയുടെ രൂക്ഷ വിമർശനം. ഡിവൈ.എസ്.പി സുധീർ കല്ലന്‍റെ സസ്പെൻഷനുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കകം നിലപാടറിയിക്കാൻ ജസ്റ്റിസ് എ. ബദറുദ്ദീൻ നിർദേശിച്ചു.
കോടതി വിമർശനത്തെ തുടർന്ന് നടപടിക്രമങ്ങൾ പാലിച്ച് പൊലീസ് രണ്ടാമത് അറസ്റ്റ് ചെയ്ത റാം ഇപ്പോൾ ജയിലിലാണ്. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ അറസ്റ്റ് ചെയ്തതിനാൽ റാമിനെ സെഷൻസ് കോടതി ആദ്യം വിട്ടയച്ച സംഭവത്തിൽ നേരത്തെ കോടതി അതിരൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഈ ഉദ്യോഗസ്ഥനെതിരെ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തിങ്കളാഴ്ച കേസ് പരിഗണിക്കവേ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നാണ് സർക്കാർ അറിയിച്ചത്. ഇതിന് ശേഷമാവും അച്ചടക്ക നടപടിയെന്നും വ്യക്തമാക്കി.
ഇതേ തുടർന്നാണ് സർക്കാർ നിലപാടിനെ കോടതി വിമർശിച്ചത്. വയനാട് ജില്ല പൊലീസ് മേധാവി നടത്തിയ പ്രാഥമികാന്വേഷണത്തിൽ ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് വീഴ്ച കണ്ടെത്തിയെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, സസ്പെൻഷനല്ലേ ആദ്യം വേണ്ടതെന്ന് കോടതി ചോദിച്ചു. നടപടികൾ പൂർത്തിയാക്കാതെ സസ്പെൻഡ് ചെയ്താൽ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്‍റെ സ്റ്റേക്ക് സാധ്യതയുണ്ടെന്നായിരുന്നു സർക്കാർ മറുപടി.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള ശ്രമമല്ലേ നടത്തിയതെന്ന കോടതിയുടെ ചോദ്യത്തിന്, സർക്കാർ ഗൗരവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നതും ആരെയും രക്ഷിക്കാൻ ശ്രമിക്കുന്നില്ലെന്നുമായിരുന്നു സർക്കാർ അഭിഭാഷകന്‍റെ മറുപടി. സർക്കാറിന്‍റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നില്ലെങ്കിലും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ തുടരന്വേഷണം വേണമെന്ന നിലപാട് ശരിയല്ലെന്ന് കോടതി ആവർത്തിച്ചു. നിതിൻരാജിന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരത്തെ വീട്ടിലെത്തി കെൽസ നിയോഗിച്ച അഭിഭാഷകയുടെ സാന്നിധ്യത്തിൽ കുടുംബത്തിന്‍റെ മൊഴിയെടുത്തതായി കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷക അറിയിച്ചു. തുടർന്ന് ഹരജി ആഗസ്റ്റ് 17ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

