ചികിൽസ പിഴവ്: വിദഗ്ധ സമിതി റിപ്പോർട്ട് റദ്ദാക്കണമെന്ന ഡോക്ടർമാരുടെ ഹരജി തള്ളി
text_fieldsകൊച്ചി: ചികിൽസ പിഴവിനെ തുടർന്ന് പത്തു വയസുകാരി മരിച്ച കേസിൽ രണ്ട് ഡോക്ടർമാർക്കെതിരെയുള്ള വിദഗ്ദ്ധ സമിതി റിപ്പോർട്ട് റദ്ദാക്കണമെന്ന ഹരജി ഹൈകോടതി തള്ളി. ഗുരുതര ചികിൽസ പിഴവുണ്ടായെന്ന റിപ്പോർട്ടിനെതിരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരായ റെനി ഫിലിപ്പ്, സുമ ജോൺ എന്നിവർ നൽകിയ ഹരജിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.
വയറു വേദനയും ഛർദിയും മൂലം 2010 ആഗസ്റ്റ് രണ്ടിന് പന്തളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ചികിത്സക്ക് പിന്നാലെ ഗുരുതരാവസ്ഥയിലാവുകയും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഉടൻ മരണപ്പെടുകയുമായിരുന്നു. ശ്വാസം മുട്ടലാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പന്തളം പൊലീസ് കേസെടുക്കുകയും അന്വേഷണത്തിന് സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തു. നേരത്തേ, രണ്ട് തവണ ഡോക്ടർമാരെ കുറ്റവിമുക്തരാക്കി സമിതി റിപ്പോർട്ട് നൽകിയിരുന്നെങ്കിലും കോടതി ഇടപെടലിനെത്തുടർന്ന് നടത്തിയ പുനഃപരിശോധനയിൽ വീഴ്ചയുണ്ടായതായി കണ്ടെത്തുകയായിരുന്നു.
16 വർഷം കഴിഞ്ഞിട്ടും കേസിന്റെ വിചാരണ തുടങ്ങാത്തതിനെ കോടതി വിമർശിച്ചു. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. മെഡിക്കൽ പ്രൊഫഷനിൽ ഉള്ളവർക്ക് ക്രിമിനൽ നടപടികളിൽ നിന്ന് പ്രത്യേക പരിരക്ഷ അവകാശപ്പെടാനാവില്ല. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം ഒരാൾ കുറ്റക്കാരനാകണമെന്നില്ലെന്നും കോടതി വ്യക്തമാക്കി.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരാമെന്നും വിചാരണ വേളയിൽ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചോദ്യം ചെയ്യാൻ ഡോക്ടർമാർക്ക് അവസരമുണ്ടെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

