മൂന്നാർ കൈയേറ്റം ഒഴിപ്പിക്കാൻ രണ്ട് ദിവസത്തിനകം പുതിയ കർമസേന
text_fieldsകൊച്ചി: മൂന്നാർ അടക്കം മലയോര മേഖലകളിലെ കൈയേറ്റം ഒഴിപ്പിക്കാൻ പുതിയ കർമ സേന രൂപവത്കരിച്ച് രണ്ട് ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സർക്കാർ ഹൈകോടതിയിൽ. മൂന്നാർ അടക്കം മേഖലകളിൽ വീട് നിർമാണത്തിന് ഒരു സെന്റോ അതിൽ താഴെയോ ഭൂമി കൈയേറിയവർക്ക് പട്ടയം നൽകുന്നത് പരിഗണിക്കുന്നുണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഇത്തരത്തിൽ ഭൂമി കൈയേറിയവരുടെ പട്ടിക പ്രത്യേകം ഹാജരാക്കണമെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. മൂന്നാർ മേഖലയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ കേന്ദ്രമായ വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന നൽകിയതടക്കം ഹരജികളാണ് കോടതി പരിഗണിച്ചത്.
എതിർപ്പുന്നയിക്കാത്ത കൈയേറ്റങ്ങൾ സമയബന്ധിതമായി ഒഴിപ്പിക്കലാണ് കർമ സേനയുടെ ചുമതലയെന്ന് ഇടുക്കി ജില്ല കലക്ടർ ചൂണ്ടിക്കാട്ടി. കൈയേറി നിർമിച്ച കെട്ടിടങ്ങളിൽ റിസോർട്ടുകളും മറ്റും പ്രവർത്തിക്കുന്നുണ്ടെങ്കിൽ നിർത്തി വെപ്പിക്കാൻ പൊലീസിനടക്കം നിർദേശം നൽകിയിട്ടുണ്ട്. 300ൽ അധികം കൈയേറ്റങ്ങൾ കണ്ടെത്തിയതിൽ 70 അപ്പീലുകളാണ് കലക്ടറുടെ പരിഗണനയിലുള്ളത്. ഇതിൽ രണ്ട് മാസത്തിനുള്ളിൽ തീരുമാനമെടുക്കും. അതേസമയം ദുരന്തമേഖലകൾ കണ്ടെത്താനാകുന്നില്ലെന്നും പരിശീലനം ലഭിച്ചിട്ടും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറിമാർ കോടതിയെ അറിയിച്ചു. ഇതിന് കാരണമെന്തെന്ന് വിശദീകരിക്കാൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് കോടതി നിർദേശിച്ചു. വിഷയത്തിൽ കേന്ദ്ര ഇടപെടൽ ഫലപ്രദമല്ലെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ മാത്രമേ നടപടി സ്വീകരിക്കാനാകൂവെന്നായിരുന്നു കേന്ദ്ര സർക്കാർ വിശദീകരണം. എന്നാൽ, കോടതി നിർദേശം മതിയാകുമെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. തുടർന്ന് ഇക്കാര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന് അറിയിക്കണമെന്ന് കേന്ദ്രത്തോടും ബുദ്ധിമുട്ട് രേഖാമൂലം കലക്ടറെ അറിയിക്കാൻ പഞ്ചായത്ത് സെക്രട്ടറിമാരോടും നിർദേശിച്ചു.
അതിനിടെ, നിലവിലെ ഹരജിക്കാർക്ക് രജിസ്ട്രേഷൻ ഇല്ലെന്നടക്കം ആരോപിച്ച് വൺ എർത്ത് വൺ ലൈഫ് എന്ന പേരിൽ പുതിയ സംഘടനയും ഹരജിയുമായെത്തി. ഇത്തരം തർക്കത്തിൽ കാര്യമില്ലെന്ന് വ്യക്തമാക്കിയ കോടതി മൂന്നാർ മേഖലയിലെ മനുഷ്യരുടെ സുരക്ഷയാണ് പരമ പ്രധാനമെന്നതിനാൽ ഹരജിക്കാരില്ലെങ്കിലും നടപടിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി. കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾ എവിടെ വരെയായി എന്നത് വ്യക്തമാക്കി പട്ടിക തിരിച്ച് വിവരങ്ങൾ നൽകാൻ കോടതി നിർദേശിച്ചു. ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

