അരവണ നെയ്യ് ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈകോടതി; അന്വേഷണ സംഘം പത്ത് ദിവസത്തിനകം വേണം
text_fieldsകൊച്ചി: അരവണ നിർമാണത്തിന് ശബരിമലയിലേക്ക് മിൽമയിൽനിന്ന് നെയ്യ് വാങ്ങിയതിലെ ക്രമക്കേട് ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈകോടതി. കഴിഞ്ഞ തീർഥാടന സീസണിൽ മിൽമയിൽനിന്ന് വാങ്ങിയ നെയ്യിൽ ഒരു ഭാഗം വഴിമധ്യേ മറിച്ചുവിറ്റ ശേഷം മായംചേർത്ത നെയ്യ് എത്തിച്ചെന്ന ആരോപണത്തിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന് വേണ്ടി പത്ത് ദിവസത്തിനകം പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപവത്കരിച്ച് കോടതിയെ അറിയിക്കാൻ വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകി.
20,000 യൂനിറ്റ് അരവണയുണ്ടാക്കാൻ മിൽമയിൽനിന്ന് 1.65 ലക്ഷം ലിറ്റർ നെയ്യ് വാങ്ങാനായിരുന്നു കരാർ. ലിറ്ററിന് 369 രൂപ ക്വാട്ട് ചെയ്യുകയും ഗുണനിലവാര പരിശോധന പാസാവുകയും ചെയ്ത തമിഴ്നാട്ടിലെ കുങ്കുമരാജ് ഡയറിയെ അടക്കം തഴഞ്ഞാണ് 510 രൂപ നിരക്കിൽ മിൽമയെ ഏൽപിച്ചത്. എക്സിക്യൂട്ടിവ് ഓഫിസറായിരുന്ന മുരാരി ബാബുവിന്റെ രണ്ടു കത്തുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഒരു യൂനിറ്റ് അരവണക്ക് 10 ലിറ്റർ നെയ്യ് ഉപയോഗിക്കുന്ന സ്ഥാനത്ത്, മിൽമ നെയ്യ് ഏഴ് ലിറ്റർ മതിയാകുമെന്നാണ് മുരാരി അവകാശപ്പെട്ടത്.
കൂടിയ തുകയടക്കം ചൂണ്ടിക്കാട്ടി ദേവസ്വം കമീഷണർ രേഖാമൂലം എതിർത്തെങ്കിലും ബോർഡ് പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തും അംഗം അജികുമാറും മിൽമയെ അനുകൂലിക്കുകയും മറ്റു ടെൻഡറുകൾ റദ്ദാക്കുകയും ചെയ്തു. കരാർ പ്രകാരമുള്ള മുഴുവൻ നെയ്യും ശബരിമലയിൽ എത്തിയില്ലെന്ന് ആരോപണമുയർന്നതോടെ ശബരിമല സ്പെഷൽ കമീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ചീഫ് വിജിലൻസ് ഓഫിസർ പ്രാഥമിക അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
മിൽമയിൽനിന്ന് കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയ വകയിൽ ബോർഡിന് 2.28 കോടി രൂപ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തൽ.
വീഴ്ചയുണ്ടായില്ലെന്ന് മില്‍മ
തിരുവനന്തപുരം: ശബരിമലയിലേക്കുള്ള നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്നും ഗുണനിലവാരമുള്ള നെയ്യ് തന്നെയാണ് നല്‍കിയതെന്നും മില്‍മ ചെയര്മാന് കെ.എസ്. മണി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മില്‍മ നെയ്യിനുപകരം ഗുണനിലവാരം കുറഞ്ഞ നെയ്യ് ഉപയോഗിച്ചെന്നാണ് മാധ്യമങ്ങളിലൂടെ അറിയുന്നത്.
കൃത്രിമം നടന്നെങ്കില്‍ അതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

