പൊലീസ് നിയമ ഭേദഗതി: പൊതുതാൽപര്യ ഹരജികൾ ഹൈകോടതി നാളെ പരിഗണിക്കും
text_fieldsകൊച്ചി: പൊലീസ് നിയമത്തിൽ ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഒാർഡിനൻസിനെതിരെയുള്ള വിവിധ പൊതു താൽപര്യഹരജികൾ പരിഗണിക്കുന്നത് ഹൈകോടതി നാളത്തേക്ക് മാറ്റി. നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഗവർണർ ഒപ്പുവെച്ച ഒാർഡിനൻസ് നിലനിൽക്കുന്നതിനാൽ നടപ്പാക്കില്ലെന്ന സർക്കാറിൻെറ വാദത്തെ കോടതി എങ്ങനെയാണ് പരിഗണിക്കുക എന്നത് പ്രസക്തമാണ്. അതേസമയം, ഒാർഡിനൻസ് പിൻവലിക്കാൻ നാളെ ചേരുന്ന മന്ത്രിസഭാ യോഗം ഗവർണറോട് ശുപാർശ ചെയ്തേക്കും.
സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങൾക്കും മാധ്യമവാർത്തകൾക്കുമെതിരെ പരാതി ഇല്ലെങ്കിൽ തന്നെ, വാറൻറ് പോലുമില്ലാതെ പൊലീസിന് നടപടി എടുക്കാൻ അനുവാദം നൽകുന്ന വിവാദ ഒാർഡിനൻസിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. സി.പി.എം. കേന്ദ്ര നേതൃത്വമടക്കം ഒാർഡിനൻസിനെതിരെ നിലപാടെടുത്തതോടെ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ വിവാദങ്ങൾ അടങ്ങിയെങ്കിലും ഒാർഡിനൻസ് നിയമമായി നിലനിൽക്കുകയാണ്. ഇതനുസരിച്ച് നടപടി എടുക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ വാക്കാലുള്ള നിർദേശം മാത്രമാണുള്ളത്. ഒാർഡിസൻസ് അനുസരിച്ച് പൊലീസ് നടപടി എടുത്താൽ നിയമപരമായി നിലനിൽക്കുന്ന സാഹചര്യമാണുള്ളത്. ഈ ഘട്ടത്തിലാണ് കോടതി പൊതു താൽപര്യ ഹരജികൾ പരിഗണിക്കുന്നതെന്ന പ്രസക്തിയുണ്ട്.