Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപ്പീലുമായി പിണറായി ഹൈകോടതിയിൽ, ഹരജി ഇന്ന് പരിഗണിക്കും; പ്രതിരോധമൊരുക്കാൻ സി.പി.എം

text_fields
bookmark_border
https://www.madhyamam.com/tags/cmrl-case
cancel

കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ അപ്പീലുകൾ ഹൈകോടതി ഡിവിഷൻ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. പിണറായിക്ക് പുറമെ മകൾ ടി. വീണ, മരുമകനും മുൻമന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, ഇവരുടെ സാമ്പത്തിക ഇടപാടുകൾക്ക് സഹായം നൽകിയ സി.പി.എം നേതാവ് പി. നിഖിൽ എന്നിവർ നൽകിയ അപ്പീലാണ് കെ. നടരാജൻ, ജോൺസൺ ജോൺ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്‍റെ പരിഗണനയിലുള്ളത്.

തങ്ങളുടെ വാദം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നുമടക്കം ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയത്. അതേസമയം, കേസെടുക്കാവുന്ന കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് തടസമെന്തെന്നും ആരോപണ വിധേയരെ കേൾക്കേണ്ടതുണ്ടോയെന്നും ഹൈകോടതി ചോദിച്ചു. കുറ്റകൃത്യത്തെക്കുറിച്ച് ആർക്കും വിവരം നൽകാവുന്നയതാണ്. ഇരയോ പരിക്കേറ്റയാളോ മരിച്ച വ്യക്തിയുടെ ബന്ധുവോ വിവരം നൽകിയാൽ മാത്രമേ നിയമ നടപടികൾ സ്വീകരിക്കാവൂവെന്നില്ല. ലഭിക്കുന്ന വിവരങ്ങളിൽനിന്ന് കുറ്റകൃത്യം നടന്നതായി ബോധ്യപ്പെടുന്ന പക്ഷം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാകാമെന്നും കോടതി പറഞ്ഞു.

രജിസ്ട്രി ശ്രദ്ധയിൽപ്പെടുത്തിയ ചില അപാകതകൾ തിരുത്തി സമർപ്പിക്കാൻ നിർദേശിച്ച് ഹരജി ഉച്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി. എന്നാൽ, ഹരജി ഫയൽ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

പിണറായിക്ക് ശക്തമായ പ്രതിരോധമൊരുക്കാൻ സി.പി.എം; പോരാട്ടം നിയമപരമായും രാഷ്ട്രീയമായും

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ വിജലൻസ് കേസ് രജിസ്റ്റർ ചെയ്തതോടെ നിയമ പോരാട്ടത്തിനൊപ്പം ശക്തമായ രാഷ്ട്രീയ പ്രതിരോധത്തിനും തയാറെടുത്ത് സി.പി.എം. ഇ.ഡി വേട്ടക്കെതിരെ ദേശീയ തലത്തിലെ പ്രമുഖരെയും കേന്ദ്ര ഏജൻസികളുടെ ഇരകളെയും അണിനിരത്തി സെമിനാറുകൾ സംഘടിപ്പിക്കാനും ഒപ്പം, പ്രതിപക്ഷ വേട്ടയെന്ന വാദം സ്ഥാപിക്കാനുമാണ് സി.പി.എം ശ്രമം. സെമിനാർ പരമ്പരയുടെ തുടക്കം ബുധനാഴ്ച തിരുവനന്തപുരത്താണ്.

പാർട്ടിയുടെ സമുന്നത നേതാവിനെതിരെ കേസ് വന്നത് സി.പി.എമ്മിനെ സംബന്ധിച്ച് നിയമപരവും രാഷ്ട്രീയവുമായ കടുത്ത പരീക്ഷണമാണ്. ഹൈകോടതി സിംഗിൾ ബെഞ്ചിന്റെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ പ്രതീക്ഷയർപ്പിക്കുന്നുണ്ടെങ്കിലും ഡിവിഷൻ ബെഞ്ച് വിധി അനുകൂലമല്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനും ആലോചനയുണ്ട്. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17എ പ്രകാരമുള്ള അനുമതിയില്ലായ്മ, സ്വാഭാവിക നീതി നിഷേധം, എസ്.എഫ്.ഐ.ഒ അന്വേഷണത്തിന്റെ സമാന്തര സ്വഭാവം എന്നിവ ഉയർത്തിപ്പിടിച്ചുള്ള നിയമ പോരാട്ടമാണ് പാർട്ടിക്ക് മുന്നിലെ പ്രധാന പ്രതിരോധ കവചം. സമാന്തരമായി കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ ദുരുപയോഗമെന്ന ആഖ്യാനം മുൻനിർത്തി അണികളെയും ജനങ്ങളെയും അണിനിരത്തി രാഷ്ട്രീയ നീക്കങ്ങളുമുണ്ടാകും.

പാർട്ടിയുടെ ഭാവിപ്രവർത്തനങ്ങളെയും ജനകീയ അടിത്തറയെയും സംരക്ഷിക്കുന്നതിൽ ഇത് നിർണായകമാണ്. ‘‘ഈ കള്ളക്കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും’ എന്ന മുന്നണി കൺവീനറുടെ പ്രതികരണത്തിൽ ഇക്കാര്യങ്ങളെല്ലാമുണ്ട്. കേന്ദ്രത്തിലെ ബി.ജെ.പി ഭരണകൂടം ഇ.ഡി ഉൾപ്പെടെ അന്വേഷണ ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്കും സംസ്ഥാന സർക്കാറുകൾക്കുമെതിരെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന ദേശീയ തലത്തിലെ പ്രചാരണം സി.പി.എം ശക്തമാക്കും.

നേതാവിന്റെ മകൾക്കെതിരായ കേസ് പാർട്ടിക്കെതിരായ രാഷ്ട്രീയ നീക്കമായി വ്യാഖ്യാനിക്കുന്നതിൽ പാർട്ടിയിൽ മുറുമുറുപ്പുണ്ടെങ്കിലും അന്വേഷണം പിണറായിയിലേക്കെത്തിക്കാനുള്ള കേന്ദ്രനീക്കമാണ് പാർട്ടി എന്ന നിലയിലെ ചെറുത്തുനിൽപ്പിന് കാരണമെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് കോടതി നിർദേശമായതിനാൽ ഇ.ഡി നീക്കത്തിന് സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന രാഷ്ട്രീയ ആരോപണം ഉന്നയിക്കാനാകാത്ത പരിമിതിയുണ്ട്. അതേസമയം, മുന്നണി കൺവീനർ ഇക്കാര്യം ഉന്നയിച്ചില്ലെങ്കിലും പുതുതായി സെക്രട്ടറിയേറ്റിലേക്കെത്തിയ എം.ബി രാജേഷ് ‘‘ഇ.ഡിയും വി.ഡിയും ചേർന്ന മാച്ച് ഫിക്സിങ്ങിന്റെ ഫലമാണ് കേസ്’ എന്ന് ആരോപിച്ച് രംഗത്തെത്തിയതും ശ്രദ്ധേയം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - HC division bench to hear Pinarayi's appeal in CMRL-Exalogic masappadi case on Tuesday
Next Story