കൊച്ചി: കേരളത്തിലും വിദേശത്തും വിവിധ പരിപാടികളിൽ പങ്കെടുക്കാമെന്ന് സമ്മതിച്ച് ബോളിവുഡ് നടി സണ്ണി ലിയോണി എന്ന കരൺജിത്ത് കൗർ വോറ 39 ലക്ഷം തട്ടിയെടുത്തെന്ന കേസിൽ ഹൈകോടതി പരാതിക്കാരിൽനിന്ന് കൂടുതൽ വിശദീകരണം തേടി.
സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപിച്ച് പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നൽകിയ കേസുമായി ബന്ധപ്പെട്ട് നടിയും ഭർത്താവ് ഡാനിയൽ വെബെറും ഇവരുടെ കമ്പനി ജീവനക്കാരൻ സുനിൽ രജനിയും നൽകിയ മുൻകൂർ ജാമ്യ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് അശോക് മേനോൻ വിശദീകരണത്തിന് കൂടുതൽ സമയം അനുവദിച്ചത്്. അതേസമയം, വിദേശത്തേക്ക് പോകാൻ സണ്ണി ലിയോണി കോടതിയുടെ അനുമതി വാങ്ങണമെന്ന നിബന്ധന വെക്കണമെന്ന പരാതിക്കാരെൻറ ആവശ്യം അനുവദിച്ചില്ല. ഹരജി മാർച്ച് എട്ടിന് വീണ്ടും പരിഗണിക്കും.