ഫ്രഷ് കട്ടിന് ഈ മാസം 20വരെ തുടർപ്രവർത്തനം നടത്താം; പൂട്ടാനുള്ള ഉത്തരവിനെതിരായ സ്റ്റേ ഹൈകോടതി നീട്ടി
text_fieldsകോഴിക്കോട്: താമരശേരിയിലെ ഫ്രഷ് കട്ട് സ്ഥാപനത്തിന് തൽക്കാലം തുടർപ്രവർത്തനം നടത്താമെന്ന് ഹൈക്കോടതി. സ്ഥാപനം പൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടുള്ള നടപടി കോടതി ഈ മാസം 20 വരെയാണ് നീട്ടിയത്.
കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട് മുൻനിർത്തിയാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അടച്ചുപൂട്ടൽ ഉത്തരവ് ഹൈക്കോടതി മുമ്പ് സ്റ്റേ ചെയ്തിരുന്നത്. സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങൾ പുഴയിലേക്ക് ഒഴുകിയിട്ടില്ലെന്ന റിപ്പോർട്ടിലെ പരാമർശം കോടതി ഉത്തരവിലും എടുത്തുപറയുന്നുണ്ട്.
കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി, കോഴിക്കോട് ജില്ലാ കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റ് എൻജിനീയർ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എന്നിവർക്ക് മാത്രമായിരുന്നു ഈ ഔദ്യോഗിക റിപ്പോർട്ട് കൈമാറിയിരുന്നത്. എന്നാൽ, റിപ്പോർട്ട് കൈമാറി നാലാം ദിവസംതന്നെ കമ്പനി അധികൃതർക്ക് ഈ രേഖ ലഭിച്ചതിൽ ദുരൂഹതയുണ്ടെന്ന ആക്ഷേപം ശക്തമാണ്.
ഈ മാസം രണ്ടിനാണ് പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് തയാറാക്കിയത്. തുടർന്ന് അഞ്ചാം തീയതി മലിനീകരണ നിയന്ത്രണ ബോർഡ് ഫ്രഷ് കട്ട് അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ഇതിനുപിന്നാലെ അടുത്ത ദിവസം തന്നെ കമ്പനി ഹൈക്കോടതിയെ സമീപിക്കുകയും അന്നുതന്നെ അനുകൂല വിധി സമ്പാദിക്കുകയും ചെയ്യുകയായിരുന്നു.
കരിമ്പാലകുന്ന് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന ഗുരുതര പരിസ്ഥിതി-ആരോഗ്യ പ്രശ്നങ്ങൾ നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിന്റെ തുടർച്ചയായയാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഫ്രഷ് കട്ട് പ്ലാൻറ് പൂട്ടാൻ ഉത്തരവിറക്കിയിരുന്നത്.
ദിവസങ്ങൾക്ക് മുമ്പ് വെള്ളപ്പൊക്കത്തിൽ പ്ലാന്റിനുള്ളിൽ വെള്ളം കയറി സൂക്ഷിച്ചിരുന്ന കോഴിമാലിന്യം സമീപത്തെ പുഴയിലേക്ക് ഒഴുകുന്ന ഗുരുതര സാഹചര്യമുണ്ടായി. ഇതേത്തുടർന്ന് പ്ലാന്റ് നേരിട്ട് സന്ദർശിച്ച എം.എൽ.എ കലക്ടറോട് അടിയന്തരമായി സ്റ്റോപ്പ് മെമ്മോ നൽകാൻ ആവശ്യപ്പെടുകയും വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.
കൊടുവള്ളി നിയോജകമണ്ഡലത്തിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിലെയും തിരുവമ്പാടി നിയോജകമണ്ഡലത്തിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെയും നൂറുകണക്കിന് കുടുംബങ്ങളാണ് പ്ലാന്റിൽ നിന്നുള്ള ദുർഗന്ധവും മലിനീകരണവും കാരണം വർഷങ്ങളായി ദുരിതമനുഭവിച്ചിരുന്നത്.
ദൈനംദിന ജീവിതം ദുസ്സഹമാകുന്നതോടൊപ്പം വിവിധ ആരോഗ്യപ്രശ്നങ്ങളും പ്രദേശവാസികൾ നേരിടുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. പ്ലാന്റ് പൂട്ടണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ നിരവധി ആളുകൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്ത് മാസങ്ങളോളം ജയിലിലടച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

