അഞ്ചേരി ബേബി വധക്കേസിൽ എം.എം മണിയടക്കം മൂന്ന് പ്രതികളെ ഹൈകോടതി കുറ്റവിമുക്തരാക്കി
text_fieldsനാല് പതിറ്റാണ്ടു മുമ്പത്തെ അഞ്ചേരി ബേബി വധക്കേസിൽ മുൻമന്ത്രി എം.എം മണിയടക്കം മൂന്ന് പ്രതികളെ ഹൈകോടതി കുറ്റവിമുക്തരാക്കി. പ്രതികളുടെ വിടുതൽ ഹരജി കോടതി അംഗീകരിച്ചു. ഒ.ജി മദനനൻ, പാമ്പുപാറ കുട്ടൻ എന്നിവരാണ് എം.എം മണിയോടൊപ്പം കുറ്റവിമുക്തരായത്.
യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല ബ്ളോക്ക് സെക്രട്ടറിയും ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്‍റുമായിരുന്ന അഞ്ചേരി ബേബി 1982 നവംബര്‍ 13നാണ് കൊല്ലപ്പെട്ടത്. മാസങ്ങള്‍ നീണ്ട വിചാരണക്കൊടുവില്‍ കേസിലെ ഒമ്പത് പ്രതികളെയും കോടതി വെറുതെവിട്ടിരുന്നു. 2012 മേയ് 25ന് തൊടുപുഴ മണക്കാട്ട് നടത്തിയ പ്രസംഗത്തില്‍ എതിരാളികളെ പട്ടിക തയാറാക്കി വകവരുത്തിയെന്ന എം.എം. മണിയുടെ വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തിൽ ഈ കേസിൽ അന്വേഷണം പുനരാരംഭിക്കുകയായിരുന്നു.
ആലപ്പുഴ സി.ബി.സി.ഐ.ഡി ഡിവൈ.എസ്.പി സുനില്‍ കുമാറിന്‍െറ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘം 2015 നവംബര്‍ 18ന് നെടുങ്കണ്ടം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ഉടുമ്പന്‍ചോല മാട്ടുതാവളം കരുണാകരന്‍ കോളനിയില്‍ കൈനകരി കുട്ടന്‍ എന്ന കുട്ടപ്പന്‍, അന്ന് സി.പി.എം ജില്ല സെക്രട്ടറിയായിരുന്ന എം.എം. മണി, എന്‍.ആര്‍ സിറ്റി സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഒയ്യാരത്ത് ഒ.ജി. മദനന്‍ എന്നിവരായിരുന്നു കുറ്റപത്രത്തിൽ യഥാക്രമം ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍. ആദ്യം കുട്ടനെയും മദനനെയും 2012 നവംബര്‍ 21ന് പുലര്‍ച്ചെയും കുഞ്ചിത്തണ്ണിയിലെ വീട്ടില്‍നിന്ന് എം.എം. മണിയെയും അറസ്റ്റ് ചെയ്തു. മുമ്പ് വെറുതെവിട്ട ഒമ്പത് പ്രതികളില്‍ ഒരാളായ സി.പി.എം മുന്‍ ഏരിയ സെക്രട്ടറി മോഹന്‍ദാസ് അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗൂഢാലോചനക്കേസിലായിരുന്നു അറസ്റ്റ്.
റിമാന്‍ഡ് തടവുകാരനായി പീരുമേട് സബ് ജയിലിലത്തെിയ മണി 44 ദിവസത്തിന് ശേഷമാണ് ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെ ജാമ്യം നേടി പുറത്തിറങ്ങിയത്. 2016 ജനുവരി 28ന് കേസ് തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. 2016 മാര്‍ച്ച് 29നാണ് തൊടുപുഴ കോടതിയില്‍ വിചാരണ ആരംഭിച്ചത്.
ബേബിയെ വധിക്കാന്‍ ഗൂഢാലോചനയില്‍ പങ്കാളികളായെന്ന് ആക്ഷേപമുള്ള അന്നത്തെ സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, അന്നത്തെ സി.ഐ.ടി.യു ജില്ല സെക്രട്ടറി എ.കെ. ദാമോദരന്‍, സേനാപതി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന വി.എം. ജോസഫ് എന്നിവരെയും പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹരജി നല്‍കി.
ഇതിനിടെ, മണി വൈദ്യുതി മന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു. പിന്നീട് എം.എം മണിക്കെതിരെ വി.എസ്. അച്യുതാനന്ദൻ രംഗത്തെത്തുകയും കൊലക്കേസിൽ പ്രതിയായ മണി രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എം.എം മണിയും മറ്റു പ്രതികളും നൽകിയ വിടുതൽ ഹരജി ഹൈകോടതിയുടെ പരിഗണനയിലായിരുന്നു. അതിലാണിപ്പോൾ എം.എം മണിയടക്കമുള്ളവർക്ക് അനുകൂലമായി വിധി വന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

