നൂറുകോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് ഒരുകോടി തട്ടിയ ഹവാല ഏജന്റ് അറസ്റ്റിൽ
text_fieldsമൂവാറ്റുപുഴ: നൂറുകോടി രൂപ വായ്പ നൽകാമെന്ന് വാഗ്ദാനം നൽകി മൂവാറ്റുപുഴ സ്വദേശിയായ വ്യവസായിൽനിന്ന് ഒരുകോടി അഞ്ചുലക്ഷം തട്ടിയ കേസിൽ ഹവാല ഏജന്റ് അറസ്റ്റിൽ. പെരിന്തൽമണ്ണ അങ്ങാടിപ്പുറം പുത്തനങ്ങാടി പേരയിൽ വീട്ടിൽ അൻവർ സാദത്തിനെയാണ് (42) എറണാകുളം റൂറൽ ജില്ല ക്രൈംബ്രാഞ്ച് പിടികൂടിയത്. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ നടേശൻ (47), രാജേഷ് പാണ്ഡ്യൻ (26) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
മൂവാറ്റുപുഴ സ്വദേശിക്ക് നൂറുകോടി രൂപ വായ്പ നൽകാമെന്ന് പറഞ്ഞാണ് സംഘം സമീപിച്ചത്. 50 കോടി രൂപ ആദ്യ ഗഡു വായ്പയായി നൽകാമെന്ന് പറഞ്ഞുറപ്പിച്ചു. പണം വാങ്ങാൻ തിരുനെൽവേലിയിൽ എത്തിയപ്പോൾ തട്ടിപ്പുസംഘം 50 കോടിയുടെ ഡ്രാഫ്റ്റ് കാണിച്ചു. മൂവാറ്റുപുഴ സ്വദേശിയുടെ കൂടെയുണ്ടായ ചാർട്ടേഡ് അക്കൗണ്ടന്റ് ഈ ഡ്രാഫ്റ്റിൽ സംശയം പ്രകടിപ്പിച്ചപ്പോൾ സംഘം ഇവരെ തട്ടിക്കൊണ്ടുപോയി വീട്ടുകാരിൽനിന്ന് ഒരുകോടി അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. ഈ തുക മൂവാറ്റുപുഴയിൽനിന്ന് വാങ്ങാൻ ആളെ ഏർപ്പാടാക്കിയത് അൻവർ സാദത്താണ്. വാങ്ങിയ തുക തിരുനെൽവേലിയിലെ സംഘത്തലവന് എത്തിച്ചുനൽകിയത് അൻവർ സാദത്തും മറ്റൊരു പ്രതിയും ചേർന്നാണ്. ഇയാളുടെ പേരിൽ ഹവാല ഇടപാടുമായി വേറെയും കേസുകളുണ്ട്. എസ്.ഐമാരായ ടി.എം. സൂഫി, എസ്. സന്തോഷ് ബേബി സി.പി.ഒ ഷിബു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

