കോൺഗ്രസുമായി ചില പ്രശ്‌നങ്ങളുണ്ട്; അവ നേതൃത്വവുമായി ചർച്ച ചെയ്യും -ശശി തരൂർ
text_fieldsകോഴിക്കോട്: പാർട്ടിയുമായി തനിക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നും അവ നേതൃത്വവുമായി ചർച്ച ചെയ്യുമെന്നും കോൺഗ്രസ് എം.പി. ശശി തരൂർ. പാർലമെന്റിൽ സംഘടനയുടെ പ്രഖ്യാപിത നിലപാടുകൾ ഒരിക്കലും ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ മാധ്യമങ്ങളിലൂടെയല്ല, സംഘടനക്കുള്ളിൽ തന്നെ ചർച്ച ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ അടുത്തിടെ നടന്ന ഒരു പരിപാടിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്റെ സാന്നിധ്യം വേണ്ടവിധം അംഗീകരിക്കാത്തതിലും, സംസ്ഥാന നേതാക്കൾ തന്നെ മാറ്റിനിർത്താൻ ആവർത്തിച്ച് ശ്രമിച്ചതിലും തരൂർ അസ്വസ്ഥനാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
'എന്റെ പാർട്ടി നേതൃത്വവുമായി ഞാൻ ചർച്ച ചെയ്യേണ്ട ചില വിഷയങ്ങളുണ്ട്. എന്റെ ആശങ്കകൾ പാർട്ടി നേതൃത്വത്തോട് വ്യക്തമാക്കാനും അവരുടെ കാഴ്ചപ്പാട് മനസ്സിലാക്കാനും എനിക്ക് അവസരം ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു' -എന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, കോൺഗ്രസ് സ്ഥാനാർഥികളായി ജയിച്ച തദ്ദേശസ്ഥാപന ജനപ്രതിനിധികൾക്കായി കെ.പി.സി.സി സംഘടിപ്പിച്ച വിജയോത്സവം മഹാപഞ്ചായത്തിൽ ആവശ്യമായ പരിഗണന ലഭിക്കാത്തതില്‍ ശശി തരൂരിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. എ.ഐ.സി.സി വർക്കിങ് കമ്മിറ്റി അംഗമെന്ന പരിഗണന ലഭിച്ചില്ലെന്ന് കാണിച്ച് കെ.സി. വേണുഗോപാലിനോടും ദീപാദാസ് മുൻഷിയോടും തരൂർ പരാതി അറിയിച്ചെന്നാണ് വിവരം. കൊച്ചിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടി തീരുംമുമ്പേ തരൂർ വേദി വിട്ട് ഇറങ്ങിപ്പോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

