മതവിദ്വേഷ പരാമർശം: പി.സി. ജോർജ് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങി; എത്തിയത് ബി.ജെ.പി നേതാക്കൾക്കൊപ്പം
text_fieldsകോട്ടയം: മതവിദ്വേഷ പരാമർശത്തിൽ ബി.ജെ.പി നേതാവ് പി.സി. ജോർജ് പാലാ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങി. അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനിടെയാണ് അദ്ദേഹം ബി.ജെ.പി നേതാക്കൾക്കൊപ്പം കോടതിയിലെത്തി നാടകീയമായി കീഴടങ്ങിയത്.
അഭിഭാഷകൻ സിറിലും മരുമകൾ പാർവതിയുമെത്തിയതിനു പിന്നാലെ ജോർജ് കോടതിയിലെത്തുകയായിരുന്നു. താൻ കീഴടങ്ങനാണ് വന്നതെന്ന് ജോർജ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ പൊലീസ് സംഘം വീട്ടിലെത്തിയെങ്കിലും ജോർജ് സ്ഥലത്തുണ്ടായിരുന്നില്ല. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു. പിന്നാലെ രണ്ടു തവണ ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും നോട്ടീസ് കൈമാറാനായില്ല.
പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിനു പിന്നാലെ ഹാജരാകാൻ രണ്ടു ദിവസത്തെ സാവകാശം ജോർജ് തേടിയിരുന്നു. തിങ്കളാഴ്ച ഹാജരാകാമെന്നാണ് അദ്ദേഹം പൊലീസിനെ അറിയിച്ചിരുന്നത്. മറ്റു വഴികളെല്ലാം അടഞ്ഞതോടെയാണ് ഒടുവിൽ ജോർജ് കോടതിയിലെത്തി കീഴടങ്ങിയത്.
ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി.സി. ജോർജ് മതവിദ്വേഷ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസ്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈകോടതിയും പി.സി. ജോർജിന്റെ മുൻകൂർ ജാമ്യപേക്ഷ തള്ളിയിരുന്നു.
ജാമ്യാപേക്ഷ തള്ളിയ ഹൈകോടതി ജോർജിനെ രൂക്ഷമായി വിമർശിച്ചിരുന്നു. സൗഹാർദം തകർക്കുംവിധം മതത്തിന്‍റെയോ വർണത്തിന്‍റെയോ വർഗത്തിന്‍റെയോ ജന്മസ്ഥലത്തിന്‍റെയോ ഭാഷയുടെയോ പേരിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കൽ, മതത്തെയും മതവിശ്വാസങ്ങളെയും അപകീർത്തിപ്പെടുത്തുന്നതിലൂടെ മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂർവമുള്ള പ്രവൃത്തി എന്നീ കുറ്റങ്ങളാണ് ഹരജിക്കാരനെതിരെയുള്ളതെന്ന് പി.സി. ജോർജിന്റെ മുൻകൂർ ജാമ്യഹരജി തള്ളി ഹൈകോടതി നിരീക്ഷിച്ചു. മുമ്പ് കേസുകൾക്കാധാരമായ പ്രസ്താവനകളും കോടതി പരാമർശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.