മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പരാമര്‍ശം: പി.സി. ജോർജിനെതിരെ കേസെടുത്തു
text_fieldsഈരാറ്റുപേട്ട: ചാനൽ ചർച്ചക്കിടെ മതസ്പർധയും വിദ്വേഷവുമുണ്ടാക്കുന്ന പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവ് പി.സി. ജോർജിനെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു. മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി നൽകിയ പരാതിയിലാണ് കേസ്.
ചൊവ്വാഴ്ച നൽകിയ പരാതിയിൽ വെള്ളിയാഴ്ച വൈകീട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായസംഹിതയിലെ 196, 299 വകുപ്പുകൾ പ്രകാരമാണ് കേസ്. തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.
ജനുവരി ആറിന് ‘ജനം ടിവി’യില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പി.സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം. ‘മുസ്‌ലിംകൾ എല്ലാവരും പാകിസ്താനിലേക്ക് പോകട്ടെ, ഞങ്ങൾ ഇവിടെ സ്വസ്ഥമായി ജീവിക്കട്ടെ. മുസ്‌ലിംകൾ എല്ലാവരും വർഗീയവാദികൾ, ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‌ലിംകൾ കൊലപ്പെടുത്തിയിട്ടുണ്ട്, വർഗീയവാദിയല്ലാത്ത ഒരു മുസ്‍ലിമും ഇന്ത്യയിലില്ല. പി.കെ കുഞ്ഞാലിക്കുട്ടി, കെ.ടി ജലീൽ, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെല്ലാം ചേർന്ന് പാലക്കാട്ട് ബി.ജെ.പിയെ തോൽപ്പിക്കാൻ ശ്രമിച്ചു. ഈരാറ്റുപേട്ടയിൽ മുസ്‌ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചത്’ -എന്നെല്ലാമാണ് പി.സി. ജോർജ് പറഞ്ഞത്.
സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്തും
ആലുവ: മുൻ എം.എൽ.എ പി.സി. ജോർജ് മുസ്‌ലിം സമുദായത്തിനെതിരെ നടത്തിയ വിദ്വേഷ പ്രസ്താവന സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് ഇന്ത്യൻ ലോയേഴ്സ് ഫോറം. പ്രസ്താവന രാജ്യത്തിന്‍റെ നിയമവ്യവസ്ഥയെയും വ്യവസ്ഥിതിയെയും വെല്ലുവിളിക്കുന്നതാണെന്ന് സംഘടന സംസ്ഥാന പ്രസിഡൻറ് എ.എ. റസാഖ്, ജനറൽ സെക്രട്ടറി എം.പി. ഹുസൈൻ എന്നിവർ പറഞ്ഞു.
വെൽഫെയർ പാർട്ടി പരാതി നൽകി
കൽപറ്റ: പി.സി. ജോർജ് നടത്തിയ വിദ്വേഷ പരാമർശത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് പി.എച്ച്. ഫൈസൽ വയനാട് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. മതസമൂഹങ്ങൾ സൗഹാർദത്തോടെ ജീവിക്കുന്ന കേരളത്തിൽ സ്പർധയുണ്ടാക്കി വർഗീയ കലാപം സൃഷ്ടിച്ച് അതുവഴി രാഷ്ട്രീയ നേട്ടങ്ങൾക്ക് വഴിയൊരുക്കാനാണ് ജോർജ് വിദ്വേഷപ്രചാരണം വഴി ഉദ്ദേശിക്കുന്നതെന്നും പരാതിയിൽ പറയുന്നു. ജില്ല സെക്രട്ടറി സക്കീർ ഹുസൈൻ മീനങ്ങാടി, ഹംസ ഗൂഡലായി എന്നിവരും പരാതി നൽകാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.