വിദ്വേഷത്തിന് വേണ്ടത് പൊന്നാടയല്ല; പ്രതിരോധം, ചർച്ചയായി വി.ഡി സതീശന്റെ പ്രസംഗം
text_fieldsതിരുവനന്തപുരം: വിദ്വേഷപ്രസംഗത്തിനും വർഗീയ രാഷ്ട്രീയത്തിനുമെതിരെ വി.ഡി സതീശന്‍റെ പുത്തരിക്കണ്ടം പ്രസംഗം ചർച്ചയാകുന്നു. കേരള മുസ്ലിം ജമാഅത്തിന്‍റെ ആഭിമുഖ്യത്തിലുള്ള ‘കേരള യാത്ര’യുടെ മുഖ്യമന്ത്രിയടക്കം പങ്കെടുത്ത സമാപനച്ചടങ്ങിൽ നടത്തിയ 8.24 മിനിട്ട് പ്രസംഗമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ഒരേ സമയം വെള്ളാപ്പള്ളി നടേശനെ പോലെ വിദ്വേഷ പ്രസംഗം നടത്തുന്നവരെ പിന്തുണക്കുകയും മറുവശത്ത് മതേതരത്വത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന സി.പി.എമ്മിന്‍റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്ന പ്രസംഗം സദസ് പലവട്ടം തക്ബീർ മുഴക്കി സ്വീകരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
56 മിനിട്ട് നീണ്ട മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗ ശേഷമെത്തിയ സതീശൻ ‘താൻ സുദീർഘമായി സംസാരിക്കില്ലെന്ന് നിങ്ങൾ വാക്ക് തരുന്നു’ എന്ന മുഖവുരയോടെയാണ് സംസാരിച്ച് തുടങ്ങിയത്. ‘‘മതേതരത്വം ഒരു വശത്ത് പറഞ്ഞുകൊണ്ട് മറുവശത്ത് വിദ്വേഷ പ്രസംഗം നടത്തുന്നവരെ നമ്മൾ പൊന്നാടയിട്ട് സ്വീകരിക്കരുത്. മതേതരത്തിനെതിരെ സംസാരിക്കുകയും വേറൊരാളെകൊണ്ട് വിദ്വേഷം പ്രസംഗിപ്പിക്കുകയും പിറ്റേയാഴ്ച അയാൾക്ക് പോയി പൊന്നാട ഇടുകയും ചെയ്യുന്നത് ശരിയല്ല. കാറിൽ കയറ്റിയാലൊന്നും കുഴപ്പമില്ല, പക്ഷെ കാറിൽ കയറ്റുന്നത് സൂക്ഷിച്ചുവേണം.
അവർ വിദ്വേഷം പ്രസംഗിക്കുന്നവർ ആകരുത് എന്ന് ഉറപ്പുവരുത്തണം. അതിനെതിരായി ചെറുത്തുനിൽക്കാനും പ്രതിരോധം സൃഷ്ടിക്കാനും മനസ്സുണ്ടാകണം. അതിന് കാപട്യമല്ല വേണ്ടത്. വോട്ട് നഷ്ടപ്പെട്ടാൽ വോട്ട് പോകട്ടെ എന്നും തെരഞ്ഞെടുപ്പിൽ തോറ്റാൽ തോറ്റുപോകട്ടെ എന്നും വിചാരിക്കണം. മതേതരത്വത്തിൽ തൊട്ടുകളിച്ചാൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കണം. വാക്കു പറഞ്ഞാൽ വാക്കായി അതിന്റെ കൂടെ നിൽക്കണം. ഇരട്ടത്താപ്പും കാപട്യവും പാടില്ല. തെരഞ്ഞെടുപ്പിൽ തോറ്റാലും നിരവധി തെരഞ്ഞെടുപ്പുകളിൽ തോറ്റാലും മതേതരത്വം ബലികഴിച്ചുകൊണ്ടുള്ള ഒരു ‘കോംപ്രമൈസി’നും തയാറാവില്ലെന്നതാണ് തനിക്ക് നൽകാനുള്ള വാക്കും ഉറപ്പും’’. വിഭജനകാലത്ത് ഡൽഹിയിലെ ജാമിയ മില്ലിയ സർവകലാശാല കത്തിക്കാൻ വന്ന അക്രമി സംഘത്തെ ഒരു രാവും പകലും പട്ടാളത്തിന്റെ അകമ്പടിയില്ലാതെ നേരിടുകയും കാവൽ നിൽക്കുകയും ചെയ്ത ജവഹർലാൽ നെഹ്റുവിന്റെ രക്തമാണ് നമ്മുടെ സിരകളിൽ ഉണ്ടാകേണ്ടതെന്നും സതീശൻ കൂട്ടിച്ചേർക്കുന്നു. സതീശൻ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴേക്ക് മുഖ്യമന്ത്രി മടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

