കോഴിക്കോട്: അപകീർത്തികരമായ ലേഖനം എഴുതിയതിന് ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാല വിദ്യാർഥികൾ വലതുപക്ഷ പോർട്ടലായ ഒാപ് ഇന്ത്യക്ക് വക്കീൽ നോട്ടീസ് അയച്ചു. മലയാളി വിദ്യാർഥികളായ ലദീദ ഫർസാന, അയിശ റെന്ന എന്നിവരാണ് വക്കീൽ നോട്ടീസ് അയച്ചത്.
50 ലക്ഷം നഷ്ടപരിഹാരവും നിരുപാധികം മാപ്പ് അപേക്ഷിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. കലാപത്തിന് ആഹ്വാനം ചെയ്തത് ലദീദ ഫർസാന, അയിശ റെന്ന ആണെന്നും ലേഖനത്തിൽ ആരോപിച്ചിരുന്നു.
പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറിയ വിദ്യാർഥികളാണ് അയിശ റെന്നയും ലദീദ ഫർസാനയും. ജാമിഅ മില്ലിയ്യയിലെ രണ്ടാം വർഷ എം.എ ഹിസ്റ്ററി ബിരുദ വിദ്യാർഥിനിയായ റെന്ന കൊണ്ടോട്ടി കാളോത്ത് സ്വദേശിയാണ്. കണ്ണൂർ സ്വദേശിയായ ലദീദ ഫർസാന ബി.എ അറബിക് ഒന്നാം വർഷ വിദ്യാർഥിനിയാണ്.
പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളിൽ ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാലയിൽ നേതൃപരമായ പങ്കുവഹിച്ചത് ലദീദയും അയിശയും അടക്കമുള്ള വിദ്യാർഥിനികളായിരുന്നു.