Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെട്ടിയിലെ വോട്ടിൽ...

പെട്ടിയിലെ വോട്ടിൽ വ്യക്തത വന്നോ?

text_fields
bookmark_border
പെട്ടിയിലെ വോട്ടിൽ വ്യക്തത വന്നോ?
cancel

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ പോളിങ്ങിന്റെ കൃത്യമായ കണക്ക് പുറത്തുവിടുന്നില്ലെന്നത് സംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്കിടെ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമീഷൻ. ഒന്നും മറച്ചുവെക്കാനില്ലെന്നും എല്ലാം സുതാര്യമായാണ് നടന്നതെന്നും വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ പലർക്കും വോട്ട് ചെയ്യാൻ അവസരം ലഭിച്ചില്ലെന്ന വാദത്തെയും അദ്ദേഹം ഖണ്ഡിച്ചു. എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം ഒരുക്കിയെന്നും പരാതിയുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടെടുപ്പ് ദിനത്തിലെ പോളിങ് ശതമാനം അന്നുരാത്രി 10.30ഓടെ പുറത്തുവന്നെങ്കിലും അതിനുമുമ്പ് നടന്ന വീട്ടിൽവോട്ടും ഫെസിലിറ്റേഷൻ സെന്‍ററിലൂടെ നടന്ന വോട്ടെടുപ്പിന്‍റെ കണക്കും വ്യക്തമാക്കാത്തതിലാണ് രാഷ്ട്രീയ പാർട്ടികൾ ഉൾപ്പടെ പരാതി ഉന്നയിച്ചത്.

വോട്ടെടുപ്പ് പൂർത്തിയായി ദിവസങ്ങൾ പിന്നിട്ടിട്ടും ശതമാനത്തിന്റെ കൃത്യമായ കണക്ക് പുറത്തുവിടാത്തതിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതിഷേധം അറിയിച്ചിരുന്നു. നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പോളിങ് വിവരങ്ങളും പോസ്റ്റൽ വോട്ടിങ് നിലയും അടിയന്തരമായി പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർക്ക് കത്തയക്കുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ വാർത്തസമ്മേളനം വിളിച്ചത്. വോട്ടെടുപ്പ് ദിനത്തിൽ ഓരോ ജില്ലയിലും വോട്ടുയന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടിന്‍റെ എണ്ണവും ശതമാനവും രേഖപ്പെടുത്തിയ പകർപ്പ് മാധ്യമങ്ങൾക്ക് നൽകി. എന്നാൽ, ഓരോ ജില്ലയിലെയും ‘വീട്ടിൽ വോട്ടും’ ഫെസിലിറ്റേഷൻ സെന്‍ററിലെ വോട്ടും പ്രത്യേകമായി നൽകാതെ ഒറ്റക്കണക്കായാണ് നൽകിയത്. സംസ്ഥാനത്തെ പോളിങ് 1.36 ശതമാനം വർധിച്ച് 79.63 ശതമാനത്തിലേക്ക് ഉയർന്നത് വ്യക്തമാക്കിയെങ്കിലും ഓരോ ജില്ലയിലെയും വർധന ജില്ല തിരിച്ച് വ്യക്തമാക്കിയില്ല. വോട്ടെടുപ്പ് ദിനത്തിലെ ശതമാനം സംസ്ഥാനത്ത് 78.27 ആണ്. എന്നാൽ, ഓരോ ജില്ലയിലും എത്രവീതം വർധിച്ചെന്ന കണക്ക് വന്നിട്ടില്ല.

കണക്കുകൾ മനഃപൂർവം വൈകിപ്പിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കുമ്പോഴും തിടുക്കത്തിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ ഓരോ ജില്ല തിരിച്ച് കണക്ക് നൽകാൻ തയാറായില്ല. വരണാധികാരികൾ കണക്കുകൾ ക്രോഡീകരിച്ച് പൂർത്തിയാക്കിയ ഉടൻ വിവരങ്ങൾ പുറത്തുവിടുമെന്നും ഓരോ ബൂത്തിലെയും കണക്ക് രാഷ്ട്രീയ പാർട്ടി ഏജന്റുമാർക്ക് നൽകിയെന്നുമാണ് കമീഷൻ വിശദീകരിച്ചത്.

ഇനി സർവിസ് വോട്ടുകൾ മാത്രമാണ് ഉൾപ്പെടുത്താനുള്ളതെന്നും വോട്ടെണ്ണലിനുമുമ്പ് ഇൻഡെക്സ് കാർഡിലൂടെ പോൾചെയ്ത വോട്ടിന്‍റെ കൃത്യമായ എണ്ണം അറിയാമെന്നും കമീഷൻ വിശദീകരിക്കുന്നു. സാധാരണ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഒരുദിവസത്തിനുള്ളിൽ കൃത്യമായ കണക്ക് വരുമെന്നിരിക്കെ ആദ്യമായാണ് ഇത്രയും ദിവസം വൈകുന്നതെന്നാണ് ആക്ഷേപം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PollingElection CommisonKerala Assembly Election 2026
News Summary - Has there been clarity on the votes in the boxes?
Next Story