ഹർത്താൽ: മലപ്പുറത്ത് 250ഒാളം പേർ അറസ്റ്റിൽ; 80 പേരെ റിമാൻഡ് ചെയ്തു
text_fieldsമലപ്പുറം: തിങ്കളാഴ്ച സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹർത്താലിനിടെ ഉണ്ടായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ ശക്തമായ നടപടിയുമായി പൊലീസ്. ജില്ലയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അറസ്റ്റ് ചെയ്യപ്പെട്ടത് 250ഒാളം പേർ. 80 പേരെ റിമാൻഡ് ചെയ്തു. അറസ്റ്റിലായവരുടെ ഫോണുകൾ പിടിച്ചെടുത്തു.
കസ്റ്റഡിയിലെടുത്ത് വിട്ടവരോടും ജാമ്യം ലഭിച്ചവരോടും ഫോണുമായി ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അവയിലുള്ള വാട്ട്സാപ്പ് സന്ദേശങ്ങളും മറ്റും സൈബൽ സെൽ പരിശോധിക്കും. പൊലീസുകാരെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തവർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ദേബേഷ് കുമാർ ബെഹ്റ അറിയിച്ചു.
താനൂരിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആളെകൂട്ടാൻ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. എടക്കര, പൊന്നാനി, താനൂർ, മഞ്ചേരി എന്നിവിടങ്ങളിൽ പൊലീസുകാർക്കെതിരെ അക്രമമഴിച്ചുവിട്ട കൂടുതൽ പേരെ കെണ്ടത്താൻ ചൊവ്വാഴ്ച വ്യാപക തിരച്ചിൽ നടത്തി. ഹർത്താലുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച തന്നെ വിവിധ സ്ഥലങ്ങളിലായി നൂറോളം പേരെ അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച നടത്തിയ തിരച്ചിലിനൊടുവിലാണ് 150ഒാളം പേർകൂടി പിടിയിലായത്.
ഇവരുപയോഗിച്ച ഏതാനും വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. പൊലീസിെൻറ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും പൊതു മുതൽ നശിപ്പിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ 80പേർ റിമാൻഡിലായി. മലപ്പുറം സബ്ഡിവിഷനിൽ മാത്രം 34 കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ഇതിൽ പത്തെണ്ണം ജാമ്യമില്ല വകുപ്പുകൾ പ്രകാരമുള്ളതാണ്.
മഞ്ചേരിയിൽ പത്തും അരീക്കോട് എട്ടും പേർ റിമാൻഡിലായി. വേങ്ങര സ്റ്റേഷൻ പരിധിയിൽ കെ.എസ്.ആർ.ടി.സി ബസ് തകർത്തതിന് ഏഴ് പേരെ പിടികൂടി. കൊണ്ടോട്ടി- പത്ത്, മലപ്പുറം-ഏഴ്, തിരൂരങ്ങാടി-മൂന്ന്, തേഞ്ഞിപ്പലം-12 എന്നിങ്ങനെയാണ് മറ്റു സ്റ്റേഷനുകളിൽ അറസ്റ്റിലായവരുടെ എണ്ണം. തിരൂരിൽ 68 പേർ പിടിയിലായി. ഇവരിൽ 40 പേർ റിമാൻഡിലാണ്.
താനൂരിൽ അറസ്റ്റിലായ എട്ട് േപരെ റിമാൻഡ് ചെയ്തു. പരപ്പനങ്ങാടിയിൽ 12 പേരെ അറസ്റ്റ് ചെയ്തു. ചങ്ങരംകുളം, പൊന്നാനി, കുറ്റിപ്പുറം, കാടാമ്പുഴ, വളാഞ്ചേരി, വളാഞ്ചേരി, കോട്ടക്കൽ എന്നിവിടങ്ങളിലും അറസ്റ്റുണ്ട്. സംഘർഷത്തിെൻറ വിഡിേയാ പരിശോധിച്ച് അക്രമി സംഘത്തിൽ ഉൾപ്പെട്ട മുഴുവൻ പേരേയും പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, സംഘർഷത്തെതുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച തിരൂർ, താനൂർ, പരപ്പനങ്ങാടി സ്റ്റേഷൻ പരിധികളിൽ സ്ഥിതി ശാന്തമാണ്.
വ്യാപാര സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് താനൂരിൽ ചൊവ്വാഴ്ച വ്യാപാരികൾ നടത്തിയ ഹർത്താൽ പൂർണ്ണമായിരുന്നു. താനൂർ മേഖലയിൽ സംഘർഷം തടയാൻ സായുധ കാവൽ ഏർപ്പെടുത്തി. ഹർത്താലിനുശേഷം തീരമേഖലയിൽ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിരീക്ഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. കഠ്വ സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹർത്താൽ. ഒട്ടുമിക്ക സ്ഥലങ്ങളിലും കൗമാരക്കാരും യുവാക്കളുമാണ് ഹർത്താൽ വിജയിപ്പിക്കാൻ രംഗത്തിറങ്ങിയത്.
സാമൂഹിക മാധ്യമങ്ങൾ വഴി നടന്നത് കലാപത്തിനുള്ള ശ്രമമെന്ന് സി.പി.എം
തിരൂർ: സാമൂഹിക മാധ്യമ ഹർത്താലിെൻറ മറവിൽ തിരൂർ, താനൂർ, പരപ്പനങ്ങാടി മേഖലകളിൽ വർഗീയ കലാപമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സി.പി.എം ജില്ല നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി, മുസ് ലിം ലീഗ് നേതൃത്വത്തിൽ മത വർഗീയത ഉപയോഗിച്ചാണ് അക്രമങ്ങൾ നടത്തിയത്.
താനൂരിൽ ഉത്തരേന്ത്യൻ മാതൃകയിൽ പ്രത്യേക വിഭാഗത്തിെൻറ കടകൾ കുത്തി തുറന്ന് കൊള്ളയടിച്ചു. അടച്ചിട്ട കടകൾ പോലും തകർത്തു. താനൂരിലെ പടക്കകട അക്രമിച്ച് പടക്കങ്ങൾ മോഷ്ടിക്കുകയും ഇവ കൂട്ടിയിട്ട് കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ക്ഷേത്രങ്ങൾ അക്രമിക്കപ്പെട്ടുവെന്ന് വ്യാജ പ്രചാരണം നടത്തി ആർ.എസ്.എസും കലാപത്തിന് ശ്രമിച്ചു. മുസ്‌ലിം ലീഗ് പ്രാദേശിക നേതാക്കൾ കലാപത്തിന് അനുകൂലമായി നിന്നു. ലീഗ് എം.എൽ.എ എം. ഉമ്മർ ഉൾെപ്പടെയുള്ളവർ പ്രതികളെ വിട്ടുകിട്ടാൻ പൊലീസ് സ്റ്റേഷനിലെത്തി. ഈ അക്രമങ്ങൾക്ക് മൗനസമ്മതം നൽകുന്ന നിലപാടാണ് യു.ഡി.എഫ് നേതാക്കൾ പൊതുവിൽ സ്വീകരിച്ചത്.
വാട്സ്ആപ്പ് കൂട്ടായ്മ എന്ന പേരിൽ നടന്ന ഹർത്താലിൽ തെറ്റിദ്ധരിക്കപ്പെട്ട് ധാരാളം പേരും പങ്കെടുത്തിട്ടുണ്ട്. കള്ള പ്രചാരണത്തിൽ പൊതുജനങ്ങൾ വഞ്ചിതരാകരുതെന്നും വർഗീയ കലാപമുണ്ടാക്കാനുള്ള നീക്കങ്ങൾ ചെറുത്ത് മതസൗഹാർദം കാത്തു സൂക്ഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.പി. സഖറിയ, ഇ. ജയൻ, ജില്ല കമ്മിറ്റി അംഗങ്ങളായ കൂട്ടായി ബഷീർ, അഡ്വ. പി. ഹംസക്കുട്ടി എന്നിവർ പങ്കെടുത്തു.
വിഭാഗീയതയുണ്ടാക്കുന്ന പ്രതിഷേധങ്ങള്‍ പാടില്ല -ഹൈദരലി തങ്ങള്‍
മലപ്പുറം: കഠ്വയിലെ പെൺകുട്ടിക്കൊപ്പം രാജ്യം ഒറ്റക്കെട്ടായി നിൽക്കവെ, ഐക്യദാര്‍ഢ്യത്തില്‍ വിള്ളല്‍ വരുത്തുന്നതും സമാധാനാന്തരീക്ഷത്തിന് കോട്ടമുണ്ടാക്കുന്നതുമായ പ്രതിഷേധങ്ങള്‍ അനഭിലഷണീയമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ.
വര്‍ഗീയ ഫാഷിസ്റ്റ് ശക്തികൾക്കും സാമൂഹിക വിരുദ്ധർക്കുമെതിരെ രാജ്യം കൈകോര്‍ത്ത് നില്‍ക്കുന്നെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു കഠ്വ, ഉന്നാവ് സംഭവങ്ങളിലുണ്ടായ പ്രതികരണം. എന്നാൽ, സമൂഹം ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ അതില്‍നിന്ന് ശ്രദ്ധ തിരിക്കാനും വര്‍ഗീയസ്വഭാവവും സ്പര്‍ധയും സൃഷ്ടിക്കാനും ചില കേന്ദ്രങ്ങള്‍ ആസൂത്രിതശ്രമം നടത്തുന്നുണ്ട്.
സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രകോപനപരമായ പ്രചാരണങ്ങള്‍ക്കും വഴിവിട്ട പ്രതിഷേധങ്ങള്‍ക്കും അരങ്ങൊരുക്കുന്നവര്‍ ഇരയെ നശിപ്പിച്ചവരുടെ താല്‍പര്യങ്ങളിലേക്കും അവര്‍ ഒരുക്കുന്ന കെണിയിലേക്കുമാണെത്തുന്നത്. പ്രതിഷേധവും രോഷവും വഴിവിട്ട രീതിയില്‍ പ്രകടിപ്പിക്കുന്നത് പൊതുസമൂഹത്തിന് ദ്രോഹകരമാണ്. ഇത് ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതക്ക് കാരണമാകുമെന്നും തങ്ങള്‍ പറഞ്ഞു.
ഹർത്താൽ മറവിൽ തീവ്രവാദ സംഘടനകൾ അഴിഞ്ഞാടി -ആര്യാടൻ
നിലമ്പൂർ: തിങ്കളാഴ്ച നടന്ന ഹർത്താലിെൻറ മറവിൽ വർഗീയ തീവ്രവാദ സംഘടനകൾ അഴിഞ്ഞാടിയെന്ന് കോൺഗ്രസ് നേതാവ് ആര‍്യാടൻ മുഹമ്മദ്. യുവാക്കളെ തെറ്റിദ്ധരിപ്പിച്ചാണ് ജനകീയ ഹർത്താൽ നടത്തിയതെന്നും അദ്ദേഹം നിലമ്പൂരിൽ മാധ‍്യമപ്രവർത്തകരോട് പറഞ്ഞു.
എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി സംഘടനകളാണ് പിന്നിൽ പ്രവർത്തിച്ചത്. കശ്മീരിലുണ്ടായ ദാരുണസംഭവത്തെ മതപരമായിത്തന്നെ നേരിടുന്ന രീതിയിലായിരുന്നു ആസൂത്രണം. പിന്നാക്ക-ദലിത് വിഭാഗങ്ങൾ അടുത്തിടെ നടത്തിയ ഹർത്താൽ നേരിടാൻ മുൻകരുതലെടുത്ത സർക്കാർ ജനകീയ ഹർത്താലിൽ ഈ മുൻകരുതൽ സ്വീകരിച്ചില്ല. ഇൻറലിജൻസിെൻറ പൂർണ പരാജയമാണിതെന്നും ആര‍്യാടൻ പറഞ്ഞു.
അക്രമസംഭവങ്ങൾ അപലപനീയം -ഡി.സി.സി പ്രസിഡൻറ്
മലപ്പുറം: കഴിഞ്ഞ ദിവസം നടന്ന ഹർത്താലിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമസംഭവങ്ങൾ അപലപനീയമാണെന്ന് ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോ സംഘടനകളോ ആഹ്വാനം ചെയ്യാത്ത ഹർത്താലിൽ നിരവധി അക്രമസംഭവങ്ങളാണുണ്ടായത്. അക്രമസംഭവങ്ങൾ മുൻകൂട്ടി കാണാനോ വേണ്ട കരുതൽ നടപടികൾ സ്വീകരിക്കാനോ സംസ്ഥാന സർക്കാറിന് കഴിഞ്ഞില്ല. സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം നടത്തി ചില സംഘടനകൾ മുതലെടുപ്പു നടത്താൻ ശ്രമിച്ചതിെൻറ ഫലമാണ് ഹർത്താലും തുടർന്നുണ്ടായ സംഭവങ്ങളുമെന്ന് വി.വി. പ്രകാശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
