ഹർത്താൽ ആക്രമണം: മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ
text_fieldsകക്കട്ടിൽ (കോഴിക്കോട്): ഹർത്താൽ ദിവസം കാർ തടഞ്ഞ് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനെൻറ മകൻ ജൂലിയസ് നികിതാസിനെയും മരുമകളും മാധ്യമപ്രവർത്തകയുമായ സാനിയോ മനോമിയെയും കാർ തടഞ്ഞ് ആക്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. നിട്ടൂർ ഏരത്ത് സുധീഷ് (39), അമ്പലക്കുളങ്ങര പൊയ്കയിൽ മീത്തലെ കരിമ്പാച്ചേരി ശ്രീജു (33), അമ്പലക്കുളങ്ങര കല്ലുള്ളപറമ്പത്ത് അശ്വിൻ (22) എന്നിവരെയാണ് കുറ്റ്യാടി സി.ഐ എൻ. സുനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
പ്രതികൾ ആർ.എസ്.എസ് പ്രവർത്തകരാണ്. സുധീഷിനെ വീട്ടിൽനിന്നും ശ്രീജുവിനെയും അശ്വിനെയും അമ്പലക്കുളങ്ങരയിൽ വെച്ചുമാണ് പിടികൂടിയത്. ജൂലിയസ് നികിദാസ്, ഭാര്യ സാനിയോ മനോമി എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അനധികൃതമായി സംഘംചേരൽ, മാരകായുധമേന്തി കലാപം, വധശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. അക്രമത്തിന് നേരിട്ട് പങ്കെടുത്ത പത്തു പേർക്കെതിരെയും കേസെടുത്തതായി സി.ഐ പറഞ്ഞു. പ്രതികളെ നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു.
