ഹാരിസിന്റെ ദുരൂഹ മരണം: സി.ബി.ഐ അന്വേഷണത്തിൽ പ്രതീക്ഷയോടെ കുടുംബം
text_fieldsഹാരിസ്
കുന്ദമംഗലം: കോഴിക്കോട് ഈസ്റ്റ് മലയമ്മ പാറമ്മൽ കുറുപ്പൻതൊടികയിൽ ഹാരിസിന്റെ ദുരൂഹമരണത്തിൽ സി.ബി.ഐ അന്വേഷണത്തിൽ പ്രതീക്ഷയർപ്പിച്ച് കുടുംബം.
കൊല്ലപ്പെട്ട ഹാരിസിന്റെ മാതാവ് ടി.പി. സാറാബി നൽകിയ ഹരജിയിൽ കൊലപാതകക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കഴിഞ്ഞദിവസം ഹൈകോടതി ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തിൽ കേസ് തെളിയിക്കപ്പെടുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.
''എന്റെ മകൻ കൊല്ലപ്പെട്ടതാണ്. ഏതറ്റം വരെ പോയാലും പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരും''-ഹാരിസിന്റെ മാതാവ് പറഞ്ഞു. ''കേരള പൊലീസിൽ വിശ്വാസമില്ലാത്തതുകൊണ്ടല്ല, അന്യരാജ്യത്ത് നടന്ന സംഭവമായതുകൊണ്ടാണ് സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തത്.
കേരള പൊലീസിന്റെ ശക്തമായ ഇടപെടൽ കൊണ്ടാണ് കേസ് ഈ നിലയിൽ എത്തിയത്. അബൂദബിയിൽ നടന്ന സംഭവമായതിനാൽ കേരള പൊലീസിന് അന്വേഷണത്തിൽ പരിമിതി ഉണ്ടാകും''-ബന്ധുക്കൾ കൂട്ടിച്ചേർത്തു.
ഒരാഴ്ചക്കകം നാട്ടിലെത്തുമെന്ന് അറിയിച്ചശേഷം 2020 മാർച്ച് അഞ്ചിനാണ് ഹാരിസിനെ അബൂദബിയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് വൈകീട്ട് വരെ നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നു. ഫ്ലാറ്റിൽ കൈഞരമ്പ് മുറിച്ച നിലയിൽ ഹാരിസ് മരിച്ച വിവരം പുലർച്ച മൂന്നുമണിക്കാണ് അബൂദബിയിൽനിന്ന് സുഹൃത്തിനെ അറിയിച്ചത്.
നിലമ്പൂരിലെ പാരമ്പര്യ വൈദ്യനെ ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിൻ അഷ്‌റഫ് പിടിയിലായതോടെയാണ് ഹാരിസിന്റെ മരണം കൊലപാതകമാണെന്ന പരാതി ഉയർന്നത്. ഷൈബിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായിരുന്നു ഹാരിസ്.
ഷൈബിന്റെ നിർദേശ പ്രകാരം അബൂദബിയിൽ വെച്ച് ഹാരിസിനെ കൊല ചെയ്തതായി പ്രതികൾ മാസങ്ങൾക്കുമുമ്പ് സെക്രട്ടേറിയറ്റിനുമുന്നിൽ പരസ്യ കുറ്റസമ്മതം നടത്തിയിരുന്നു. നിലമ്പൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹാരിസിന്റെ മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്‌മോർട്ടം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

