'അതീവ ഗുരുതരാവസ്ഥയിലായ രോഗിയെ തറയിൽ കിടത്തുന്നത് പ്രാകൃതം' വേണുവിന്‍റെ മരണത്തിൽ വിമർശനവുമായി ഹാരിസ് ചിറക്കൽ
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാത്തിനെ തുടർന്ന് ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ഡോക്ടർ ഹാരിസ് ചിറക്കൽ. ഗുരുതര സ്വഭാവ രോഗമുള്ളവരെ തറയിൽ കിടത്തി ചികിത്സിക്കുന്നത് പ്രാകൃത നടപടിയാണെന്ന് ഡോ. ഹാരിസ് ചിറക്കൽ പ്രതികരിച്ചു.
വേണുവിനെ തറയിൽ കിടത്തിയ നടപടിയിലാണ് ഡോക്ടർ ഹാരിസിന്റെ വിമർശനം. തറയിൽ എങ്ങനെയാണ് രോഗിയെ കിടത്തുന്നതെന്ന് ഡോ. ഹാരിസ് ചോദിച്ചു. എങ്ങനെ നിലത്ത് കിടത്തി ചികിത്സിക്കാനാകും? നാടാകെ മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് കാര്യമില്ലെന്ന് പറഞ്ഞ ഡോക്ടർ ഹാരിസ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇത് പ്രാകൃതമായ നിലവാരമെന്നും ഹാരിസ് അഭിപ്രായപ്പെട്ടു.
കൊല്ലം സ്വദേശിയായ വേണുവിന് തിരുവനന്തപുരത്തേക്ക് വരണ്ട അവസ്ഥ എങ്ങനെയുണ്ടായി? നാടെങ്ങും മെഡിക്കൽ കോളജുകൾ ഉണ്ടായിട്ട് കാര്യമില്ല, ജില്ലാ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകൾ ഒരുക്കണമെന്നും ഹാരിസ് പറഞ്ഞു. തിരുവനന്തപുരത്ത് മെഡിക്കൽ സർവീസ് സെന്റർ സംഘടിപ്പിച്ച പൊതുജനാരോഗ്യ നയം സെമിനാറിൽ സംസാരിക്കുകയായിരുന്നു ഡോക്ടർ ഹാരിസ്.
'രോഗിയായ ഒരാളെ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കാനാകുക? സംസ്കാരമുള്ള ഒരാൾക്ക് എങ്ങനെ ഇവിടെ പോകാനാകും? ഞാനൊക്കെ തുടങ്ങിവരുന്ന 1986 കളിൽ നിന്നും ഇപ്പോഴും വ്യത്യാസമില്ല. കാലം ഇത്ര പുരോഗമിച്ചിട്ടും പ്രാകൃതമായ നടപടി തുടരുന്നത് എങ്ങനെ അംഗീകരിക്കാനാകും. ശ്വാസം മുട്ടിയും കാൻസർ ബാധിച്ചും വരുന്ന രോഗികളെ തറയിൽ കിടത്തുന്നത് ഒരു നിലക്കും നമ്മുടെ സംസ്കാരവുമായി ചേർത്തുവെക്കാനാകില്ല.' ഡോക്ടർ കൂട്ടിച്ചേർത്തു.
പന്മന സ്വദേശിയായ വേണു മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. വേണുവിന്റെ മരണത്തിന് കാരണം ആശുപത്രിയുടെ അനാസ്ഥ ആണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. അതിനിടെ താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് റിപ്പോർട്ട് തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

