ഫിറോസ് കുന്നുപറമ്പിലിനെതിരെ വിമർശനവുമായി ഹരീഷ് വാസുദേവൻ
text_fieldsകോഴിക്കോട്: ചാരിറ്റി പ്രവർത്തനങ്ങൾ പുനരാരംഭിച്ച ഫിറോസ് കുന്നുപറമ്പിലിനെ രൂക്ഷമായി വിമർശിച്ച് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. എഫ്.ബി. പോസ്റ്റിലൂടെയാണ് ഹരീഷ് രൂക്ഷ വിമർശനം നടത്തിയത്. പിരിവും കണക്കും സംബന്ധിച്ച ചോദ്യങ്ങൾ വന്നപ്പോൾ ഫേസ്ബുക്കിലെ പരിപാടി നിർത്തിയെന്നും ഇപ്പോൾ വിദേശ രാജ്യങ്ങളിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് പിരിവെന്നും അദ്ദേഹം പറയുന്നു.
നോമ്പ് കാലമായത് കൊണ്ട് ഇരകളെ കിട്ടാനും ബുദ്ധിമുട്ടില്ല. ആളുകളുടെ മനസിലെ നന്മ പണമായി ഊറ്റുക തന്നെ. സർക്കാറിന്‍റെ അംഗീകാരം ഉണ്ടെന്നാണ് പണം കൊടുക്കുന്നവർ വിചാരിക്കുന്നത്. എന്ത് അംഗീകാരമാണെന്നും ഹരീഷ് ചോദിച്ചു.
ജില്ലാ കലക്ടർമാർക്ക് സോഷ്യൽ സെക്യൂരിറ്റി മിഷന്‍റെ ജില്ലാതല അക്കൗണ്ടുകൾ തുടങ്ങിയാൽ ഇതേസഹായം ചെയ്തുകൂടെയെന്ന് ചോദിക്കുന്ന ഹരീഷ്, ഈ മേഖലയിലെ തട്ടിപ്പുകൾ അതുവഴി തടയാനാവില്ലേ എന്നും ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
നന്മമരം ഫിറോസ് ഇക്കയുടെ ഒരു ഓഡിയോ വാട്ട്സ്ആപ്പിൽ കേട്ടു. പിരിവും കണക്കും സംബന്ധിച്ച ചോദ്യങ്ങൾ വന്നു നിവൃത്തി കെട്ടപ്പോൾ ഫേസ്ബുക്കിലെ പരിപാടി നിർത്തിയിരുന്നല്ലോ. ഇപ്പോൾ പടച്ചോനായിട്ടു കൊണ്ടുതന്ന വഴിയാണ് വാട്ട്സ്ആപ്പ് എന്നാണ് ഫിറോസ് തന്നെ പറയുന്നത്.
ഇപ്പോൾ വിദേശ രാജ്യങ്ങളിൽ കുറേ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് പിരിവ്. നോമ്പ് കാലമായത് കൊണ്ട് ഇരകളെ കിട്ടാനും ബുദ്ധിമുട്ടില്ല. ആളുകളുടെ മനസിലെ നന്മ പണമായി ഊറ്റുക തന്നെ. ഗൾഫ് മുതൽ ആഫ്രിക്ക വരെയെത്തിയിട്ടുണ്ട് ഇപ്പോൾ. സർക്കാറിന്‍റെ അംഗീകാരം ഉണ്ടെന്നൊക്കെയാണ് പണം കൊടുക്കുന്നവർ വിചാരിക്കുന്നത്. എന്ത് അംഗീകാരം !!!!
1000 കിറ്റിന്‍റെ പേരിൽ ഒരു ലക്ഷം കിറ്റിന്‍റെ കാശ് അക്കൗണ്ടിലാകും. എന്ത് കണക്ക്, ആരെ ബോധിപ്പിക്കാൻ !! സീസണായപ്പോൾ ഇറങ്ങുക തന്നെ എന്ന് ഇക്കയും കരുതി. പറഞ്ഞ വാക്കല്ലേ മാറ്റാൻ പറ്റൂ. ഫേസ്‌ബുക്കിൽ തന്നേ ഇറങ്ങി. എനിക്ക് ചാരിറ്റി ചെയ്യാതെ ഉറക്കമില്ല എന്ന ലൈൻ..
ഒരു സംശയം, ജില്ലാ കലക്ടർമാർക്ക് സോഷ്യൽ സെക്യൂരിറ്റി മിഷന്‍റെ ജില്ലാതല അക്കൗണ്ടുകൾ തുടങ്ങിയാൽ ഇതേ സഹായം ചെയ്തുകൂടെ? ഈ മേഖലയിലെ തട്ടിപ്പുകൾ അതുവഴി തടഞ്ഞു കൂടെ?
ഫിറോസ് കുന്നുപറമ്പിന്‍റെ എഫ്.ബി പോസ്റ്റ്:
നമുക്ക് തുടങ്ങാം.........
കള്ള പ്രചരണങ്ങളും എഡിറ്റിങ് വീഡിയോസ് ഉണ്ടാക്കി വിവാദങ്ങൾ സൃഷ്ടിക്കുന്ന ഫേക്ക് പേജുകളും, നിരന്തരം ആക്രമിക്കുന്ന സൈബർ ഗുണ്ടകളും, ചെയ്യുന്ന പ്രവർത്തനത്തിന് സമാധാനം തരാതായപ്പോഴാണ് എല്ലാം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം കൂടാനാഗ്രഹിച്ച് ചാരിറ്റി അവസാനിപ്പിച്ചത്, പക്ഷെ എല്ലാം അവസാനിപ്പിച്ചിട്ടും പിൻ തുടർന്ന് ആക്രമിച്ച് കൊണ്ടിരിക്കുന്ന ഇത്തരക്കാർക്ക് മുന്നിൽ ഇനി മാറിനിൽക്കുന്നതിൽ അർഥമില്ല അവസാനിപ്പിടത്ത് നിന്നും ഞാൻ തുടരുകയാണ്. നാളെ മുതൽ നിങ്ങൾ ആഗ്രഹിച്ചിരുന്ന ഇഷ്ടപ്പെട്ടിരുന്ന ആ പഴയ ഫിറോസ് കുന്നംപറമ്പിൽ നിങ്ങൾക്ക് മുന്നിൽ നിങ്ങളെ തേടിയിറങ്ങുകയാണ് ആ സ്നേഹവും സപ്പോർട്ടും പ്രാർഥനയും തുടർന്നും ഉണ്ടാവണം ...........
NB: തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഉറപ്പായും ശിക്ഷ ലഭിക്കണം. എനിക്കെതിരെ ഫേസ്ബുക്കിൽ കുരക്കുന്നവരോട് നിങ്ങളുടെ കയ്യിൽ എനിക്കെതിരെ എന്ത് തെളിവുണ്ടെങ്കിലും പൊലീസിൽ ബന്ധപ്പെടു പരാതി നൽകൂ.......

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.